NewsIndia

വിദേശവനിതയ്ക്ക് അതിവേഗ സഹായവുമായി സുഷമ സ്വരാജ്

വിദേശകാര്യ മന്ത്രി സുഷമ സ്വരാജ് കഴിഞ്ഞ മാസം ഒരു റഷ്യന്‍ വനിതയുടെ ബുദ്ധിമുട്ടുകള്‍ അതിവേഗം പരിഹരിച്ചത് വന്‍വാര്‍ത്താപ്രാധാന്യം നേടിയിരുന്നു. ബുദ്ധിമുട്ടുകള്‍ നേരിടുന്നവര്‍ക്ക് തന്‍റെ അധികാരപരിധിയില്‍ വരുന്ന എന്ത് സഹായവും, എത്രയും വേഗമെത്തിക്കാനുള്ള സുഷമയുടെ സന്നദ്ധത പ്രതിപക്ഷത്തിന്‍റെ വരെ മുക്തകണ്ഠമായ പ്രശംസക്ക് എത്രയോ തവണ പാത്രമായിരിക്കുന്നു. ഇപ്പോഴിതാ ഇന്ത്യന്‍ പൗരനെ വിവാഹം കഴിച്ച കസാക്കിസ്ഥാന്‍ യുവതിക്ക് സുഷമ സഹായമെത്തിച്ചതും ജനശ്രദ്ധ നേടിയിരിക്കുകയാണ്.

ഫത്തേഹാബാദ് സ്വദേശിയെ വിവാഹം കഴിച്ച് ഇന്ത്യയില്‍ താമസിക്കുന്ന കസാക്കിസ്ഥാന്‍ സ്വദേശിനിയായ യുവതിക്കാണ് ഓഗസ്റ്റ് 1-ന് വിസ കാലാവധി തീരാനിരിക്കെ രാജ്യം വിടേണ്ട സാഹചര്യം ഉണ്ടായത്. പക്ഷേ, ദൈനിക്‌ ഭാസ്കര്‍ ദിനപ്പത്രത്തില്‍ ഈ യുവതി അഭിമുഖീകരിക്കുന്ന വിഷമതയെപ്പറ്റി വന്ന റിപ്പോര്‍ട്ട് ശ്രദ്ധയില്‍പ്പെട്ട സുഷമ ഉടനടി പ്രശ്നത്തിന് പരിഹാരം ഉണ്ടാക്കി.

നല്ല ഒന്നാംതരം ഹരിയാന്‍വിയിലാണ് പ്രശ്നത്തിന് പരിഹാരം നിര്‍ദ്ദേശിച്ചുകൊണ്ട് ട്വിറ്ററില്‍ സുഷമയുടെ ഇടപെടല്‍ വന്നത്.

“താരി ബഹു നെ കഹോ വിസ ബധന്‍ ഖാതര്‍ അര്‍സി ഡാല്‍ ദേ, ഹം ഉസ്കി മദദ് കര്‍ ദിയേംഗേ (വിസ കാലാവധി ദീര്‍ഘിപ്പിക്കാന്‍ അപേക്ഷിക്കാന്‍ നിങ്ങളുടെ ഭാര്യയോട് പറയൂ. ഞങ്ങള്‍ സഹായിക്കാം)”.

ഫത്തേബാദിലെ സമെയ്ന്‍ ഗ്രാമത്തിലുള്ള ടീനു ജാന്‍ഗ്രയുടെ ഭാര്യ സന്ന എന്ന കസാക്കിസ്ഥാന്‍ യുവതിയാണ് സുഷമയുടെ സഹായം ലഭിച്ച അനേകം വ്യക്തികളുടെ നിരയിലെ ഏറ്റവും പുതിയ വ്യക്തി. വിസ കാലാവധി തീരാന്‍ പോകുന്നു എന്ന്‍ കാട്ടി പല വാതിലുകളില്‍ മുട്ടി യാതൊരു പ്രയോജനവും ഇല്ലാതെ ആശങ്കയോടെ ഇരുന്ന സമയത്താണ് സുഷമയുടെ അപ്രതീക്ഷിത സഹായം ഇവരെത്തേടി എത്തുന്നത്.

shortlink

Post Your Comments


Back to top button