നാം വസിക്കുന്ന ഭൂമിയും അതോടൊപ്പം സമസ്ഥ ഗ്രഹങ്ങളും സദാ സഞ്ചരിച്ചുകൊണ്ടേയിരിക്കുന്നു അതിനാല്‍ എല്ലാ ഗ്രഹങ്ങള്‍ക്കും രാശി മാറ്റം സംഭവിച്ചുകൊണ്ടേയിരിക്കും താരാ ഗ്രഹങ്ങളില്‍ ശനിയും, വ്യാഴവുമാണ് മറ്റ് ഗ്രഹങ്ങളെ അപേക്ഷിച്ച് മെല്ലേ ചലിച്ച് കൊണ്ടിരിക്കുന്ന ഗ്രഹങ്ങള്‍ ശനി രണ്ടര വര്‍ഷവും, വ്യാഴം ഒരു വര്‍ഷവും കൊണ്ടാണ് ഒരു രാശിയില്‍ നിന്ന് മറ്റൊരു രാശിയിലേക്ക് സഞ്ചരിക്കുന്നത്. അത് കൊണ്ട് തന്നെ ഒരു വ്യക്തിയുടെ ഒരു വര്‍ഷത്തെ ഫലം പറയുന്ന ഗ്രഹചാരഫലപ്രവചനത്തില്‍ ശനിയേയും വ്യാഴത്തെയുമാകും കൂടുതലായും ജ്യോത്സ്യന്മാര്‍ ആശ്രയിക്കുക, അതുകൊണ്ട് തന്നെ വ്യാഴമാറ്റം ജ്യോതിഷ വിശ്വാസികളെ സംബന്ധിച്ചിടത്തോളം വളരെ ജിജ്ഞാസയോടെ കാത്തിരിക്കുന്ന കാര്യമാണെന്നതില്‍ തര്‍ക്കമില്ല.
2016 ആഗസ്റ്റ് 11 ന് രാത്രിയാണ് വ്യാഴം ചിങ്ങം രാശിയില്‍ നിന്നും കന്നി രാശിയിലേക്ക് മാറുന്നത് ഇനി ഒരു വര്‍ഷക്കാലത്തോളം കൃത്യമായിപ്പറഞ്ഞാല്‍ 2017 സെപ്തംബര്‍ 12 വരെ വ്യാഴം കന്നി രാശിയിലാകും.
ചാരവശാലുള്ള ഫലപ്രവചനത്തിലും ജാതക ഫല പ്രവചനങ്ങളിലും, ഗ്രഹങ്ങളുടെ ആധിപത്യവും, സ്ഥിതിയും ജ്യോതിഷത്തില്‍ വളരെ പ്രധാന പങ്കാണ് വഹിക്കുന്നത് അതുകൊണ്ട് തന്നെ ഒരു വ്യക്തിയുടെ ഭാവി ജീവിതത്തെക്കുറിച്ച് അറിയുവാനുള്ള പ്രധാനവും, ഒരര്‍ത്ഥത്തില്‍ ഏകവുമായ ഉപാധിയാണ്‌ജ്യോതിഷവും ജാതകവും,ഇത്തരം ഗ്രഹപ്പകര്‍ച്ചകള്‍ മനുഷ്യജീവിതത്തില്‍ വലിയ സ്വാധീനമാണ് ചെലുത്തുന്നത് എന്ന കാര്യത്തില്‍ വിശ്വാസികള്‍ക്കിടയില്‍ തര്‍ക്കമില്ല . ജ്യോതിഷം വിശ്വാസികള്‍ക്ക് വഴികാട്ടിയാണ്, അതില്‍ ഏതു വഴി സ്വീകരിക്കണം എന്ന് നിശ്ചയിക്കേണ്ടത് നമ്മള്‍ തന്നെയാണ് എന്ന് മാത്രം.
ചിങ്ങം രാശി,ഇടവം രാശി,മീനം രാശി, മകര രാശി,വൃശ്ചികം രാശി തുടങ്ങിയ രാശിക്കാര്‍ക്ക് വ്യാഴം യഥാക്രമം 2,5,7,9,11,എന്നീ ഇഷ്ട്ട ഭാവങ്ങളില്‍ വരുന്നത് കൊണ്ട് പൊതുവേ ഈശ്വരാധീനവും, കാര്യവിജയവും, ധനലാഭവും, ഐശ്വര്യവും,പലവിധത്തിലുള്ള നേട്ടങ്ങളുടെയും കാലമാണ് വ്യാഴമാറ്റം കൊണ്ടുണ്ടാകുന്നത്.
അത് പോലെ തന്നെ
മേടം,കുംഭം,തുലാം എന്നീ രാശിക്കാര്‍ക്ക് ഇത്തവണത്തെ വ്യാഴമാറ്റം ഏറെ ദോഷഫലങ്ങളാണ് ഉണ്ടാക്കുക.
ഈ 3 രാശിക്കാര്‍ക്കും വ്യാഴം യഥാക്രമം 6,8,12 എന്നീ ഭാവങ്ങളിലാണ് വരുന്നത്, വ്യാഴസ്ഥിതിയില്‍ ഏറ്റവും കടുത്ത ദോഷഫലങ്ങള്‍ പറയുന്നതും മേല്‍പ്പറഞ്ഞ രാശിക്കാര്‍ക്കായിരിക്കും.
കന്നി,കര്‍ക്കിടകം,മിഥുനം,ധനു എന്നീ രാശിക്കാര്‍ക്ക് വ്യാഴം യഥാക്രമം 1,3,4,10 ഭാവങ്ങളില്‍ നില്‍ക്കുന്നത് കൊണ്ട് ഗുണദോഷ സമ്മിശ്രമായ ഫലങ്ങളാണ് പറയേണ്ടത്. എന്നിരുന്നാലും പൊതുവേ ദോഷഫലങ്ങള്‍ കൂടിയിരിക്കും
വ്യാഴമാറ്റത്തില്‍ ഓരോ രാശിക്കാര്‍ക്കും അനുഭവപ്പെടുന്ന പൊതുവായ മാറ്റങ്ങള്‍ താഴെ…
1.ജന്മവ്യാഴം വരുന്നത് കന്നിരാശിക്കാര്‍ക്കാണ്
( ഉത്രം മുക്കാല്‍,അത്തം,ചിത്തിര അര)
വേണ്ടത്ര ചിന്തിക്കാതെ ഉള്ള പ്രവര്‍ത്തികള്‍ ദോഷം വിളിച്ചു വരുത്തും.
ധനത്തിനും,ബുദ്ധിക്കും നാശം സംഭവിക്കുകയും, സ്ഥാനഭ്രംശമുണ്ടാകുകയും മറ്റുള്ളവരില്‍ നിന്നോ മറ്റുള്ളവരോടോ വലിയ കലഹത്തിന് ഇടയാക്കുകയും ചെയ്യും.
2.രണ്ടില്‍ വ്യാഴം വരുന്നത് ചിങ്ങക്കൂറില്‍ ജനിച്ചവര്‍ക്കാണ്
(മകം,പൂരം,ഉത്രത്തില്‍ കാല്‍)
സാമ്പത്തികമായി വളരെ മാറ്റങ്ങള്‍ ഉണ്ടാകും,കിട്ടാനുള്ള പണം കയ്യില്‍ വന്നുചേരും
ശത്രുഹാനിയും, ഭാര്യാഭര്‍ത്താക്കന്മാര്‍ തമ്മില്‍ പ്രശ്‌നങ്ങള്‍ പരിഹരിക്കപ്പെടും,കൃഷിയില്‍ താല്‍പ്പര്യം വര്‍ദ്ധിക്കും,മനസ്സമാധാനം ഉണ്ടാകും.
3.മൂന്നില്‍ വ്യാഴംവരുന്നത് കര്‍ക്കിടകക്കൂറുകാര്‍ക്കാണ്
(പുണര്‍തം കാല്‍,പൂയം,ആയില്യം)
പണമിടപാടുകളില്‍ വേണ്ടത്ര ശ്രദ്ധ ചെലുത്താത്തത് കൊണ്ട് പ്രശ്‌നങ്ങള്‍ ഉണ്ടാകും,സ്ഥാന ചലനം ഉണ്ടാകും, പല സുപ്രധാന കാര്യങ്ങള്‍ക്കും തടസ്സം നേരിടും,വിശ്വാസ വഞ്ചനക്ക് ഇടവരും.
4.നാലില്‍ വ്യാഴം നില്‍ക്കുന്നത് മിഥുനക്കൂറില്‍ ജനിച്ചവര്‍ക്കാണ്
(മകീര്യം അര, തിരുവാതിര, പുണര്‍തം കാല്‍)
നിശ്ചയിച്ച പല കാര്യങ്ങള്‍ക്കും താമസം നേരിടും,വ്യക്തി ബന്ധങ്ങള്‍ തകരാറിലാകും, ബന്ധുജനങ്ങള്‍ നിമിത്തം പലതര ക്ലേശങ്ങള്‍ ഉണ്ടാകും. സമാധാനാന്തരീക്ഷം ഒരിടത്തും ലഭിക്കുകയില്ല.യാത്രകള്‍ മുടങ്ങും.
5.അഞ്ചിലേക്ക് വ്യാഴം മാറുന്ന ഇടവക്കൂറില്‍ ജനിച്ചവര്‍ക്ക്
(കാര്‍ത്തിക മുക്കാല്‍, രോഹിണി, മകീര്യം അര)
വിവാഹത്തിന് ശ്രമിക്കുന്നവര്‍ക്ക് ആഗ്രഹ സാക്ഷാല്‍ക്കാരം ഉണ്ടാകും,സാമ്പത്തികമായി വളരെ അനുകൂലമായ മാറ്റങ്ങള്‍ ഉണ്ടാകും,സന്താനങ്ങള്‍ക്ക് മേന്മയുണ്ടാകും നാല്‍ക്കാലി ലാഭം, സമ്പല്‍സമൃദ്ധമായ ജീവിതം, ഭാര്യാ സുഖം, ആദരവ്,പുണ്ണ്യക്ഷേത്ര സന്ദര്‍ശനത്തിന് ഇടവരും.
6.ആറില്‍ വ്യാഴം നില്‍ക്കുന്ന മേടക്കൂറുകാര്‍ക്ക്
(അശ്വതി, ഭരണി, കാര്‍ത്തിക കാല്‍)
സാമ്പത്തികമായി വളരെ പരാധീനതകള്‍ വന്നുചേരും,
ഭാര്യാഭര്‍ത്താക്കന്മാര്‍ തമ്മില്‍ കലഹത്തിന് സാദ്ധ്യത, ഗൃഹത്തില്‍ പൊതുവേ അസ്വസ്ഥത നിലനില്‍ക്കും, മനസ്സമാധാനക്കുറവ്,തസ്‌കര ശല്യവും ഉണ്ടാകാതെ നോക്കണം.
7.ഏഴില്‍ വ്യാഴം സഞ്ചരിക്കുന്ന മീനക്കൂറുകാര്‍ക്ക്
(പൂരുരുട്ടാതി കാല്‍, ഉത്രട്ടാതി, രേവതി)
ഇവര്‍ക്ക് ഈ മാറ്റം വളരെ നല്ല ഗുണകരമാകും, ദാമ്പത്യജീവിതത്തില്‍ സന്തോഷം,വിവാഹത്തിന് ശ്രമിക്കുന്നവര്‍ക്ക് അനുകൂല സമയം,പലവിധ മാര്‍ഗ്ഗങ്ങളില്‍ ധന ലാഭം,ഇഷ്ട ഭക്ഷണ സമൃദ്ധി, പുതിയ വാഹന ലഭ്യത, ബൗദ്ധികമായ വികാസമുണ്ടാകും.ആരോടും സൗമ്യമായി സംസാരിക്കും.
8.എട്ടില്‍ വ്യാഴം സഞ്ചരിക്കുന്ന കുംഭക്കൂറുകാര്‍ക്ക്
(അവിട്ടം അര , ചതയം, പൂരുരുട്ടാതി മുക്കാല്‍)
ആരോഗ്യപ്രശ്‌നങ്ങള്‍ ഉണ്ടാകും, ചികിത്സക്ക് വേണ്ടി പണം മുടക്കേണ്ടിവരും, കഠിനമായ ദു:ഖത്തിന് കാരണമാകും, സഞ്ചാര ക്ലേശം, പ്രായമായവരുടെ ആയുസ്സിനെ കുറിച്ച് ആശങ്കയുണ്ടാക്കിയേക്കാം. വൈദ്യ സഹായത്തിനു അമാന്തം കാണിക്കരുത്,ശത്രുക്കള്‍ ഒരവസരത്തിനായി തക്കം പാര്‍ത്തിരിക്കുകയാണ് എന്നത് മറക്കരുത്,
9.ഒമ്പതില്‍ വ്യാഴം വരുന്ന മകരക്കൂറുകാര്‍ക്ക്
(ഉത്രാടം മുക്കാല്‍, തിരുവോണം, അവിട്ടം അര)
ഭാഗ്യദായകമായ കാലമാണ് സന്താന ശ്രേയസ്സും, കര്‍മ്മ ഗുണവും, ഭൂമി ലാഭവും,ഗൃഹ നിര്‍മ്മാണം പുനരാരംഭിക്കുവാനും നല്ലതാണ്, അപ്രതീക്ഷിതമായ ധനലാഭാമുണ്ടാകും,വിദേശത്തുള്ളവര്‍ക്ക് തൊഴില്‍ തടസ്സം ഉണ്ടായിരുന്നു എങ്കില്‍ അത് മാറി പുതിയ ജോലി ലഭിക്കും. പിതൃ ഗുണം കാണുന്നു,പുതിയ വാഹനം ലാഭമുണ്ടാകും,
10.പത്തില്‍ വ്യാഴം നില്‍ക്കുന്ന ധനുക്കൂറുകാര്‍ക്ക്
(മൂലം, പൂരാടം, ഉത്രാടം കാല്‍)
പൊതുവേ ഗുണദോഷ സമ്മിശ്രമായ ഫലങ്ങള്‍ക്ക് ഇടയുണ്ടാകും, തൊഴിലില്‍ സ്ഥാന മാറ്റമുണ്ടാകും ആരോഗ്യസ്ഥിതി മോശമാകാതെ നോക്കണം , ധനത്തിന് പ്രയാസം ഉണ്ടാകും, കര്‍മ്മ ഗുണം കുറയും, അധികാരികളുടെ അപ്രീതിയ്ക്ക് പാത്രമാകാതെ സൂക്ഷിക്കുക.
11.പതിനൊന്നിലേക്ക് വ്യാഴം വരുന്നത് വൃശ്ചിക കൂറ് കാര്‍ക്കാണ്
(വിശാഖം കാല്‍, അനിഴം, തൃക്കേട്ട)
പുതിയ സ്ഥാനമാനാദികള്‍ ലഭിക്കും, ആരോഗ്യസ്ഥിതി മെച്ചപ്പെടും,പലവഴിയില്‍ ധനം വന്ന് ചേരും,ഇതുവരെ നിറവേറാതിരുന്ന പല കാര്യങ്ങളും ഒരു തീരുമാനത്തില്‍ എത്തും, സഹോദരങ്ങളുമായി ഉള്ള ബന്ധം ദൃഡമാകും കുറെ കാലമായി മനസ്സിനെ അലട്ടിയിരുന്ന ചില പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണാനാകും, യാത്രകള്‍ കൊണ്ട് ഗുണമുണ്ടാകും.
12.പന്ത്രണ്ടാമിടത്ത് വ്യാഴം സഞ്ചരിക്കുന്ന തുലാം രാശിക്കാര്‍ക്ക്
(ചിത്തിര അര, ചോതി, വിശാഖം മുക്കാല്‍)
പല വിധ കഷ്ടാനുഭവങ്ങള്‍ക്ക് ഇടയുണ്ട്, ആപല്ക്കരമായ കാലമാണ് വീഴ്ച്ചകളോ,അപകടങ്ങളോ വരാതെ സൂക്ഷിക്കണം ധനനഷ്ടം വരും, ഉള്ള തൊഴില്‍ നഷ്ടപ്പെടാതെ സൂക്ഷിക്കണം, ഏര്‍പ്പെടുന്ന കാര്യങ്ങളില്‍ തടസ്സങ്ങള്‍ ഉണ്ടാകും.
മേല്‍പ്പറഞ്ഞ ഫലങ്ങള്‍ വ്യാഴത്തിന്റെ രാശിമാറ്റം മൂലം സംഭവിക്കുന്നതാണ് എന്നാല്‍ വ്യാഴമാറ്റം കൊണ്ട് ജാതകകാല്‍ വ്യാഴം ഉച്ചത്തിലോ, സ്വക്ഷേത്രത്തിലോ നില്‍ക്കുന്നവര്‍ക്ക് കാര്യമായ ദോഷഫലങ്ങള്‍ ഉണ്ടാവില്ല.എന്നിരുന്നാലും ജ്യോതിഷത്തില്‍ വ്യാഴത്തിന് സര്‍വ്വ ഈശ്വരന്മാരുടെയും ആധിപത്യം കല്‍പ്പിച്ചിരിക്കുന്നത് കൊണ്ട് വ്യാഴപ്രീതിക്കായി ,മഹാവിഷ്ണു ക്ഷേത്രദര്‍ശനം ചെയ്ത് ദോഷ നിവൃത്തിക്കായി പ്രാര്‍ത്ഥിക്കുന്നത് നല്ലതാണ്.
മറ്റ് ഗ്രഹങ്ങളുടെ സ്വാധീനത്താല്‍ ദോഷമനുഭവിക്കുന്നവര്‍ക്ക് അനുകൂല ഫലം കുറയാം,അതുപോലെ മറ്റ് ഗ്രഹങ്ങളുടെ സ്വാധീനത്താല്‍ വ്യാഴത്തിന്റെ ദോഷവും കുറയ്ക്കാനാകും.
ജാതകബലവും,പ്രായവും അനുസരിച്ച് ഫലത്തില്‍ ഏറ്റക്കുറച്ചിലുണ്ടാകാം
വ്യാഴ പ്രീതിക്കായി വ്യാഴാഴ്ച ദിവസങ്ങളില്‍ വ്രതം, ക്ഷേത്ര ദര്‍ശനം,ശ്രീ കൃഷ്ണന് വെണ്ണ, തുളസി മാല ചാര്‍ത്തുക, വിഷ്ണു ഗായത്രി മന്ത്ര ജപം നല്ല ഫലങ്ങള്‍ തരും. കൂടാതെ വിഷ്ണു സഹസ്ര നാമ ജപവും നല്ല ഫലം നല്‍കും.
എസ്.ജയദേവന്‍, ആസ്‌ട്രോളജര്‍ ആന്‍ഡ് ജെം കണ്‍സള്‍ട്ടന്റ്
Post Your Comments