എരുമേലി: അന്‍സാരിക്ക് രണ്ട് വര്‍ഷം മുമ്പാണ് നടുവിനും കാലിനും ചെറിയ വേദന അനുഭവപ്പെട്ടു തുടങ്ങിയത്. അധികം താമസിയാതെ ഇനിയും എന്തെന്ന് കണ്ടെത്തിയിട്ടില്ലാത്ത അപൂര്‍വ്വരോഗം പിടിപെട്ട് അന്‍സാരി കിടപ്പിലായി. ഇപ്പോള്‍ ചികിത്സയ്ക്കായി സുമനസുകളുടെ സഹായം തേടുകയാണ് അന്‍സാരി. എരുമേലി വിലങ്ങുപാറപതാലില്‍ അന്‍സാരിയാണ് (ഷാമോന്‍, 27) അപൂര്‍വ്വ രോഗത്താല്‍ ശരീരം ശോഷിച്ച് രണ്ട് മാസമായി പൂര്‍ണ്ണമായി തളര്‍ന്ന് കിടപ്പിലായത്.
രോഗബാധ അനുഭവപ്പെട്ട നാള്‍ മുതല്‍ ദീര്‍ഘകാലം അന്‍സാരി കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. പക്ഷേ ഇതുവരെ അന്‍സാരിയുടെ രോഗം എന്താണെന്ന് നിര്‍ണ്ണയിക്കാനായിട്ടില്ല. ചികിത്സാ സഹായ വാഗ്ദാനവുമായി നാട്ടുകാര്‍ എത്തിയതോടെ രോഗ നിര്‍ണ്ണയം നടത്തി വിദഗ്ദ ചികിത്സ ലഭ്യമാക്കാനാവും എന്ന ആശ്വാസത്തിലാണ് അന്‍സാരിയുടെ ഭാര്യയും രണ്ട് മക്കളും. ടൗണില്‍ ലോട്ടറി കച്ചവടം നടത്തി ഉപജീവനം നടത്തിയിരുന്ന അന്‍സാരി കിടപ്പിലായതോടെ കുടുംബവും കടുത്ത ദുരിതത്തിലായിരിക്കുകയാണ്.
അന്‍സാരിയുടെ മൂത്തമകന്‍ ഹൃദ്രോഗ ബാധിതനുമാണ്. നിര്‍മ്മാണം പൂര്‍ത്തിയാവാത്ത വീടും മൂന്ന് സെന്‍റ് സ്ഥലവും മാത്രമാണ് ഈ കുടുംബത്തിന് സ്വന്തമെന്ന് പറയാന്‍ ആകെയുള്ളത്. അന്‍സാരിയെ സഹായിക്കാനുള്ള പരിശ്രമത്തിന്‍റെ ഭാഗമായി നാട്ടുകാര്‍ ഗ്രാമ പഞ്ചായത്ത് പ്രസിഡന്‍റ് ടി.എസ്. കൃഷ്ണകുമാര്‍ രക്ഷാധികാരിയായി സഹായസമിതിയിയും രൂപീകരിച്ചിട്ടുണ്ട്. സഹായങ്ങള്‍ സൗത്ത് ഇന്‍ഡ്യന്‍ ബാങ്ക് എരുമേലി ശാഖവഴി നല്‍കാം. അക്കൗണ്ട് നമ്പര്‍: 0146053000024532.
Post Your Comments