NewsIndia

ക്ഷേത്രത്തില്‍ പ്രവേശനമില്ല : ദളിത് കുടുംബങ്ങള്‍ ഇസ്ലാം മതത്തിലേയ്ക്ക് …

ചെന്നൈ: ക്ഷേത്രത്തില്‍ പ്രവേശനം അനുവദിക്കാത്തതിന്റെ പേരില്‍ തമിഴ്‌നാട്ടില്‍ 250 ദളിത് കുടുംബങ്ങള്‍ ഇസ്‌ലാം മതം സ്വീകരിക്കാനൊരുങ്ങുന്നു. തമിഴ്‌നാട്ടിലെ പളംഗല്ലിമേട്, നാഗപള്ളി ഗ്രാമങ്ങളില്‍നിന്നുള്ള ദളിത് കുടുംബങ്ങളുടേതാണു തീരുമാനം. ക്ഷേത്രത്തില്‍ പ്രവേശനം നിഷേധിക്കുകയും പൂജകള്‍ നടത്താന്‍ അനുവദിക്കാതിരിക്കുകയും ചെയ്‌തെന്നാണ് ഇവരുടെ വാദം.

നാഗപട്ടണം ജില്ലയിലെ പളംഗല്ലിമേടില്‍ നിന്നുള്ള 180 ദളിത് കുടുംബങ്ങള്‍ അഞ്ചുദിവസം നീണ്ടുനില്‍ക്കുന്ന ഉല്‍സവത്തില്‍ ഒരു ദിവസം പൂജ ചെയ്യാന്‍ അനുവാദം ചോദിച്ചെങ്കിലും ലഭിച്ചില്ല. ഉയര്‍ന്ന ജാതിയില്‍പ്പെട്ടവരാണ് ഇവര്‍ക്കു പ്രവേശനം അനുവദിക്കാത്തത്. ഇതേത്തുടര്‍ന്ന് ആറ് കുടുംബങ്ങള്‍ നേരത്തെ ഇസ്‌ലാം മതം സ്വീകരിച്ചിരുന്നു.

തീരനഗരമായ പളംഗല്ലിമേടില്‍ നാനൂറോളം കുടുംബങ്ങളുണ്ട്. ഇതില്‍ 180 എണ്ണം ദളിത് കുടുംബങ്ങളാണ്. ഉയര്‍ന്നജാതിക്കാരാണ് ഭൂവുടമകള്‍. ആരാധിക്കാനുള്ള അവകാശം നല്‍കുന്നതില്‍ പൊലീസും ജില്ലാ ഭരണകൂടവും പരാജയപ്പെട്ടതാണ് ഇത്തരമൊരു തീരുമാനത്തിലേക്കു നയിച്ചതെന്നു ദളിത് പാര്‍ട്ടിയായ വി.സി.കെയുടെ നേതാവ് സെന്തില്‍ കുമാര്‍ അറിയിച്ചു. തന്റെ അച്ഛനമ്മമാരും അവരുടെ മാതാപിതാക്കളും അടിമകളായിരുന്നു. തന്റെ തലമുറയെങ്കിലും തൊട്ടുകൂടായ്മയും അപമാനവും നേരിടരുത്. മതംമാറ്റമാണ് ഞങ്ങളുടെ മുന്നിലുള്ള ഏക വഴിയെന്ന് കുമാര്‍ കൂട്ടിച്ചേര്‍ത്തു.

അതേസമയം, മുസ്‌ലിം, ക്രിസ്ത്യന്‍ സംഘടനകള്‍ ഇവര്‍ക്കു സഹായം വാഗ്ദാനം ചെയ്തിട്ടുണ്ട്. എന്നാല്‍ ഹിന്ദു സംഘടനകള്‍ ദളിത് കുടുംബങ്ങളുമായും ഉയര്‍ന്ന ജാതിക്കാരുമായും ചര്‍ച്ച നടത്തുന്നുണ്ട്.

കൂടാതെ ഇവിടെനിന്ന് 240 കിലോമീറ്റര്‍ അകലെയുള്ള കാരൂരിലെ നാഗപള്ളിയിലുള്ള 70 ദളിത് കുടുംബങ്ങള്‍ക്കും മഹാശക്തി അമ്മന്‍ ക്ഷേത്രത്തില്‍ സമാന അവസ്ഥ നേരിട്ടിരുന്നു. ഈ ക്ഷേത്രം പണിതത് ഇവരുടെ സഹായത്താലായിരുന്നു. വേര്‍തിരിവ് ഇല്ലാതാക്കാന്‍ മതംമാറല്‍ മാത്രമേ വഴിയുള്ളെന്ന് ഇവരും കരുതുന്നു.

നാഗപട്ടണത്തും നാഗപള്ളിയിലും മുസ്‌ലിം കുടുംബങ്ങളില്ല. 1980കളിലാണ് തമിഴ്‌നാട്ടില്‍ വലിയതോതില്‍ മതംമാറ്റം നടന്നത്. തിരുനെല്‍വേലിക്കു സമീപം മീനാക്ഷിപുരം ഗ്രാമത്തിലാണ് 800 ദളിതര്‍ ഇസ്‌ലാമിലേക്കു മതംമാറിയത്. മുന്‍ പ്രധാനമന്ത്രി അടല്‍ ബിഹാറി വാജ്‌പേയി ഉള്‍പ്പെടെയുള്ള മുതിര്‍ന്ന രാഷ്ട്രീയ നേതാക്കള്‍ ഗ്രാമം സന്ദര്‍ശിച്ചെങ്കിലും ഗ്രാമീണര്‍ തീരുമാനത്തില്‍നിന്നു മാറിയില്ല.

shortlink

Related Articles

Post Your Comments

Related Articles


Back to top button