അമേരിക്ക ആസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന അറ്റ്‌ലാന്‍റിക് കൗണ്‍സില്‍ പുറത്തിറക്കിയ 25-പേജുള്ള പുതിയ റിപ്പോര്‍ട്ടില്‍ റഷ്യയ്ക്കെതിരെ നാറ്റോയ്ക്ക് ശക്തമായ മുന്നറിയിപ്പ്. “ഇരുട്ടി വെളുക്കുന്ന” നേരംകൊണ്ട് റഷ്യ പോളണ്ടില്‍ കടന്നുകയറ്റം നടത്തിയേക്കാമെന്നും, അത് തടയണമെങ്കില്‍ ബാള്‍ട്ടിക് പ്രദേശത്തെ നാറ്റോ സൈനികശക്തിയും മിസ്സൈല്‍ വിന്യാസവും വര്‍ദ്ധിപ്പിക്കണമെന്നും ആണ് അറ്റ്‌ലാന്‍റിക് കൗണ്‍സില്‍ തങ്ങളുടെ റിപ്പോര്‍ട്ടില്‍ നല്‍കുന്ന മുന്നറിയിപ്പ്.
ഇപ്പോള്‍ ഇത്തരത്തിലുള്ള കടന്നുകയറ്റം നടത്താനുള്ള പദ്ധതികളൊന്നും റഷ്യയ്ക്കില്ല എന്ന്‍ തോന്നാമെങ്കിലും അപ്രതീക്ഷിതമായി, അതിവേഗത്തോടെ, കൃത്യമായി തയാറാക്കിയ പദ്ധതികള്‍ അനുസരിച്ച്തന്നെ അത് നടത്താനുള്ള ശേഷി മോസ്ക്കോയ്ക്കുണ്ടെന്നും അറ്റ്‌ലാന്‍റിക് കൗണ്‍സില്‍ റിപ്പോര്‍ട്ടില്‍ പറയുന്നു. മറ്റൊരു പ്രതിസന്ധിയില്‍പ്പെട്ട് നാറ്റോയുടെ ശ്രദ്ധ അല്‍പ്പം പതറിയിരിക്കുന്ന അവസരത്തിലോ, നാറ്റോ നീക്കങ്ങളില്‍ പൊടുന്നനെ തെറ്റിദ്ധാരണയുണ്ടാകുന്ന അവസരത്തിലോ പോളണ്ടിനെ ആക്രമിച്ച് കീഴടക്കാന്‍ റഷ്യ തീരുമാനിച്ചേക്കുമെന്നാണ് അറ്റ്‌ലാന്‍റിക് കൗണ്‍സിലിന്‍റെ മുന്നറിയിപ്പിന്‍റെ സാരം.
റഷ്യ ഒരിക്കലും തങ്ങളുടെ യഥാര്‍ത്ഥ ലക്ഷ്യങ്ങളെ ഒളിപ്പിക്കാറില്ല. റഷ്യയുടെ തുറന്ന രീതിയിലുള്ള പ്രഖ്യാപനങ്ങളെ മുഖവിലയ്ക്കെടുക്കാന്‍ പടിഞ്ഞാറന്‍ രാജ്യങ്ങള്‍ കൂട്ടാക്കത്തതാണ് പ്രശ്നം, റിപ്പോര്‍ട്ടില്‍ പറയുന്നു.
ഇപ്പോഴത്തെ നിലയില്‍ റഷ്യയുടെ ഒരക്രമണത്തേയും പ്രതിരോധിക്കാനുള്ള കെല്‍പ്പ് നാറ്റോ സേനയ്ക്കും, പോളിഷ് സേനയ്ക്കും ഇല്ലെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. പക്ഷേ, നാറ്റോ പോളണ്ടുള്‍പ്പെടുന്ന ബാള്‍ട്ടിക് പ്രദേശത്തെ തങ്ങളുടെ സൈനികശക്തി വര്‍ദ്ധിപ്പിക്കുകയാണെങ്കില്‍ റഷ്യയെ തോല്‍പ്പിക്കാന്‍ കഴിഞ്ഞില്ലെങ്കിലും ദീര്‍ഘനാള്‍ പ്രതിരോധിച്ച് നില്‍ക്കാനെങ്കിലും കഴിയുമെന്ന് റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നു.
Post Your Comments