രാമേശ്വരത്തെ ഒരു ശരാശരി മുസ്ലീം കുടുംബത്തില്‍ നിന്ന് ലോകത്തിന്റെ നെറുകയില്‍ ഇന്ത്യയുടെ അഭിമാനത്തിന്റെ തിലകക്കുറി ചാര്‍ത്തിയ അത്ഭുത പ്രതിഭാസമാണ് അവുല്‍ പകീര്‍ ജൈനുല്ലബ്ദീന്‍ അബ്ദുള്‍ കലാം എന്ന എപിജെ അബ്ദുള്‍ കലാം.
പൈലറ്റാവാന്‍ കൊതിച്ച്, സാഹിത്യത്തെ ഏറെ പ്രണയിച്ച്, ഇന്ത്യന്‍ ബഹിരാകാശസ്വപ്‌നങ്ങള്‍ക്ക് നിറംപകര്‍ന്ന്, രാജ്യസുരക്ഷയുടെ മിസൈല്‍ സ്വപ്‌നങ്ങള്‍ സാക്ഷാത്കരിച്ച്, ഇന്ത്യയുടെ പ്രഥമ പൗരനായി ലളിത ജീവിതം നയിച്ച്, വിദ്യാര്‍ത്ഥികളോട് സംവദിച്ച് മതിയാകാതെ കാലത്തിന്റെ അരങ്ങില്‍ നിന്ന് വിട വാങ്ങിയ ഇന്ത്യയുടെ സ്വന്തം മിസൈല്‍ മാന്‍
ഡോ: എ പി ജെ അബ്ദുല്‍ കലാം.
അതിരുകളില്ലാതെ സ്വപനം കാണാന്‍ പഠിപ്പിച്ച കലാം കെ.ആർ.നാരായണനുശേഷം ഇന്ത്യയുടെ പതിനൊന്നാമത്തെ രാഷ്ട്രപതിയായിട്ടാണ് രാഷ്ട്രപതി ഭവനിൽ പ്രവേശിക്കുന്നത്. ഇന്ത്യയുടെ മുൻനിര രാഷ്ട്രീയകക്ഷികളായ ഇന്ത്യൻ നാഷണൽ കോൺഗ്രസ്സും ഭാരതീയ ജനതാ പാർട്ടിയും ഒരേ പോലെ പിന്തുണച്ച ഒരു സ്ഥാനാർത്ഥിയായിരുന്നു അബ്ദുൾ കലാം. തന്റെ എതിർ സ്ഥാനാർത്ഥിയായിരുന്ന ക്യാപ്റ്റൻ ലക്ഷ്മിയേക്കാൾ 815548 വോട്ട് അധികം നേടിയാണ് കലാം ഇന്ത്യയുടെ പതിനൊന്നാമത് രാഷ്ട്രപതിയാവുന്നത്.
മുപ്പതോളം സർവ്വകലാശാലകളിൽ നിന്നും അദ്ദേഹത്തിന് ഓണററി ഡോക്ടറേറ്റ് ലഭിച്ചിട്ടുണ്ട്. മാത്രമല്ല ഭാരത സർക്കാർ രാജ്യത്തെ പരമോന്നത സിവിലിയൻ ബഹുമതികൾ നൽകിയും ഡോ. കലാമിനെ ആദരിച്ചിരിക്കുന്നു. 1981ൽ പദ്മഭൂഷൺ, 1990ൽ പദ്മവിഭൂഷൺ,1997ൽ ഭാരത രത്നം എന്നീ ബഹുമതികളാണ് അദ്ദേഹത്തിന് ലഭിച്ചിട്ടുള്ളത്.
2015 ജൂലൈ 27ന് ഷില്ലോംഗിൽ വച്ച് കലാം അന്തരിച്ചു. ഷില്ലോംഗിലെ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെന്റിൽ വച്ച്, ‘വാസയോഗ്യമായ ഗ്രഹങ്ങൾ’ എന്ന വിഷയത്തില്‍ കുട്ടികൾക്ക് ക്ലാസെടുത്തുകൊണ്ടിരിയ്ക്കൂമ്പോൾ പെട്ടെന്നുണ്ടായ ഹൃദയാഘാതത്തെത്തുടർന്ന് അദ്ദേഹം കുഴഞ്ഞുവീഴുകയായിരുന്നു. സംഭവസ്ഥലത്തുവച്ചുതന്നെ അദ്ദേഹം ഈ ലോകത്തോട് വിടപറഞ്ഞു.
പിന്നീട് മൃതദേഹം ആദ്യം ഡൽഹിയിലെ വസതിയിലേയ്ക്ക് കൊണ്ടുപോയി. തുടർന്ന് ജന്മനാടായ രാമേശ്വരത്തെത്തിച്ചു. അവിടെയുള്ള പൈക്കറുമ്പ് ശ്മശാനത്തിൽ വച്ച് പൂർണ്ണ ഔദ്യോഗിക ബഹുമതികളോടെ സംസ്കരിച്ചു. പ്രധാനമന്ത്രി നരേന്ദ്ര മോദി, കേരള മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി തുടങ്ങിയ പ്രമുഖർ അദ്ദേഹത്തിന്റെ ശവസംസ്കാരത്തിൽ പങ്കെടുത്തു.
എന്നാല്‍ ഇന്നും അദ്ദേഹം കൊളുത്തി വെച്ച ഉയരങ്ങളുടെ അണയാത്ത ദീപം വളര്‍ന്നു വരുന്ന ഓരോ കുരുന്നിന്റെയും മനസ്സില്‍ കലാം എന്ന സ്വപ്നങ്ങളുടെ കൂട്ടുകാരന്‍റെ ഓര്‍മയ്ക്ക് വെളിച്ചം പകരുന്നു….
Post Your Comments