International

ഓണ്‍ലൈന്‍ മാധ്യമങ്ങള്‍ പൂട്ടിച്ചു

ബെയ്ജിങ് : നിയമം ലംഘിച്ചുള്ള പ്രവര്‍ത്തനങ്ങള്‍ വന്‍തോതില്‍ നടത്തുന്നു എന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന് ചൈനയില്‍ പ്രമുഖ ഓണ്‍ലൈന്‍ മാധ്യമങ്ങള്‍ പൂട്ടിച്ചു. സിന, സോഹു, നെറ്റീസ്, ഐഫെങ് എന്നീ മാധ്യമങ്ങളുടെ പ്രവര്‍ത്തനമാണ് നിരോധിച്ചത്. നിയമം ലംഘിച്ചുള്ള പ്രവര്‍ത്തനങ്ങള്‍ വന്‍തോതില്‍ നടത്തുന്നു എന്നാണ് രാജ്യത്തെ ഇന്റര്‍നെറ്റ് കണ്‍ട്രോള്‍ വകുപ്പ് കണ്ടെത്തിയതത്രേ. ഈ വര്‍ഷം ഇതുവരെ 1475 വെബ്‌സൈറ്റുകളും 12000 ഇന്റര്‍നെറ്റ് അക്കൗണ്ടുകളും രാജ്യത്ത് നിരോധിക്കുകയും ചെയ്തു.

നിലവില്‍ പത്രങ്ങളും ചാനലുകളും അടങ്ങുന്ന മാധ്യമങ്ങളെല്ലാം കമ്യൂണിസ്റ്റു പാര്‍ട്ടിയുടെ നിയന്ത്രണത്തിലാണ്. പ്രസിഡന്റ് ഷി ജിന്‍പിങ് 2013ല്‍ ചുമതലയേറ്റതിനു ശേഷം നിയന്ത്രണം വര്‍ധിച്ചു. ‘പോസിറ്റീവ് റിപ്പോര്‍ട്ടിങ്ങും’ ‘പാര്‍ട്ടിയുടെ ആധിപത്യം ഉയര്‍ത്തിപ്പിടിക്കുന്ന കാര്യങ്ങളും’ ആണ് മാധ്യമങ്ങളില്‍ വരേണ്ടതെന്നാണ് ഫെബ്രുവരിയില്‍ ഷി ജിന്‍പിങ്ങ് പറഞ്ഞത്. ഈ മാധ്യമങ്ങള്‍ ‘വാര്‍ത്തകള്‍ ശേഖരിക്കുകയും അവര്‍ തന്നെ എഡിറ്റു ചെയ്യുകയും ചെയ്യുന്നു’ എന്ന ഗുരുതര കുറ്റമാണ് ചാര്‍ത്തിയത്. ഇവര്‍ക്കെതിരെ പിഴ അടക്കമുള്ള ശിക്ഷയും ഉണ്ടാകും.

പുറംരാജ്യങ്ങളില്‍ നിന്നുള്ള വെബ്‌സൈറ്റുകളും നിരോധിച്ചിട്ടുണ്ട്. നിലവില്‍ കായിക, വിനോദ വിഷയങ്ങള്‍ റിപ്പോര്‍ട്ടു ചെയ്യാനുള്ള സ്വാതന്ത്ര്യമേ ഓണ്‍ലൈനുകളിലെ പത്രപ്രവര്‍ത്തകര്‍ക്ക് നല്‍കിയിട്ടുള്ളൂ. കൂടാതെ ഔദ്യോഗിക മാധ്യമങ്ങള്‍ നല്‍കുന്ന വാര്‍ത്തകളും നല്‍കാം. എന്നാല്‍ പല ഓണ്‍ലൈന്‍ മാധ്യമങ്ങളും ഇതിനു പുറമെ സ്വന്തമായി വാര്‍ത്തകള്‍, പ്രത്യേകിച്ച് അന്വേഷണാത്മക വാര്‍ത്തകള്‍ നല്‍കുന്നതാണ് ഭരണകൂടത്തെ ചൊടിപ്പിച്ചത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button