Prathikarana Vedhi

മാധ്യമധര്‍മം പണത്തിന് അടിമപ്പെടുമ്പോള്‍

അഞ്ജു പ്രഭീഷ്

സത്യസന്ധമായ വാര്‍ത്തകളിലൂടെ സമൂഹത്തില്‍ ക്രിയാത്മകമായ മാറ്റങ്ങള്‍ക്കു തിരികൊളുത്തിയ ഒരു മാധ്യമസംസ്കാരം നമുക്കുണ്ടായിരുന്നു.ഇന്നത്‌ വെറും കേട്ടുകേള്‍വി മാത്രമായി അവശേഷിക്കുന്നു.ആരാണ് അതിനു കാരണക്കാര്‍?ഒരുപരിധി വരെ നമ്മളും അതിന്റെ കാരണക്കാര്‍ തന്നെയല്ലേ.?.നേരിന്റെ വഴിയില്‍ നടന്നിരുന്ന മാധ്യമങ്ങള്‍ക്ക് ഇന്ന് വേണ്ടത് കുത്തഴിഞ്ഞ മസാലക്കഥകളും അതുവഴിയുള്ള റേറ്റിങ്ങും മാത്രമല്ലേ..? പീഡനമെന്നു കേട്ടാലുടനെ തന്നെ കയറെടുക്കുന്ന മാധ്യമപ്രവര്‍ത്തകര്‍ ആ വാര്‍ത്തയില്‍ എത്രമാത്രം ശരിയുണ്ടെന്നു മനസ്സിലാക്കാതെ പ്രതിയുടെ ചിത്രവും കുടുംബചരിത്രവും പീഡനവിവരങ്ങളും എരിയും പുളിയും ചേര്‍ത്തു ചൂടോടെ വിളമ്പാന്‍ മത്സരിക്കും..പക്ഷേ ഈ മാത്സര്യബുദ്ധി എല്ലാപേരുടെയും കാര്യത്തില്‍ ഉണ്ടാവില്ല.പണത്തിന്റെയും പദവിയുടെയും രാഷ്ടീയപിന്‍ബലത്തിന്റെയും തുലാസ്സില്‍ വച്ച് അളക്കുമ്പോള്‍ ഏറ്റക്കുറച്ചിലുകള്‍ നോക്കിയാണ് പേരും ചിത്രവും അച്ചടിച്ചുവരുന്നത്.

ചിലരുടെ കാര്യത്തില്‍ വല്ലാതെ പത്രധര്‍മ്മം നോക്കുന്നവര്‍ പാവങ്ങളുടെ കാര്യം വരുമ്പോള്‍ ഒക്കെയും മറക്കും .സാമൂഹ്യസേവനം നടത്തുന്ന ഉന്നതന്റെ  വീഡിയോയുടെ കാര്യം നമ്മുടെ മുന്‍നിരമാധ്യമങ്ങള്‍ കണ്ടതേയില്ല..പരസ്യത്തിന്റെ പേരില്‍ ലഭിക്കുന്ന കോടികള്‍ നഷ്ടപ്പെടുന്ന കാര്യം അചിന്തനീയമായതിനാല്‍ വീഡിയോയിലെ സ്ത്രീയുടെ കണ്ണുനീരിനും വാക്കുകള്‍ക്കും കല്പിച്ചത് പുല്ലുവില മാത്രം.പക്ഷേ കോഴിക്കോട്ട് ഒരു ഡോക്ടറുടെ പരിശോധനയെ പീഡനമാക്കി മാറ്റാന്‍ ഇവറ്റകള്‍ ഒറ്റക്കെട്ടായി മത്സരിച്ചു.ഒരു അഭിഭാഷകന്റെ പീഡനവാര്‍ത്തയ്ക്കു പിറകേ ഇവറ്റകള്‍ നെട്ടോട്ടം ഓടി.ഈ ഓട്ടം എന്തുകൊണ്ട് സെലക്ടീവ് ആയി പോകുന്നു?കാള പെറ്റെന്നു കേള്‍ക്കുമ്പോള്‍ തന്നെ കയറെടുക്കുന്ന മാധ്യമപ്രവര്‍ത്തകരുടെ പ്രവൃത്തി മൂലം മാനാഭിമാനങ്ങള്‍ അടിയറവുവച്ച എത്രയേറെ മനുഷ്യരും കുടുംബങ്ങളും ഉണ്ടെന്നറിയുമോ? വളച്ചൊടിക്കപ്പെടുന്ന വാര്‍ത്തകള്‍ ഒരുപാട് നിരപരാധികളുടെ കണ്ണുനീര്‍ വീണവയാണ്.അത്തരത്തിലൊന്നാണ് കോഴിക്കോട് സംഭവിച്ചതും.കോഴിക്കോട് മെഡിക്കല്‍കോളേജ് പ്രിന്‍സിപ്പല്‍ ആയി പെന്‍ഷന്‍ പറ്റിയ സമാരാധ്യനായ ഒരു ഭിഷഗ്വരന്റെ പേര് ഈയടുത്തകാലത്ത് മുന്‍നിരപത്രങ്ങളില്‍ പീഡനവുമായി ബന്ധപ്പെട്ടു വന്നിരുന്നു.പേരും വീട്ടുപേരും ഒക്കെ മറക്കാതെ ചിത്രം സഹിതം വാര്‍ത്തയാക്കിയവര്‍ നിജസ്ഥിതിയറിയാന്‍ മെനക്കെട്ടില്ല.ഇപ്പോള്‍ അതൊരു വ്യാജവാര്‍ത്തയാണെന്ന് തെളിഞ്ഞിരിക്കുന്നു.അപ്പോള്‍ അദേഹത്തിന് നഷ്ടപ്പെട്ട മാനവും പേരും തിരികെ നല്കാന്‍ നിങ്ങള്‍ക്ക് കഴിയുമോ?അദ്ദേഹവും അദ്ദേഹത്തിന്റെ വീട്ടുകാരും അനുഭവിച്ച മാനസികപീഡനത്തിനു പകരം നല്കാന്‍ നിങ്ങള്‍ക്ക് കഴിയുമോ? വലിയ വാര്‍ത്താപ്രാധാന്യത്തോടെ മുന്‍പേജില്‍ അച്ചടിച്ചുവന്ന പീഡന വാര്‍ത്ത‍ വ്യാജമാണെന്ന് തിരുത്താന്‍ നിങ്ങള്‍ക്ക് കഴിഞ്ഞോ?ഇവിടെയാണ്‌ മാധ്യമധര്‍മ്മം വെറുമൊരു വിലയില്ലാത്ത വാക്ക് മാത്രമാണെന്ന തിരിച്ചറിവ് ജനങ്ങള്‍ക്ക്‌ ഉണ്ടാകുന്നത്.ഡോക്ടര്‍ക്ക് സംഭവിച്ചത് ഒറ്റപ്പെട്ട ഒരു സംഭവമല്ല.വേട്ടക്കാരനായി പത്രക്കാര്‍ അവരോധിക്കുന്ന പലരും പലപ്പോഴും നിരപരാധികള്‍ ആകുന്നുണ്ട്.അവരില്‍ ചിലര്‍ ആത്മവിശ്വാസം വീണ്ടെടുത്തു ജീവിതം പഴയത് പോലെ തിരികെ പിടിക്കും.ചിലരാകട്ടെ താളം തെറ്റിയ ജീവിതവുമായി മുന്നോട്ടുപോകും.വേറെ ചിലരാകട്ടെ ജീവിതം തന്നെ മടുത്തു മരണത്തെ വരിക്കും..അപ്പോഴും നമ്മളോ പുതിയ വാര്‍ത്തകളിലെ എരിവും പുളിയും തേടും.
എത്രത്തോളം മസാലചേര്‍ക്കാമോ അത്രയ്ക്കും റേറ്റിങ്ങും കൂടും. സോളാര്‍നായികയുടെ എരിവും പുളിപ്പും നിറഞ്ഞ മസാലക്കൂട്ടുകള്‍ വിളമ്പാന്‍ മത്സരിച്ച നമ്മുടെ മലയാള ചാനലുകളും പത്രങ്ങളും കൈലേഷ് സത്യാര്‍ത്ഥിയെക്കുറിച്ചറിയുന്നത് തന്നെ നോബല്‍ സമ്മാനപ്രഖ്യാപനത്തിനുശേഷമാണ്.അതുവരെ ആ പ്രതിഭയെ കുറിച്ചോ അദ്ദേഹത്തിന്റെ മികവിനെ കുറിച്ചോ നമ്മുടെ പത്രകാരില്‍ പലര്‍ക്കും കേട്ടറിവ് പോലും ഉണ്ടായിരുന്നില്ല.ബിജുവിനും സരിതയ്ക്കും പിറകേയുള്ള നെട്ടോട്ടത്തിനിടയില്‍ സാമൂഹ്യപ്രതിബദ്ധതയുള്ള കാര്യങ്ങള്‍ക്ക് എന്ത് പ്രസക്തി.മറൈന്‍ഡ്രൈവിലെ ആഭാസസമരമുറയെയും രാഷ്ട്രീയനേതാവിന്റെ സഭയിലെ ഉറക്കത്തേയും ദേശീയ-അന്തര്‍ദേശീയ പത്രങ്ങള്‍ ശ്രദ്ധിച്ചപ്പോള്‍ നമ്മുടെ നാട്ടിലെ ആദിവാസികളുടെ നില്പ്സമരത്തെ എത്ര പ്രമുഖപത്രങ്ങള്‍ വാര്‍ത്തയാക്കി?ഗുല്‍ബര്‍ഗ റാഗിംഗ് മൂന്നു മലയാളി വിദ്യാര്‍ത്ഥിനികള്‍ അറസ്റ്റിലെന്നതായിരുന്നു കേരളക്കരയെ ഞെട്ടിച്ച അശ്വതിയെന്ന പെണ്‍കുട്ടിയുടെ വാര്‍ത്തയുമായി ബന്ധപ്പെട്ടു മുഖ്യപത്രങ്ങളില്‍ വന്ന തലക്കെട്ട്‌..നോര്‍ത്തില്‍ എന്ത് സംഭവിച്ചാലും ദളിത്‌ എന്ന തലക്കെട്ട്‌ കൊടുക്കാന്‍ മറക്കാത്ത നമ്മുടെ പത്രങ്ങള്‍ ഇവിടെ അത് മറന്നു.മനസ്സ്കൊണ്ട് സന്തോഷം തോന്നി തലക്കെട്ട്‌ കണ്ടപ്പോള്‍.കാരണം പെണ്‍കുട്ടിയെ “ദളിത്‌ ” എന്ന ചട്ടക്കൂട്ടിനുള്ളില്‍ ഒതുക്കിയില്ലല്ലോ എന്നോര്‍ത്ത്.പക്ഷേ വായിച്ചു നോക്കിയപ്പോള്‍ മനസ്സില്‍ കയ്പ് നിറഞ്ഞു.ഇവിടെ പ്രതികളുടെ ചിത്രങ്ങളോ മേല്‍വിലാസമോ ഒന്നുമില്ല. ആകെയുള്ളത്കൊല്ലം സ്വദേശിനി ലക്ഷ്മി,ഇടുക്കി സ്വദേശിനികളായ ആതിര,കൃഷ്ണപ്രിയ എന്ന വിവരങ്ങള്‍ മാത്രം..എന്നാല്‍ അതിനുംരണ്ടു ദിവസംമുന്‍പ് മുഖ്യധാരാ മാധ്യമങ്ങള്‍ വാര്‍ത്തയാക്കിയ മറ്റൊരു വാര്‍ത്ത വെറുതെയെന്നോണം മനസ്സില്‍ തെളിഞ്ഞു.അവിവാഹിതയായ ദളിത്‌യുവതി കുഞ്ഞിനെ കൊലപ്പെടുത്തിയെന്ന വാര്‍ത്ത..ഇവിടെ യുവതിയുടെ ചിത്രത്തിനൊപ്പം വിശദമായ പോസ്റ്റല്‍ അഡ്രസ്സ് കൂടിയുണ്ട്. മാവേലിക്കരയിലെ തഴക്കര ഗ്രാമപഞ്ചായത്ത് പതിനഞ്ചാം വാര്‍ഡ്‌ അറനൂറ്റിമംഗലം പ്ലാവിളയില്‍ അനിത..എങ്ങനുണ്ട് മാധ്യമധര്‍മം??നിറവും പണവും ജാതിയും നോക്കി വാര്‍ത്ത നല്‍കുന്ന മാധ്യമവേശ്യകളെ ഒറ്റക്കെട്ടായി ബഹിഷ്കരിക്കേണ്ട സമയം ആഗതമായിരിക്കുന്നു…എന്തേ കറുത്തവര്‍ക്കില്ലേ മാനാഭിമാനങ്ങള്‍??വെളുത്തകുലടകളുടെ പടവും മേല്‍വിലാസവും അച്ചടിച്ചുവന്നാല്‍ മാനം പുരപ്പുറത്തു കേറുമോ???

അപ്രധാനവാര്‍ത്തകള്‍ക്ക് അനാവശ്യഹൈപ് കൊടുത്തു അവതരിപ്പിക്കുന്ന ഈ പ്രവണത മാധ്യമങ്ങള്‍ എന്നവസാനിപ്പിക്കുന്നുവോ അന്നേ മാധ്യമധര്‍മ്മം അവകാശപ്പെടാന്‍ മാധ്യമസമൂഹത്തിനു കഴിയൂ.അതുപോലെതന്നെ നമ്മളും ഇത്തരം മഞ്ഞപത്ര നിലവാരമുള്ള വാര്‍ത്തകള്‍ക്ക്കണ്ണും കാതും നല്കാതിരുന്നാല്‍ ഈ പ്രവണത താനേ മാറിക്കൊള്ളും.

shortlink

Related Articles

Post Your Comments

Related Articles


Back to top button