സിലക്യാപ് (ഇന്തോനേഷ്യ) : ലഹരിമരുന്നു കടത്തു കേസില്‍ വധശിക്ഷയ്ക്കു വിധിക്കപ്പെട്ട 14 പേരില്‍ വിദേശികളുള്‍പ്പെടെ നാലുപേരുടെ ശിക്ഷ ഇന്തോനേഷ്യ നടപ്പാക്കി. പഞ്ചാബ് സ്വദേശി ഗുര്‍ദീപ് സിങ് (48) അടക്കമുള്ളവരുടെ ശിക്ഷ തല്‍ക്കാലം മാറ്റിവച്ചു. വധിക്കപ്പെട്ടവരില്‍ മൂന്നുപേര്‍ നൈജീരീയക്കാരും ഒരാള്‍ നാട്ടുകാരനുമാണ്. ഇന്നലെ പുലര്‍ച്ചെ 12.45നു ജാവയിലെ നുസകമ്പാങ്ങന്‍ ദ്വീപിലെ ജയിലിനു പുറത്തുവച്ചു ഫയറിങ് സ്‌ക്വാഡ് ആണു ശിക്ഷ നടപ്പാക്കിയത്.
300 ഗ്രാം ഹെറോയിന്‍ കടത്തിയെന്ന കുറ്റത്തിനാണു 2005ല്‍ സിങ്ങിനു വധശിക്ഷ വിധിച്ചത്. അവസാന നിമിഷമാണു താന്‍ ഒഴിവാക്കപ്പെട്ടതെന്നു സിങ് ഫോണിലൂടെ അറിയിച്ചതായി ഭാര്യ കുല്‍വിന്ദര്‍ കൗര്‍ പറഞ്ഞു. വിദേശകാര്യ മന്ത്രി സുഷമ സ്വരാജിന്റെ നേതൃത്വത്തില്‍ ഗുര്‍ദീപ് സിങ്ങിന്റെ വധശിക്ഷ റദ്ദാക്കണമെന്ന ആവശ്യവുമായി ഇന്ത്യ ശക്തമായി രംഗത്തുവന്നിരുന്നു. എംബസി ഉദ്യോഗസ്ഥര്‍ സിങ്ങുമായി കൂടിക്കാഴ്ച നടത്തിയതായും ഇദ്ദേഹത്തിന്റെ മോചനത്തിനായി ഇന്തൊനീഷ്യന്‍ അധികൃതരോട് ആവശ്യപ്പെട്ടതായും വിദേശകാര്യ വക്താവ് വികാസ് സ്വരൂപ് അറിയിച്ചു.
രാജ്യാന്തര തലത്തിലും ശിക്ഷയ്‌ക്കെതിരെ ശക്തമായ പ്രതിഷേധം ഉയര്‍ന്നിരുന്നു. യുഎന്‍ സെക്രട്ടറി ജനറല്‍ ബാന്‍ കി മൂണ്‍ ഉള്‍പ്പെടെ ശിക്ഷ നടപ്പാക്കരുതെന്ന് അഭ്യര്‍ഥിച്ചു. എന്നാല്‍, ഇതു ലഹരിമരുന്നിനെതിരെയുള്ള യുദ്ധമാണെന്നായിരുന്നു പ്രസിഡന്റ് ജോക്കോ വിദോദോയുടെ മറുപടി. പതിനാലു പേരുടെയും ശിക്ഷ ഇന്നലെ തന്നെ നടപ്പാക്കാനായിരുന്നു നിശ്ചയിച്ചിരുന്നത്. ഇതില്‍ നാട്ടുകാരിയായ ഒരു സ്ത്രീയും പാക്കിസ്ഥാന്‍, സിംബാബ്‌വെ സ്വദേശികളുമുണ്ട്. ശിക്ഷ മാറ്റിവച്ചതിന്റെ കാരണം അധികൃതര്‍ വ്യക്തമാക്കിയിട്ടില്ല. കഴിഞ്ഞവര്‍ഷവും സമാനകുറ്റത്തിനു രണ്ട് ഓസ്‌ട്രേലിയക്കാരടക്കം 16 പേരെ ഇന്തൊനേഷ്യയില്‍ വധശിക്ഷയ്ക്കു വിധേയരാക്കിയിരുന്നു.
Post Your Comments