KeralaNewsIndia

ഭക്ഷ്യ വസ്തുക്കളുടെ പ്രാദേശിക നികുതി ഒഴിവാക്കണമെന്ന കേന്ദ്ര നിലപാട് ആശാവഹം

അവശ്യ ഭക്ഷ്യവസ്‌തുക്കളില്‍ ഏര്‍പ്പെടുത്തിയ എല്ലാ പ്രാദേശിക നികുതികളും എടുത്തുകളയാന്‍ സംസ്‌ഥാനങ്ങള്‍ക്കു കേന്ദ്രസര്‍ക്കാരിന്റെ നിര്‍ദേശം.
സംസ്‌ഥാനങ്ങളുടെ ചീഫ്‌ സെക്രട്ടറിമാര്‍ക്ക്‌ എഴുതിയ കത്തില്‍ ഭക്ഷ്യമന്ത്രാലയം സെക്രട്ടറി ഹേം പാണ്ഡെയാണ്‌ ഇക്കാര്യം ആവശ്യപ്പെട്ടിരിക്കുന്നത്‌.

ഭക്ഷ്യവസ്‌തുക്കളുടെ വിലവര്‍ധന തടയുന്നതിന്റെ ഭാഗമായാണിത്‌. അതോടൊപ്പം ഭക്ഷ്യവസ്‌തുക്കളുടെ വില നിയന്ത്രിക്കുന്നതിന്‌ അതത്‌ സമയങ്ങളില്‍ വിപണിയില്‍ ഇടപെടാനും ആവശ്യമായ നടപടികള്‍ സ്വീകരിക്കാനും അവലോകനം നടത്താനും കത്തില്‍ നിര്‍ദ്ദേശിച്ചിട്ടുണ്ട്‌. അവശ്യ ഭക്ഷ്യവസ്‌തു നിയമത്തിന്റെ കീഴില്‍ വരുന്ന പയറുവര്‍ഗങ്ങള്‍ ഉള്‍പ്പടെയുള്ള ഭക്ഷ്യവസ്‌തുക്കളുടെ വില നിയന്ത്രിയ്‌ക്കുന്നതിനു വിലനയം രൂപപ്പെടുത്തണം. ഇതിനായി സബ്‌സിഡി നല്‍കാവുന്നതാണ്‌.

ഇതു ഫലപ്രദമാക്കുന്നതിനു സര്‍ക്കാരിന്റെ കരുതല്‍ ശേഖരത്തില്‍നിന്ന്‌ അവശ്യമായ സമയങ്ങളില്‍ ഭക്ഷ്യവസ്‌തുക്കള്‍ എടുക്കണം. പയറുവര്‍ഗങ്ങള്‍, ഭക്ഷ്യ എണ്ണകള്‍, എണ്ണക്കുരുക്കള്‍, ഉള്ളി തുടങ്ങിയവയ്‌ക്കുള്ള കരുതല്‍ സൗകര്യങ്ങള്‍ മെച്ചപ്പെടുത്തണം. ആഘോഷ സീസണുകള്‍ വരുന്നതിനാല്‍ കരിഞ്ചന്തയും പൂഴ്‌ത്തിവയ്‌പ്പും നടക്കുന്നില്ലെന്ന്‌ ഉറപ്പാക്കണം. പരിശോധനകള്‍ക്കൊപ്പം ഇത്തരക്കാര്‍ക്കെതിരേ കര്‍ശനനടപടി സ്വീകരിക്കണമെന്നും കേന്ദ്രം നിര്‍ദ്ദേശിക്കുന്നു.

ആവശ്യമായ ഭക്ഷ്യവസ്‌തുക്കള്‍ വിപണിയിലുണ്ടെന്നും സംസ്‌ഥാന സര്‍ക്കാര്‍ ഉറപ്പുവരുത്തണം. അതോടൊപ്പം ഇടനിലക്കാരെ ഒഴിവാക്കി രാജ്യത്തെ കര്‍ഷകരില്‍നിന്ന്‌ ഉപയോക്‌താക്കളിലേക്കു നേരിട്ടു ഭക്ഷ്യവസ്‌തുക്കള്‍ എത്തുന്നതിനും കര്‍ഷകര്‍ക്ക്‌ മതിയായ വില ഉറപ്പുവരുത്തുന്നതിനും കാര്‍ഷിക ഉല്‍പന്ന വിപണി സമിതി നിയമം പുനരവലോകനം ചെയ്യാനും നിര്‍ദ്ദേശിച്ചിട്ടുണ്ട്‌.

അതോടൊപ്പം ഉപയോക്‌താക്കള്‍ക്ക്‌ കുറഞ്ഞവിലയ്‌ക്ക്‌ ഭക്ഷ്യവസ്‌തുക്കള്‍ ലഭിക്കുന്നുണ്ടെന്ന്‌ ഉറപ്പു വരുത്തണം. ഇതിനായി കഴിഞ്ഞ മേയില്‍ നടന്ന സംസ്‌ഥാന ഭക്ഷ്യമന്ത്രിമാരുടെ യോഗത്തില്‍ തയാറാക്കിയ കര്‍മപദ്ധതി നടപ്പാക്കണം.

വിലനിരീക്ഷണ സെല്ലുകള്‍ ശക്‌തിപ്പെടുത്തി താഴെത്തട്ടു മുതലുള്ള ദൈനംദിന വിവരങ്ങള്‍ ശേഖരിക്കണം. വിവരങ്ങള്‍ ബന്ധപ്പെട്ട കേന്ദ്ര ഏജന്‍സികള്‍ക്കും നല്‍കണം. മാസത്തില്‍ അവലോകനം നടത്തി റിപ്പോര്‍ട്ട്‌ തയാറാക്കണം. നടപടി റിപ്പോര്‍ട്ട്‌ ഭക്ഷ്യവകുപ്പിന്റെ വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിക്കണമെന്നും കേന്ദ്രം നിര്‍ദേശിച്ചിട്ടുണ്ട്‌.

പരിശോധനയ്‌ക്കായി അവശ്യവസ്‌തു നിയമത്തിനുകീഴില്‍ പ്രത്യേകവിഭാഗം രൂപീകരിക്കണം. തമിഴ്‌നാട്‌ സിവില്‍ സപ്ലൈസ്‌ ക്രൈം ഇന്‍വെസ്‌റ്റിഗേഷന്‍ ഡിപ്പാര്‍ട്ട്‌മെന്റ്‌ ഇതിന്‌ മാതൃകയാക്കാവുന്നതാണ്‌. വിവരങ്ങള്‍ പ്രസിദ്ധപ്പെടുത്തുന്നതിന്‌ സംവിധാനം വേണം. അതോടൊപ്പം വിപണിയിലെ കള്ളക്കളികള്‍ കണ്ടെത്തുന്നതിന്‌ പ്രത്യേക ഇന്‍ഫര്‍മേഷന്‍ മാനേജ്‌മെന്റ്‌ സംവിധാനം രൂപപ്പെടുത്തണമെന്നും കേന്ദ്ര സര്‍ക്കാര്‍ നിര്‍ദേശിക്കുന്നു. കേന്ദ്ര സര്‍ക്കാരിന്റെ ഈ നിലപാട് ഉപഭോക്താക്കളില്‍ പ്രതീക്ഷയുണര്‍ത്തുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button