കൊച്ചി ● കേന്ദ്ര സര്‍ക്കാരിന്റെ ആദര്‍ശ ഗ്രാമം പദ്ധതി നടത്തിപ്പില്‍ കോട്ടുവള്ളി ഗ്രാമപഞ്ചായത്ത് രാജ്യത്തിന് തന്നെ മാതൃകയാകുന്നു. പദ്ധതിയിലേക്ക് പ്രൊഫ. കെ.വി. തോമസ് എം.പിയാണ് കോട്ടുവള്ളിയെ നിര്‍ദേശിച്ചത്. സംസ്ഥാനത്ത് കേന്ദ്ര നിര്‍ദേശ പ്രകാരം എം.പിമാര്‍ ദത്തെടുത്ത് വികസനത്തിനായി നിര്‍ദേശിച്ച 30 പഞ്ചായത്തുകളില്‍ എല്ലാ മാനദണ്ഡങ്ങളും പാലിച്ച ആറ് പഞ്ചായത്തുകളില്‍ ഏറ്റവും മുന്‍പന്തിയിലാണ് കോട്ടുവള്ളിയെന്ന് പ്രൊഫ. കെ.വി. തോമസ് പറഞ്ഞു.
കോട്ടുവള്ളിയില്‍ കേന്ദ്രപദ്ധതികള്‍ക്ക് പുറമെ അര്‍ഹരായ മുഴുവന്‍ ഗ്രാമീണര്‍ക്കും പ്രധാനമന്ത്രി ഭീമസുരക്ഷയോജന ഇന്‍ഷ്വറന്‍സ് ഏര്‍പ്പെടുത്തി സമ്പൂര്‍ണ സുരക്ഷിത ഗ്രാമത്തിന്റെ പദവിയിലേക്കുയര്‍ത്തി. ജീവിതശൈലി രോഗനിര്‍മാര്‍ജ്ജനം ലക്ഷ്യമിട്ട് ദേശീയ മനുഷ്യാവകാശ കമ്മീഷന്റെ സഹകരണത്തോടെ നടത്തിയ സമ്പൂര്‍ണ മെഡിക്കല്‍ ക്യാമ്പില്‍ ഗ്രാമത്തിലെ മുഴുവന്‍ ജനങ്ങളും പങ്കെടുത്തു. ഈ രണ്ട് പദ്ധതികളും കേന്ദ്രം നിര്‍ദേശിച്ച മാനദണ്ഡങ്ങള്‍ക്ക് പുറമെയാണ്. കേന്ദ്ര മാനദണ്ഡങ്ങള്‍ നടപ്പിലാക്കിയ മറ്റ് പഞ്ചായത്തുകളില്‍ ഇത്തരത്തിലുള്ള പദ്ധതികള്‍ നടപ്പാക്കിയിട്ടില്ലെന്ന് കെ.വി. തോമസ് ചൂണ്ടിക്കാട്ടി.
തീരദേശ ഗ്രാമമായ കോട്ടുവള്ളിക്ക് പിന്നാലെ കാര്‍ഷികഗ്രാമമായ കുന്നുകര ഗ്രാമ പഞ്ചായത്തിനെ ഈ വര്‍ഷം ഏറ്റെടുത്ത് സന്‍സദ് ആദര്‍ശ ഗ്രാമമായി വികസിപ്പിക്കുമെന്നും കോട്ടുവള്ളി പഞ്ചായത്തിന്റെ അവലോകനയോഗത്തില്‍ എം.പി വ്യക്തമാക്കി. സന്‍സദ് ആദര്‍ശ് ഗ്രാമപദ്ധതി പ്രകാരം കോട്ടുവള്ളിയില്‍ ഭവനരഹിതരായവര്‍ക്ക് 200 വീടുകള്‍ അനുവദിച്ചു. ഇതില്‍ 158 എണ്ണത്തിനും എഗ്രിമെന്റ് വെച്ചു, പണി പൂര്‍ത്തിയായി വരുന്നു. നിയമപ്രശ്‌നങ്ങള്‍ പരിഹരിച്ച് ബാക്കി വീടുകള്‍ക്ക് അനുമതി നല്‍കും. 22 ഡയറി യൂണിറ്റുകളും 22 കാലിത്തൊഴുത്ത് യൂണിറ്റുകളും ആരംഭിച്ചു. അഞ്ച് പട്ടികജാതി കുടുംബങ്ങള്‍ക്ക് സ്ഥലം നല്‍കി. പത്ത് പട്ടികജാതി കുടുംബങ്ങള്‍ക്ക് ഭവനനിര്‍മ്മാണത്തിന് സഹായം അനുവദിച്ചു.
കോഴി ഗ്രാമം പദ്ധതി പ്രകാരം 40 കുടുംബങ്ങള്‍ക്ക് 15000 വീതം വായ്പ നല്‍കി. സ്വഛ് ഭാരത് പദ്ധതിപ്രകാരം കക്കൂസ് നിര്‍മ്മാണത്തിന് 188 കുടുംബങ്ങള്‍ക്ക് 15400 രൂപ വീതം സഹായം നല്‍കി. ഈ വര്‍ഷം ആവശ്യമായ മുഴുവന്‍പേര്‍ക്കും സഹായം നല്‍കും. മുദ്ര ലോണ്‍ പദ്ധതി പ്രകാരം 25 പേര്‍ക്ക് വിവിധ മേഖലകളില്‍ സ്വയം തൊഴില്‍ കണ്ടെത്തുന്നതിന് വായ്പ അനുവദിച്ചു. പഞ്ചായത്ത് ഓഫീസില്‍ ചേര്‍ന്ന അവലോകനയോഗത്തില്‍ വി.ഡി. സതീശന്‍ എം.എല്‍.എ, പഞ്ചായത്ത് പ്രസിഡണ്ട് കെ.കെ. ശാന്ത, പ്രൊജക്ട് ഓഫീസര്‍ കൂടിയായ എ.ഡി.സി. കെ.ജെ. ടോമി, പഞ്ചായത്ത് തല കോ-ഓര്‍ഡിനേറ്റര്‍ അഗസ്റ്റിന്‍ എന്നിവര്‍ പ്രസംഗിച്ചു.
Post Your Comments