കണ്ണൂര്‍ : തിരഞ്ഞെടുപ്പ് തോല്‍വിയുടെ ക്ഷീണം മാറ്റാന്‍ യോഗാഭ്യാസവും ജിംനേഷ്യവുമായി കോണ്‍ഗ്രസ്. മണ്ഡലം തലത്തില്‍ യോഗാ ക്ലാസുകള്‍ ആരംഭിക്കാനാണ് കണ്ണൂര്‍ ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റിയുടെ പദ്ധതി. എല്ലാ മണ്ഡലത്തിലും പരിശീലകരെ നിയമിക്കും. പാര്‍ട്ടിയുടെ നിയന്ത്രണത്തിലുള്ള ക്ലബുകളുടെ നേതൃത്വത്തില്‍ ജിംനേഷ്യം സ്ഥാപിക്കും. സജീവരാഷ്ട്രീയമില്ലാത്തവരെ ക്ലബുകളിലേക്ക് ആകര്‍ഷിക്കാനായി കായികമല്‍സരങ്ങളും സംഘടിപ്പിക്കാനും പദ്ധതിയുണ്ട്. അനുഭാവികളല്ലാത്തവരെ പാര്‍ട്ടിയുമായി അടുപ്പിക്കുന്നതിനായി സി.പി.എം നടത്തുന്ന യോഗാ, കരാട്ടെ പരിശീലനങ്ങളുടെ ചുവടിപിടിച്ചാണ് ഡി.സി.സിയുടെ പുതിയ നീക്കം. പ്രാദേശിക തലത്തില്‍ രക്തദാന സേനകളും രൂപീകരിക്കാനും പദ്ധതിയുണ്ട്. കൃഷിഭവനില്‍ നിന്നു പച്ചക്കറിവിത്തുകള്‍ ശേഖരിച്ച് വിതരണം ചെയ്ത് എല്ലാ വീടുകളിലും വിഷരഹിത പച്ചക്കറിത്തോട്ടം ഉണ്ടാക്കും. ഇവയടക്കം ജില്ലയിലെ പ്രവര്‍ത്തനം ശക്തമാക്കാനുള്ള പതിനാലിന കര്‍മപരിപാടിക്കാണ് ഡിസിസി രൂപം നല്‍കിയത്. വാര്‍ഡ് കമ്മിറ്റികള്‍ പുന:സംഘടിപ്പിക്കുകയാണ് ആദ്യഘട്ടം. ഓരോ വാര്‍ഡില്‍ നിന്നും തിരഞ്ഞെടുക്കുന്ന അഞ്ചുപേരെ വീതം പങ്കെടുപ്പിച്ചു മണ്ഡലം ക്യാംപ് സംഘടിപ്പിക്കും. വില്ലേജ് അടിസ്ഥാനത്തില്‍ മണ്ഡലം വിഭജിച്ച് പ്രവര്‍ത്തനം ശക്തിപ്പെടുത്തുമെന്നും കെ.എസ്.യു, ജവാഹര്‍ ബാലജനവേദി എന്നിവയുടെ പ്രവര്‍ത്തനം ശക്തിപ്പെടുത്തുമെന്നും കര്‍മപദ്ധതിയില്‍ പറയുന്നു.
Post Your Comments