ന്യൂഡല്‍ഹി : റഷ്യന്‍ നിര്‍മിത അതിനൂതന മിഗ് 29-കെ വിമാനങ്ങള്‍ വാങ്ങിയ വകയില്‍ ഇന്ത്യയുടെ 10,000 കോടിയിലേറെ രൂപ പാഴായതായി കണ്‍ട്രോളര്‍ ആന്‍ഡ് ഓഡിറ്റര്‍ ജനറലിന്റെ (സിഎജി) റിപ്പോര്‍ട്ട്. 2004-2010 കാലഘട്ടത്തില്‍ വാങ്ങിയ 45 വിമാനങ്ങളുടെ കാര്യത്തിലാണ് വന്‍ സാമ്പത്തിക നഷ്ടം സംഭവിച്ചതായി സി.എ.ജി ചൂണ്ടിക്കാട്ടിയത്.
മിഗ് വിമാനങ്ങള്‍ക്കു സാങ്കേതിക തകരാറുകള്‍ കൂടുതലാണെന്നും 50 ശതമാനത്തില്‍ താഴെയാണു വിമാനങ്ങളുടെ പ്രവര്‍ത്തനക്ഷമതയെന്നും രണ്ടു ദിവസം മുന്‍പ് പാര്‍ലമെന്റില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ സി.എ.ജി ചൂണ്ടിക്കാട്ടുന്നു. 10,500 കോടി രൂപയിലേറെ ചെലവഴിച്ച് ഇന്ത്യന്‍ നാവികസേനയ്ക്കായി റഷ്യയില്‍നിന്നാണ് വിമാനങ്ങള്‍ വാങ്ങിയത്. എന്നാല്‍, ഇത്രയും പണം മുടക്കിയെങ്കിലും ഉദ്ദേശിച്ച ഫലം ലഭിച്ചിട്ടില്ലെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
2010 ല്‍ വിമാനങ്ങള്‍ ഇന്ത്യക്കു കൈമാറിയശേഷം ഇവയില്‍ പകുതിയിലധികം വിമാനങ്ങളിലും എന്‍ജിന്‍ ഡിസൈനുകളില്‍ തകരാര്‍ കണ്ടെത്തി. മാത്രമല്ല, ഇരട്ട എന്‍ജിന്‍ വിമാനമാണെങ്കിലും നിര്‍മാണത്തിലെ പിഴവുകാരണം ലാന്‍ഡ് ചെയ്യുമ്പോള്‍ ഒരു എന്‍ജിന്‍ മാത്രമാണ് ഉപയോഗിക്കുന്നത്. ഡിസൈനിലുള്‍പ്പെടെ പരിഷ്‌കാരങ്ങള്‍ വരുത്തിയെങ്കിലും പ്രശ്‌നം പരിഹരിക്കാനായിട്ടില്ല. ഇത് നാവിക സേനയിലെ പൈലറ്റുമാരുടെ പരിശീലനത്തെ ബാധിച്ചേക്കാമെന്നും സി.എ.ജി മുന്നറിയിപ്പു നല്‍കുന്നു.
ഇന്ത്യയുടെ വിമാനവാഹിനക്കപ്പലായ ഐ.എന്‍.എസ് വിക്രമാദിത്യയിലുള്ളത് മിഗ്-29 കെ യുദ്ധവിമാനങ്ങളാണ്. കൊച്ചി കപ്പല്‍ശാലയില്‍ നിര്‍മാണം പുരോഗമിക്കുന്ന വിമാനവാഹിനിക്കപ്പല്‍ ഐ.എന്‍.എസ് വിക്രാന്തിലും ഈ വിമാനങ്ങളാവും ഉപയോഗിക്കുക. വിമാനവാഹിനിക്കപ്പലില്‍നിന്നു പറന്നുയര്‍ന്ന് ആക്രമണം നടത്താവുന്ന പോര്‍വിമാനങ്ങളാണിത്. ഇന്ത്യയ്ക്കും റഷ്യയ്ക്കും മാത്രമേ ഇത്തരം വിമാനങ്ങളുള്ളൂ.
Post Your Comments