IndiaGulf

എമിറേറ്റ്സ് വിമാനം അടിയന്തിരമായി നിലത്തിറക്കി

മുംബൈ ● കോക്ക്പിറ്റിലും ക്യാബിനിലും പുക കണ്ടതിനെത്തുടര്‍ന്ന് എമിറേറ്റ്സ് വിമാനം അടിയന്തിരമായി മുംബൈ വിമാനത്താവളത്തിലിറക്കി. ദുബായിയില്‍ നിന്ന് മാലിയിലേക്ക് പോവുകയായിരുന്ന എമിറേറ്റ്സ് ഇ.കെ 652 വിമാനമാണ് ചൊവ്വാഴ്ച ഉച്ചകഴിഞ്ഞ് മുംബൈ അന്താരാഷ്ട്ര വിമാനത്താവളത്തിലേക്ക് തിരിച്ചുവിട്ടത്. ബോയിംഗ് 777-300 LR ഇനത്തിലുള്ള വിമാനത്തില്‍ 309 യാത്രക്കാരാണ് ഉണ്ടായിരുന്നത്.

EMIRATES

പൈലറ്റില്‍ നിന്നും മുംബൈ എയര്‍ ട്രാഫിക് കണ്‍ട്രോളര്‍ക്ക് അപകടസന്ദേശം ലഭിച്ചതിനെത്തുടര്‍ന്ന് വിമാനത്താവളത്തില്‍ അടിയന്തിര സാഹചര്യം നേരിടാനുള്ള സജ്ജീകരണങ്ങള്‍ തയ്യാറാക്കി. ഏതെങ്കിലും കാരണവശാല്‍ വിമാനത്തിന് മുംബൈ എയര്‍പോര്‍ട്ടിലേക്ക് എത്താനായില്ലെങ്കില്‍ രക്ഷാപ്രവര്‍ത്തനത്തിനായി വിമാനം വരുന്ന വഴിയില്‍ കടലില്‍ ഇന്ത്യന്‍ തീരരക്ഷാ സേന രണ്ട് കപ്പലുകള്‍ തയ്യാറാക്കി നിര്‍ത്തി. വിമാനത്താവളത്തിനുള്ളില്‍ ആംബുലന്‍സ്, അഗ്നിരക്ഷാ സേന തുടങ്ങിയ സംവിധാനങ്ങളും തയ്യാറാക്കിയിരുന്നു.

ഒടുവില്‍ ആശങ്കകള്‍ക്ക് വിരാമമിട്ട് വിമാനം ഛത്രപതി അന്തരാഷ്ട്ര വിമാനത്താവളത്തിലെ 9 ാം നമ്പര്‍ റണ്‍വേയില്‍ സുരക്ഷിതമായി ഇറക്കി. വിമാനം നിലത്തിറക്കിയ ഉടനെ യാത്രക്കാരെ മഴുവന്‍ ഒഴിപ്പിച്ചു. ഇവര്‍ സുരക്ഷിതരാണെന്ന് വിമാനക്കമ്പനിയും വിമാനത്താവള അധികൃതരും അറിയിച്ചു.

shortlink

Post Your Comments


Back to top button