കൊച്ചി: ഹൈക്കോടതിയിലും പരിസരത്തും അഭിഭാഷകര്‍ മാധ്യമപ്രവര്‍ത്തകരെ അക്രമിച്ചതുമായി ബന്ധപ്പെട്ട സംഭവത്തില്‍ അഭിഭാഷകരുടെ നടപടികളെ വിമര്‍ശിച്ച മുതിര്‍ന്ന അഭിഭാഷകര്‍ക്കെതിരേ അസോസിയേഷന്‍ നടപടിക്ക് തയാറെടുക്കുന്നു. മാധ്യമ ചര്‍ച്ചകളില്‍ അഭിഭാഷകര്‍ക്കെതിരായി നിലപാടെടുത്ത ആറ് പേര്‍ക്ക് കാരണം കാണിക്കല്‍ നോട്ടീസ് നല്‍കാനാണ് ഹൈക്കോടതി അഭിഭാഷക അസോസിയേഷന്റെ നീക്കം. മുതിര്‍ന്ന അഭിഭാഷകരായ ഡോ. സെബാസ്റ്റ്യന്‍ പോള്‍, കാളീശ്വരം രാജ്, സി.പി.ഉദയഭാനു, ശിവന്‍ മഠത്തില്‍, എസ്. ജയശങ്കര്‍, വി.വി. നന്ദഗോപാല്‍ എന്നിവര്‍ക്കെതിരെയാണ് അച്ചടക്കനടപടി വരുന്നത്.ഗവ. പ്‌ളീഡര്‍ ധനേഷ് മാത്യു മാഞ്ഞൂരാന്‍ യുവതിയെ പെതുവഴിയില്‍വച്ചു കടന്നുപിടിച്ചെന്ന പരാതിയില്‍ പോലീസെടുത്ത കേസുമായി ബന്ധപ്പെട്ട വാര്‍ത്തകള്‍ മാധ്യമങ്ങളില്‍ വന്നതിനെത്തുടര്‍ന്നാണ് അഭിഭാഷകര്‍ മാധ്യമപ്രവര്‍ത്തകര്‍ക്കു നേരേ രണ്ടു ദിവസങ്ങളിലായി അക്രമം അഴിച്ചുവിട്ടത്.
ഹൈക്കോടതിയില്‍ റിപ്പോര്‍ട്ടിംഗിനായി എത്തിയ വനിതാ മാധ്യമപ്രവര്‍ത്തകരടക്കമുള്ളവരെ തടഞ്ഞുവയ്ക്കുകയും മീഡിയാ റൂം അടച്ചുപൂട്ടുകയും ചെയ്തിരുന്നു. ഹൈക്കോടതിയിലെ അക്രമസംഭവങ്ങളുടെ തുടര്‍ച്ചയായി വ്യാഴാഴ്ച തിരുവനന്തപുരം വഞ്ചിയൂര്‍ കോടതിയിലും മാധ്യമപ്രവര്‍ത്തകര്‍ക്കുനേരെ ആക്രമണം നടന്നു. ഹൈക്കോടതിയിലും പരിസരത്തും അഭിഭാഷകര്‍ മാധ്യമപ്രവര്‍ത്തകരെ ആക്രമിച്ചതുമായി ബന്ധപ്പെട്ട സംഭവത്തില്‍ ജുഡീഷ്യല്‍ അന്വേഷണം നടത്താന്‍ സര്‍ക്കാരിനോട് ശുപാര്‍ശ ചെയ്യാന്‍ അഡ്വക്കറ്റ് ജനറല്‍ തീരുമാനിച്ചുണ്ട്. ഇതുമായി ബന്ധപ്പെട്ട കേസുകള്‍ എറണാകുളം ഡെപ്യൂട്ടി സിറ്റി പോലീസ് കമ്മീഷണര്‍ അരുള്‍ ബി. കൃഷ്ണയെക്കൊണ്ട് അന്വേഷിപ്പിക്കാനും തീരുമാനമായി. അക്രമസംഭവങ്ങളുടെ പശ്ചാത്തലത്തില്‍ അഡ്വക്കറ്റ് ജനറല്‍ സി.പി. സുധാകര പ്രസാദിന്റെ നേതൃത്വത്തില്‍ മാധ്യമപ്രതിനിധികളുമായി നടന്ന ചര്‍ച്ചയിലാണു തീരുമാനം.അക്രമസംഭവങ്ങളുടെ പശ്ചാത്തലത്തില്‍ ഹൈക്കോടതിക്കു സമീപം സംഘം ചേരുന്നതിനും പൊതുയോഗങ്ങള്‍, ധര്‍ണ, മാര്‍ച്ച്, പിക്കറ്റിംഗ് എന്നിവ നടത്തുന്നതും നിയന്ത്രണമേര്‍പ്പെടുത്തി സിറ്റി പോലീസ് കമ്മീഷണര്‍ ഉത്തരവിറക്കിയിട്ടുണ്ട്. വ്യാഴാഴ്ച മുതല്‍ 15 ദിവസത്തേക്കു ഹൈക്കോടതിയുടെ 100 മീറ്റര്‍ ചുറ്റളവിലുള്ള സ്ഥലങ്ങളായ മത്തായി മാഞ്ഞൂരാന്‍ റോഡ്, ഇആര്‍ജി റോഡ്, എബ്രഹാം മാടമാക്കന്‍ റോഡ്, സലിം അലി റോഡ് എന്നിവിടങ്ങളിലാണു നിയന്ത്രണം.
Post Your Comments