ന്യൂഡല്‍ഹി● ഒരു മലയാളിയുടെ ഉടമസ്ഥതയിലുള്ള ആദ്യ വിമാനക്കമ്പനി എന്നഖ്യാതിയോടെ ഒരു വര്‍ഷം മുന്‍പ് സര്‍വീസ് ആരംഭിച്ച എയര്‍ പെഗാസസ് തകര്‍ച്ചയിലേക്കോ? അത്തരം സൂചനകളാണ് കമ്പനിയില്‍ നിന്ന് പുറത്തുവരുന്നത്.
മൂന്ന് വിമാനങ്ങളുടെ രജിസ്ട്രേഷന്‍ റദ്ദാക്കണമെന്നാവശ്യപ്പെട്ട് എയര്‍പെഗാസസിന് വിമാനങ്ങള്‍ പാട്ടത്തിന് നല്‍കിയിരിക്കുന്ന കമ്പനി സിവില്‍ ഏവിയേഷന്‍ ഡയറക്ടറേറ്റ് ജനറലി(ഡി.ജി.സി.എ) യെ സമീപിച്ചു. കമ്പനി വാടക കുടിശിക വരുത്തിയതിനെത്തുടര്‍ന്നാണ് നടപടി.
ബംഗലൂരു കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന കമ്പനി ബുധനാഴ്ച മുതല്‍ സര്‍വീസുകള്‍ അനിശ്ചിതകാലത്തേക്ക് നിര്‍ത്തി വച്ചിരുന്നു. ഇതിനു പിന്നാലെയാണ് വിമാനങ്ങള്‍ ലീസിന് നല്‍കിയ കമ്പനികള്‍ രജിസ്ട്രേഷന്‍ റദ്ദാക്കണമെന്നാവശ്യട്ട് ഡി.ജി.സി.എയെ സമീപിച്ചിരിക്കുന്നത്. വന്‍ പ്രതിസന്ധി നേരിടുന്ന എയര്‍പെഗാസസിനെ കൂടുതല്‍ പ്രതിസന്ധിയിലേക്ക് തള്ളിയിട്ടിരിക്കുകയാണ് ലീസിംഗ് കമ്പനികളുടെ നീക്കം.
ലീസിനെടുത്തിരിക്കുന്ന മൂന്ന് എ.ടി.ആര്‍ 72-500 വിമാനങ്ങളുടെ രജിസ്ട്രേഷന്‍ റദ്ദാക്കാന്‍ വിമാനം പാട്ടത്തിന് നല്കിയിരുക്കുന്ന കമ്പനികള്‍ അപേക്ഷ നല്‍കിയ വിവരം എയര്‍ പെഗാസസ് വൃത്തങ്ങളും സ്ഥിരീകരിച്ചിട്ടുണ്ട്. രജിസ്ട്രേഷന്‍ റദ്ദാക്കിയാലെ കമ്പനികള്‍ക്ക് വിമാനം രാജ്യത്തിന് പുറത്തേക്ക് കൊണ്ടുപോകാന്‍ കഴിയുകയുള്ളൂ.
എയര്‍ പെഗാസസ് എം.ഡിയും മലയാളിയുമായ ഷൈസണ്‍ തോമസ് പുതിയ സംഭവവികസങ്ങളോട് പ്രതികരിച്ചിട്ടില്ല.
ഏപ്രില്‍ 2015 ന് ബംഗലൂരുവില്‍ നിന്ന് തിരുവനന്തപുരത്തേക്ക് സര്‍വീസ് നടത്തിക്കൊണ്ടാണ് എയര്‍ പെഗാസസ് പ്രവര്‍ത്തനമാരംഭിക്കുന്നത്. പിന്നീട് തിരുവനന്തപുരത്തിന് പുറമേ ചെന്നൈ,കടപ്പാ, ഹുബ്ലി, മധുരൈ, മംഗളൂരു, പുതുച്ചേരി തുടങ്ങിയ തെന്നിന്ത്യന്‍ നഗരങ്ങളിലേക്കും സര്‍വീസ് ആരംഭിച്ചു. വിജയകരമായി പ്രവര്‍ത്തിക്കുകയായിരുന്ന കമ്പനിയുടെ അഞ്ച് പൈലറ്റുമാരുടെ ലൈന്‍സ് സിവില്‍ ഏവിയേഷന്‍ അതോറിറ്റി റദ്ദാക്കിയാതോടെയാണ് പ്രതിസന്ധികള്‍ക്ക് തുടക്കം. കമ്പനിയുടെ സുരക്ഷാ ഡയറക്ടറേയും ഡി.ജി.സി.എ പുറത്താക്കിയിരുന്നു. വേണ്ടത്ര സുരക്ഷയില്ലാതെ യാത്രക്കാരുടെ ജീവന് ഭീഷണിയുണ്ടാകുന്ന വിധം സര്‍വീസ് നടത്തിയതിനായിരുന്നു ഡി.ജി.സി.എ നടപടി.
ബംഗലൂരുവില്‍ നിന്ന് തിരുവനന്തപുരത്തേക്ക് പറന്ന വിമാനങ്ങളിലാണ് പ്രധാനമായും സുരക്ഷാ വീഴ്ച കണ്ടെത്തിയത്. കുറഞ്ഞ ദൂരത്തില്‍ നിന്ന് ലാന്‍ഡ് ചെയ്യുക, അപകടകരമായ നിലയില്‍ റണ്‍വേയെ സമീപിക്കുക തുടങ്ങിയവയായിരുന്നു ആരോപണങ്ങള്‍. സുരക്ഷാ വീഴ്ചകള്‍ പരിഹരിച്ചില്ലെങ്കില്‍ പുതിയ റൂട്ടുകള്‍ക്ക് അനുമതി നല്‍കില്ലെന്നും നിലവിലെ ലൈസന്‍സ് റദ്ദാക്കുമെന്നും ഡി.ജി.സി.എ വ്യക്തമാക്കിയിരുന്നു.
സുരക്ഷാവീഴ്ചകള്‍ പരിഹരിച്ചുവെന്നാണ് ഈ വാര്‍ത്തകളോട് എയര്‍ പെഗാസസ് മാനേജ്മെന്റ് പ്രതികരിച്ചത്.
വര്‍ഷങ്ങളായി ഗ്രൗണ്ട് ഹാന്‍ഡ്‌ലിംഗ് രംഗത്ത് പ്രവര്‍ത്തിക്കുന്ന ഡെക്കോര്‍ ഏവിയേഷന്റെ ഉപകമ്പനിയാണ് ഷൈസന്‍ തോമസ് എയര്‍ പെഗാസസ് രൂപീകരിച്ചത്. ഏവിയേഷന്‍ രംഗത്തെ പരിചയമാണ് ഇത്തരമൊരു സാഹസത്തിന് ഷൈസനെ പ്രേരിപ്പിച്ചത്. എന്നാല്‍ ഇപ്പോള്‍ പുറത്തുവരുന്ന വാര്‍ത്തകള്‍ ഷൈസനെ സംബന്ധിച്ചിടത്തോളം അത്ര ശുഭകരമല്ല.
Post Your Comments