കൊച്ചി: ഹൈക്കോടതി പരിസരത്ത് അഭിഭാഷകര്‍ മാധ്യമപ്രവര്‍ത്തകരെ കൈയേറ്റം ചെയ്ത സംഭവത്തില്‍ ജുഡീഷ്യല്‍ അന്വേഷണത്തിന് ശുപാര്‍ശ.ഹൈക്കോടതി ആക്റ്റിംഗ് ചീഫ് ജസ്റ്റിസിനോടും സര്‍ക്കാരിനോടും അഡ്വക്കേറ്റ് ജനറല്‍ സി.പി സുധാകരപ്രസാദാണ് ജുഡീഷ്യല്‍ അന്വേഷണം ആവശ്യപ്പെട്ടത്.
സംഭവത്തില്‍ മാധ്യമപ്രവര്‍ത്തകര്‍ക്കും പൊലീസിനും അഭിഭാഷകര്‍ക്കും വീഴ്ച പറ്റിയിട്ടുണ്ട്. എല്ലാവരുടെയും ഭാഗത്ത് തെറ്റുണ്ട്.ജുഡീഷ്യല്‍ അന്വേഷണത്തില്‍ സത്യം വെളിവാകും. വിരമിച്ച ജില്ലാ ജഡ്ജിയുടെ സേവനം ഇതിനായി വിട്ടുതരാന്‍ ആവശ്യപ്പെടും. പ്രശ്‌ന പരിഹാരത്തിനായാണ് നടപടിയെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം ഒരു സംഘം അഭിഭാഷകര്‍ ഇന്ന് നടത്തുന്ന ഹൈക്കോടതി ബഹിഷ്‌കരണത്തില്‍ പങ്കെടുക്കില്ലെന്ന് എറണാകുളം ജില്ലാ ബാര്‍ അസോസിയേഷന്‍ വ്യക്തമാക്കി. കൂടാതെ സംഘര്‍ഷവുമായി ബന്ധപ്പെട്ട് ഹൈക്കോടതിയുടെ അഡ്മിനിസ്‌ട്രേറ്റീവ് കൗണ്‍സില്‍ ചേര്‍ന്ന് ഇന്നുതന്നെ ഇക്കാര്യങ്ങളില്‍ ഒരു തീരുമാനം ഉണ്ടാകുമെന്നാണ് വിവരങ്ങള്‍.
ഇന്നലെ ഉച്ചയോടെയാണ് കേസില്‍ പ്രതിയായ സഹപ്രവര്‍ത്തകനുവേണ്ടി ഹൈക്കോടതിയിലും പരിസരത്തും അഭിഭാഷകര്‍ രോഷപ്രകടനവുമായി എത്തിയത്.തുടര്‍ച്ചയായ രണ്ടാംദിവസവമാണ് മാധ്യമപ്രവര്‍ത്തകര്‍ക്ക് മര്‍ദനമേല്‍ക്കുന്നതും.ഹൈക്കോടതി രജിസ്ട്രാര്‍ക്ക് പരാതി നല്‍കാന്‍ എത്തിയ വനിതകളായ മാധ്യമപ്രവര്‍ത്തകരെ അഭിഭാഷകര്‍ അപമാനിച്ച് ഇറക്കിവിടുകയും ക്യാമറാമാന്‍മാരെയും മാധ്യമപ്രവര്‍ത്തകരെയും മര്‍ദിക്കുകയും ചെയ്തു. മാധ്യമപ്രവര്‍ത്തകരുടെ പ്രതിഷേധ റാലിയിലേക്ക് ബൈക്ക് ഓടിച്ചുകയറ്റാനും ശ്രമം നടന്നു. ഉന്തും തള്ളുമുണ്ടായതോടെ പൊലീസ് ലാത്തിവീശുകയും ചെയ്തു.
കഴിഞ്ഞ ദിവസം മേനക ബോട്ട്‌ജെട്ടിയില്‍ ഗവണ്‍മെന്റ് പ്ലീഡര്‍ അഡ്വ. ധനേഷ് മാത്യു മാഞ്ഞൂരാന്‍ വഴിയാത്രക്കാരിയെ കയറിപ്പടിച്ച സംഭവത്തില്‍ പൊലീസ് കേസെടുത്ത വാര്‍ത്ത മാധ്യമങ്ങള്‍ പ്രാധാന്യത്തോടെ നല്‍കിയതാണ് പ്രശ്‌നങ്ങള്‍ക്ക് തുടക്കം. ധനേഷ് മാത്യുവിനെതിരായ കേസ് സ്റ്റേ ചെയ്യണമെന്ന ആവശ്യം ഹൈക്കോടതി നിരാകരിച്ചതും അഭിഭാഷകരെ പ്രകോപിപ്പിച്ചു. ചൊവ്വാഴ്ച ഉച്ചയ്ക്കുശേഷം ഡെക്കാണ്‍ ക്രോണിക്കിള്‍ റിപ്പോര്‍ട്ടറായ രോഹിത് രാജിനെ റിജില്‍ എന്ന അഭിഭാഷകന്റെ നേതൃത്വത്തില്‍ പത്തോളം അഭിഭാഷകര്‍ കൈയേറ്റംചെയ്തിരുന്നു.
തുടര്‍ന്ന് ഇതുസംബന്ധിച്ച് കോടതി റിപ്പോര്‍ട്ടര്‍മാര്‍ ചീഫ് ജസ്റ്റിസിനെയും രജിസ്ട്രാറെയും കണ്ട് പരാതി നല്‍കി. ഈ സംഭവവും മാധ്യമങ്ങളില്‍ വാര്‍ത്തയായിരുന്നു. തുടര്‍ന്ന് മീഡിയാറൂമിലെത്തിയ ചില അഭിഭാഷകര്‍ അവിടെയിരുന്ന സീനിയര്‍ അഭിഭാഷകന്‍കൂടിയായ മാധ്യമപ്രവര്‍ത്തകനെ ചവിട്ടി. ഇതില്‍ പ്രതിഷേധിച്ചാണ് മാധ്യമപ്രവര്‍ത്തകര്‍ അഭിഭാഷക അസോസിയേഷന്‍ ഓഫീസിലേക്ക് ചൊവ്വാഴ്ച മാര്‍ച്ച് നടത്തിയിരുന്നു. പ്ലീഡറുടെ കേസുമായി ബന്ധപ്പെട്ട് ആദ്യം പൊലീസുകാര്‍ക്ക് എതിരെ അഭിഭാഷകര്‍ രംഗത്തെത്തിയിരുന്നു. തുടര്‍ന്ന് വിഷയത്തില്‍ അഡ്വക്കേറ്റ് ജനറല്‍ ഇടപെട്ടിരുന്നു. പിന്നാലെയാണ് മാധ്യമപ്രവര്‍ത്തകര്‍ക്ക് നേരെ തുടര്‍ച്ചയായി അഭിഭാഷകരുടെ ആക്രമണം ഉണ്ടാകുന്നത്.
Post Your Comments