NewsNews Story

ചരിത്രപ്രസിദ്ധമായ ആറന്മുള വള്ളസദ്യയെ കുറിച്ച്

പരിശുദ്ധിയോടെ നീണ്ടു നിവര്‍ന്നു കാത്തു കിടക്കുന്ന തൂശനിലയിലക്ക് പമ്പാതീര്‍ത്ഥം കുടയുമ്പോള്‍ തന്നിലേക്ക് വിഭവങ്ങള്‍ പകരാന്‍ കൊതിക്കുന്ന ഇല. പിന്നെ തുടങ്ങുകയായി രുചിയൂറും വിഭവങ്ങളുടെ ഘോഷയാത്ര. അണിഞ്ഞൊരുങ്ങിയ ചുണ്ടന്‍വള്ളങ്ങള്‍ നിരന്നപോലെ ഒന്നിനു പിറകെ ഒന്നായി വരുന്നു. അവിയല്‍, പച്ചടി, കിച്ചടി, ചീരത്തോരന്‍, തകരത്തോരന്‍, ഏത്തയ്ക്കാത്തോരന്‍, മാങ്ങാ അച്ചാര്‍, നാരങ്ങ അച്ചര്‍, നെല്ലിക്കാ അച്ചാര്‍…ഇങ്ങനെ വിഭവങ്ങള്‍ മൊത്തം 63. എല്ലാം കൂടി കൂട്ടികുഴച്ചൊരു കുശാലായ ശാപ്പാട്. ഓര്‍ക്കുമ്പോള്‍ തന്നെ വായില്‍ പള്ളിയോടമിറക്കാം. അതാണ് ആറന്മുള വള്ളസദ്യ. പാരമ്പര്യവും സംസ്‌കാരവും രുചിയുമെല്ലാം കൂടി സമ്മേളിക്കുന്ന മലയാളക്കരയുടെ തന്നെ രൂചിക്കൂട്ടുത്സവം. 

ലോകത്തെ തന്നെ അപൂര്‍വമായ ഭക്ഷണസംസ്‌കാരമാണ് പത്തനംതിട്ട ജില്ലയിലെ ആറന്മുള ശ്രീ പാര്‍ത്ഥസാരഥി ക്ഷേത്രത്തിലെ വള്ളസദ്യ, മലയാളിയുടെ വ്യത്യസ്ത രുചികൂട്ടുകളുടെ സംഗമ വേദി. ഇലയുടെ ഇടത്തേയറ്റത്ത് ഉപ്പേരി. പരിപ്പുവട, ഉണക്കമുന്തിരി, കല്‍ക്കണ്ടം, കരിമ്പ്് എന്നിങ്ങനെ പോകും. ഒഴിച്ചു കൂട്ടാന്‍ പരിപ്പ്, സാമ്പാര്‍, രസം, പുളിശേരി, പഴുത്ത മാങ്ങാക്കറി, പാളത്തൈര് എന്നിങ്ങനെ നീളുന്നു. അമ്പലപ്പുഴ പാല്‍പായിസമടക്കം അഞ്ചു കൂട്ടം. കുടിയ്ക്കാന്‍ കരിങ്ങാലി വെള്ളവും ചുക്കുവെള്ളവും തീര്‍ത്ഥവും. കദളിപ്പഴം അടക്കം നാലു കൂട്ടം വാഴപ്പഴങ്ങളും. വള്ളസദ്യയുടെ വിശേഷങ്ങള്‍ ഇങ്ങനെ നീളുന്നു.

അഭീഷ്ടസിദ്ധിയ്ക്കായി ഭക്തര്‍ ആറന്മുളയപ്പന് ആണ്ടുതോറും നടത്തി വരുന്ന വിശേഷാല്‍ ചടങ്ങാണ് വള്ളസദ്യ. വള്ളസദ്യ നടത്തുന്ന വഴിപാടുകാരന്‍ ആറന്മുളക്കരയ്ക്കു ചുറ്റുമുള്ള കരകളിലെ പള്ളിയോടങ്ങളില്‍(ചുണ്ടന്‍വള്ളം) ഏതെങ്കിലുമൊന്നിനെ വള്ളസദ്യയ്ക്കായി ക്ഷണിക്കും. വള്ളസദ്യയുടെ അന്ന് വള്ളസദ്യ നടത്തുന്നയാള്‍ ആറന്മുളയപ്പനെ ദര്‍ശിച്ച് അനുഗ്രഹം വാങ്ങി കൊടിമരത്തിനു മുന്നില്‍ നിറപറയും നിലവിളക്കും ഒരുക്കും. തുടര്‍ന്ന് ക്ഷേത്രത്തില്‍ നിന്ന് പൂജിച്ചു നല്‍കുന്ന മാല പള്ളിയോടത്തിന് ചാര്‍ത്തി കരനാഥന് വെറ്റിലയും പുകയിലയും നല്‍കും. ഇതോടെ പള്ളിയോടം തങ്ങളുടെ കരയില്‍ നിന്ന് ക്ഷേത്രത്തിലേക്കുള്ള യാത്ര ആരംഭിക്കും. പമ്പയുടെ ഓളങ്ങള്‍ക്കും ആവേശം നല്‍കി പള്ളിയോടങ്ങളില്‍ സഞ്ചരിക്കുന്നവര്‍ പാര്‍ത്ഥസാരഥിയെ വര്‍ണിച്ച് വഞ്ചിപ്പാട്ടുകള്‍ പാടും. പള്ളിയോടം ക്ഷേത്രക്കടവിലെത്തുന്നതോടെ ആര്‍ഭാടമായ വരവേല്‍പ്പാണ് നല്‍കുന്നത്. വഴിപാടുകാരന്‍ കരക്കാര്‍ക്ക് വെറ്റില, പുകയില നല്‍കിയാണ് സ്വീകരിക്കുന്നത്. വാദ്യമേളങ്ങളുടെയും താലപ്പൊലിയുടെയും അകമ്പടിയോടെ വള്ളക്കാരെ ക്ഷേത്രത്തിലേക്ക് ആനയിക്കും. അപ്പോഴും ഭഗവാനെ പ്രകീര്‍ത്തിച്ചു പാടുന്ന വഞ്ചിപ്പാട് തുടരും. ക്ഷേത്രത്തിന് മൂന്നു വലംവെച്ച് വള്ളക്കാര്‍ തങ്ങളുടെ നയമ്പ് കൊടിമര ചുവട്ടിലെ നിറപറയ്ക്കു മുന്നിലേക്ക് വെച്ച് ഊട്ടുപുരയിലേക്ക് പ്രവേശിക്കും.
വള്ളസദ്യ ഊണ്ണുന്നതിലും ഉണ്ട് ചില ചടങ്ങുകളും സവിശേഷതകളുമൊക്കെ. വഴിപാടുകാരന്‍ ആദ്യ ഇലയില്‍ ആറന്മുളയപ്പനുള്ള വിഭവങ്ങള്‍ ഭക്തിയോടെ ഭദ്രദീപം തെളിയിച്ച്് വിളമ്പും. അപ്പോഴും വഞ്ചിപ്പാട്ടിന്റെ മുറുകുന്ന താളം പിന്നണിയില്‍ നിറയും. ഇടയ്ക്ക് താളം കൂടുതല്‍ മുറുകും. താളത്തിന് പള്ളിയോടത്തിന്റെ അഴകുപോലെ കൈയടിയും. ‘ഭഗവാന്റെ തിരു മുമ്പില്‍ വിളമ്പീടേണേ തെയ്’ എന്ന് പാടിയും വള്ളക്കാര്‍ ഓര്‍മിപ്പിയ്ക്കും.

ഇനി സദ്യ തുടങ്ങിയാലോ, വിഭവങ്ങളുടെ ഘോഷയാത്രയ്ക്കിടയില്‍ മലയാളിയുടെ താളബോധത്തിന്റെയും സംസ്‌കാരത്തിന്റെയും സാഹിത്യത്തിന്റെയും മഹത്വം വിളിച്ചോതി വഞ്ചിപ്പാട്ട് അങ്ങനെ തുടരും. വള്ളക്കാര്‍ ആവശ്യമുള്ള വിഭവങ്ങള്‍ ഓരോന്നും പാടി ചോദിക്കുന്ന രീതിയാണ് പതിവ്. തുമ്പപ്പൂ ചോറില്‍ പരിപ്പ് കറി ഒഴിച്ച ശേഷം നെയ്യുമായി എത്തിയപ്പോള്‍ ചിലര്‍ക്ക് അസംതൃപ്തി തോന്നിയാല്‍ പാടുകയായി, ‘നറുനെയ് നമുക്ക് വേണ്ട, വെണ്ണതന്നെ തന്നീടേണം’. അപ്പോഴേക്കും വെണ്ണയെത്തും. വിഭവങ്ങള്‍ ഒരോന്നും ഇലയിലേക്കിങ്ങനെ പാടി ഒഴുകി എത്തിയ്ക്കും. ‘ചെങ്കതളി കൂമ്പുതോരന്‍ പോരട്ടേ വേഗം തെയ്’ എന്നു പാടുമ്പോഴേക്കും തോരനെത്തും. ഇതിനിടയിലായിരിക്കും ‘തിരുവാറന്മുളയപ്പന്റെ പൊന്നിന്‍തിടമ്പേറ്റും ഗജരാജനായ ശ്രീരഘുനാഥന്റെ ഇഷ്ടഭോജനമായ നീലക്കരിമ്പേ…അത് കൊണ്ടുവാ’ എന്നു പാടുന്നത്. എന്തു പാടിയാലും അത് ഇലയിലെത്തും. എത്തിയ്ക്കണം. എത്തിയിരിക്കുന്നത് ഭഗവാന്റെ പ്രതീകങ്ങള്‍ തന്നെയാണല്ലോ. വിഭവങ്ങള്‍ മാത്രം പോരാ. ഇവരുടെ ക്ഷേമവും നോക്കണം. ‘ വല്ലാതെ ഉഷ്ണം തോന്നുന്ന നേരം, രാമച്ചത്തിന്റെ വിശറിയിപ്പോള്‍, കരിവളയിട്ട കൈകളാല്‍ തരുണീമണിയാല്‍ വീശി തരേണമിപ്പോള്‍’ എന്ന പാടുമ്പോഴേക്കും വീശി കൊടുക്കുകയും വേണം.

സമൃദ്ധമായ വളളസദ്യ കഴിച്ച സംത്യപ്തിയില്‍ വള്ളക്കാരും വഴിപാടുകാരും കൊടിമര ചുവട്ടിലെത്തും. ഇവിടെ പറ തളിച്ച ശേഷമാണ് പള്ളിയോടക്കാരുടെ മടക്കം. എങ്ങനെ സ്വീകരിച്ചുവോ അങ്ങനെ തന്നെ യാത്രയാക്കുകയും വേണം. താളമേളങ്ങള്‍ മുഴക്കി താലപ്പൊലിയുടെ അകമ്പടിയോടെ ക്ഷേത്രത്തിന് വലംവെച്ചാണ് മടക്കവും. മടക്കയാത്രയില്‍ ക്ഷീണം അകറ്റാന്‍ പഴക്കുലയും അവലും നല്‍കുന്ന ചടങ്ങുമുണ്ട്്. ക്ഷേത്രക്കടവിലെത്തി ‘യാത്ര ചോദിക്കുന്നു ഞങ്ങള്‍ സമ്മതിച്ചാലും തെയ്്’ എന്നിങ്ങനെ പാടി യാത്ര പറഞ്ഞാണ് നിറഞ്ഞ വയറും ആറന്മുളയപ്പനെ തൊഴുതു നിറഞ്ഞ മനസുമായി വള്ളക്കാരുടെ തിരിച്ചുപോക്ക്്്്്്.

ക്ഷേത്രാചാരവുമായി ബന്ധപ്പെട്ട എല്ലാ ചടങ്ങുകള്‍ക്കു പിന്നിലും ചില ഐതിഹ്യങ്ങളുണ്ട്. ആറന്മുള വള്ളസദ്യയ്ക്കു പിന്നലെ ഐതിഹ്യം തിരുവോണതോണിയുമായി ബന്ധപ്പെട്ടതാണ്. ആറന്മുള ക്ഷേത്രത്തിന് എട്ടു കിലോമീറ്റര്‍ കിഴക്കാണ് കാട്ടൂര്‍ എന്ന ഗ്രാമം. കാട്ടൂരിലുള്ള മങ്ങാട് ഇല്ലത്തെ ശ്രേഷ്ഠനായ ഒരു ഭട്ടതിരി എല്ലാ തിരുവോണനാളിലും ഒരു ബ്രഹ്മചാരിയെ കാല്‍കഴുകിച്ച് ഊട്ടുന്ന പതിവുണ്ടായിരുന്നു. എന്നാല്‍ ഒരാണ്ടിലെ തിരുവോണനാളില്‍ വിഭവങ്ങളൊരുക്കി കാത്തിരുന്നെങ്കിലും ബ്രഹ്മചാരിമാരാരും വന്നില്ല. ഭട്ടതിരി അതീവ ദുഖിതനായി. മനസമുരുകി ആറന്മുളയപ്പനെ പ്രാര്‍ത്ഥിച്ചു. അപ്പോഴേക്കും ശ്രീത്വം തുളുമ്പുന്ന ഒരു ബാലന്‍ ഇല്ലത്തെത്തി. ഇതോടെ വിഷാദം തുളുമ്പുന്ന ഭട്ടതിരിയുടെ മനസിലേക്ക് പ്രത്യാശയുടെ പുതുവെളിച്ചം. തികച്ചും അപ്രതീക്ഷിതമായി പിറ്റേക്കൊല്ലം തിരുവോണനാളിനോടടുത്ത്്്്്്് ഭട്ടതിരിയ്ക്ക്് ഒരു സ്വപ്‌ന ദര്‍ശനമുണ്ടായി. നേരത്തെ വന്ന ആ ബാലന്‍ ‘എനിക്കുള്ള വിഭവങ്ങള്‍ ഇനി മുതല്‍ ആറന്മുള ക്ഷേത്രത്തില്‍ എത്തിച്ചാല്‍ മതി’ എന്നു അരുളപ്പാടായി. നിറഞ്ഞ മനസോടെ ഉത്രാട സന്ധ്യയ്ക്കുതന്നെ തിരുവോണസദ്യയ്ക്കുള്ള വിഭവങ്ങളുമായി ഭട്ടതിരി തിരുവോണതോണിയില്‍ ക്ഷേത്രത്തിലേക്ക് പുറപ്പെട്ടു. അന്നു മുതല്‍ ഇന്നു വരെ ആ ആചാരം തുടരുന്നു. ഇടക്കാലത്ത് തിരുവോണത്തോണിയെ ചില തല്‍പരകക്ഷികള്‍ ആക്രമിക്കാന്‍ ശ്രമിച്ചപ്പോള്‍ ശക്തമായ പ്രതിഷേധം കരക്കാരുടെ ഭാഗത്തു നിന്നുണ്ടായി. വിവിധ കരയിലുളളവര്‍ തിരുവോണ തോണിയ്ക്ക് ചുണ്ടന്‍വള്ളങ്ങളില്‍ അകമ്പടി സേവിച്ചു. ഇന്നും മുടങ്ങാതെ ആഘോഷപൂര്‍വം കാട്ടൂരില്‍ നിന്ന്് വിഭവങ്ങളുമായി ആറന്മുളയിലേക്ക് തിരുവോണത്തോണി എത്തുന്നു എന്നതും വിശ്വാസത്തിന്റെ ആക്കം കൂട്ടുന്നു. കര്‍ക്കിടക മാസം പകുതിയോടെ തുടങ്ങുന്ന വള്ളസദ്യ ഇക്കൊല്ലം മുതല്‍ വഴിപാടുകാരുടെ സൗകര്യംമാനിച്ച് നേരത്തെ തുടങ്ങുകയാണ്, ആറന്മുളയപ്പന്റെ സര്‍വ മംഗളങ്ങളും പ്രതീക്ഷിച്ചുകൊണ്ട്്്.

പി.അയ്യപ്പദാസ്

shortlink

Post Your Comments


Back to top button