കുപ്രചരണങ്ങൾ നടത്തിയവർക്ക് തിരിച്ചടി , സംഘപരിവാറിന് ഇതു വലിയ നേട്ടം
കെവിഎസ് ഹരിദാസ്
മഹാത്മാ ഗാന്ധിയുടെ വധവുമായി ബന്ധപ്പെടുത്തി ആർ എസ് എസിനെ അധിക്ഷേപിച്ചുവരുന്നവർക്കുള്ള ചുട്ട മറുപടിയാണ് ഇപ്പോൾ സുപ്രീം കോടതി നൽകിയിരിക്കുന്നത്. ഒന്നുകിൽ മാപ്പ് പറയുക, അല്ലെങ്കിൽ തനിക്കെതിരായ മാനനഷ്ടക്കേസിൽ വിചാരണ നേരിടുക എന്നതായിരുന്നു കോൺഗ്രസ് ഉപാധ്യക്ഷൻ രാഹുൽ ഗാന്ധിക്ക് അത്യുന്നത നീതി പീഠത്തിലെ ജസ്റ്റിസുമാരായ ദീപക് മിശ്ര, ആർ എഫ് നരിമാൻ എന്നിവരടങ്ങിയ ബഞ്ചിന്റെ നിർദ്ദേശം. ഇനി അദ്ദേഹത്തിന് മുന്നിൽ രണ്ടു മാർഗങ്ങളേയുള്ളൂ. ഒന്നുകിൽ പരസ്യമായി മാപ്പെഴുതി കോടതിയിൽ സമർപ്പിക്കുക; അല്ലെങ്കിൽ ഭീവണ്ടി മജിസ്ട്രേറ്റ് കോടതിയിലെത്തി വിചാരണ നേരിടുക. വിചാരണ നേരിടുക എന്നാൽ ഉന്നയിച്ച ആരോപണങ്ങൾ തെളിയിക്കാനാവശ്യമായ തെളിവുകൾ ഹാജരാക്കുക എന്നതാണ്. അതില്ല എന്നത് ഇതിനുമുന്പേ കോൺഗ്രസുകാർ പരസ്യമായി സമ്മതിച്ചതാണ്. കോൺഗ്രസ് അധ്യക്ഷനായിരുന്ന സീതാറാം കേസരി, മുതിർന്ന നേതാവായിരുന്ന അർജുൻ സിങ്, കോളമിസ്റ്റും മറ്റുമായിരുന്നു എൻ ജി നൂറാനി എന്നിവരെല്ലാം ഇതിനുമുൻപ് ഇത്തരം ആക്ഷേപമുന്നയിച്ചതിന്റെ പേരിൽ പരസ്യമായി കോടതിയിൽ മാപ്പപേക്ഷ നൽകി രക്ഷപ്പെട്ടത് ചരിത്രമാണ്. അതങ്ങനെ ആയിരിക്കെ രാഹുൽ ഗാന്ധിക്ക് മറ്റെന്താണ് ചെയ്യാൻ കഴിയുക?. ഇത് ആർ എസ് എസിനു നൽകുന്ന കരുത്ത് ചെറുതല്ല. മാപ്പപേക്ഷിക്കുക മാത്രമാണ് രക്ഷപ്പെടാനുള്ള ഏക മാർഗ്ഗമെന്ന് ഇവിടെ കോൺഗ്രസ് ഉപാധ്യക്ഷനോട് പറഞ്ഞിരിക്കുന്നത് സുപ്രീം കോടതിയാണ്. ഇക്കാര്യത്തിൽ ഇനിയെന്ത് എന്നതും വ്യക്തമാണല്ലോ. ഇനി ഇത്തരം ആക്ഷേപങ്ങളുന്നയിക്കാൻ ആരും തയ്യാറാവില്ല എന്നതാണ് പ്രധാനം. അതിനുമുതിര്ന്നാൽ കാര്യങ്ങൾ കോടതികയറുമെന്ന് തീർച്ചയാണ്. കഴിഞ്ഞ 68 വർഷമായി ആർ എസ് എസ് നേരിടുന്ന ഒരു പ്രശ്നത്തിന് ഇതോടെ ആത്യന്തികമായി പരിഹാരമാവുന്നു എന്നതും പറയാതെ വയ്യ.
2014 മെയ് മാസത്തിൽ മഹാരാഷ്ട്രയിലെ ഒരു തിരഞ്ഞെടുപ്പ് റാലിയിലാണ് രാഹുൽ ഗാന്ധി ആർ എസ് എസിനെതിരെ ഗാന്ധിവധക്കാരെന്ന ആക്ഷേപം ഉന്നയിച്ചത്. അതിനെതിരെയാണ് ഭീവണ്ടി കോടതിയിൽ ഹർജി നൽകിയത്. 2015 മെയ് മാസത്തിലാണ് കീഴ്ക്കോടതിയിലെ ഹർജി തള്ളണമെന്ന ആവശ്യവുമായി രാഹുൽ സുപ്രീം കോടതിയിലെത്തിയത്. കേസ് അവിടെ നീട്ടിക്കൊണ്ടുപോവാനും വിചാരണ കോടതിയിലെ നടപടികൾ നീട്ടിയെടുക്കാനുമായിരുന്നു ശ്രമം എന്നുവേണം കരുതാൻ. മുതിർന്ന അഭിഭാഷകനായ കപിൽ സിബലാണ് രാഹുലിന്റെ വക്കീൽ. ഇത്തവണയും കപിൽ സിബലിന് ഹാജരാവാൻ കഴിയിഞ്ഞില്ലെന്നും അതുകൊണ്ടു രണ്ടാഴ്ചകൂടി കേസ് നീട്ടണമെന്നുമായിരുന്നു രാഹുൽ ഗാന്ധി ആവശ്യപ്പെട്ടത്. എന്നാലത് അനുവദിക്കാനാവില്ലെന്ന് കോടതി തീരുമാനിച്ചു. നിത്യേന സുപ്രീം കോടതിയിലെത്തുന്ന സിബലിന്റെ കാര്യം ജഡ്ജിമാർക്ക് അറിയാമല്ലോ. അതുകൊണ്ടുതന്നെ ഈ മാസം 27 ന് കേസ് മാറ്റിയിട്ട് അന്ന് നിലപാട് അറിയിക്കാൻ രാഹുലിനോട് ആവശ്യപ്പെട്ടു. അതിനിടയിലാണ് മാപ്പപേക്ഷയുടെ കാര്യം കോടതി ഓർമ്മിപ്പിച്ചത്. മുഖം രക്ഷിക്കാൻ എന്താണ് മാർഗം എന്നു കോടതി ഓർമ്മിപ്പിച്ചുവെന്നുമാത്രം. മുൻപ് ഇത്തരം കേസുകളിൽ ഉണ്ടായ അനുഭവങ്ങൾ കോടതിക്കും ബോധ്യമുണ്ടാവണമല്ലോ.
ഗാന്ധിജി വധവുമായി ബന്ധപ്പെടുത്തി ആർഎസ് എസിനെതിരെ കരുക്കൾ നീക്കാൻ പണ്ഡിറ്റ് നെഹ്റു കാണിച്ച താല്പര്യങ്ങൾ എല്ലാവർക്കുമറിയാം. അന്നത്തിന് വഴങ്ങുകയാണ് ആഭ്യന്തര മന്ത്രിയായിരുന്ന സർദാർ പട്ടേൽ ചെയ്തത്. എന്നാൽ നാഥുറാം ഗോഡ്സെയുടെ കേസിൽ ഒരിടത്തും കോടതിക്ക് ആർ എസ്എസിനെ കുറ്റവാളിയായി കാണാൻ കഴിഞ്ഞിരുന്നില്ല. ആ ബൃഹദ് വിധിന്യായം വായിച്ചാൽ അതു ആർക്കും വ്യക്തമാവും. സുപ്രീം കോടതി ജഡ്ജിയായിരുന്ന ജസ്റ്റിസ് കെ ടി തോമസ് അടുത്തകാലത്തു അക്കാര്യം കൊച്ചിയിലെ ഒരു ചടങ്ങിൽ വെച്ചു പരസ്യമായി പറഞ്ഞതും ഇത്തരുണത്തിൽഓർക്കേണ്ടതുണ്ട്. അതിന്റെപേരിൽ കേരളത്തിലെ രാഷ്ട്രീയക്കാർ ജസ്റ്റിസ് തോമസിനെതിരെ പ്രസ്താവനയുദ്ധം നടത്തുകയും ചെയ്തു. ഗാന്ധിവധം സംബന്ധിച്ച കോടതിവിധി താൻ വായിച്ചുവെന്നും അതിലെങ്ങും ആർ എസ് എസിനെതിരെ ഒന്നും പറയുന്നില്ലെന്നും അതുകൊണ്ടുതന്നെ ഗാന്ധിവധത്തിൽ ആർ എസ്എസിന് എന്തെങ്കിലും ബന്ധമുണ്ടെന്ന വാദത്തിൽ കഴമ്പില്ലെന്നുമാണ് താൻ വിശദീകരിച്ചത് എന്നു അദ്ദേഹം വിശദീകരിച്ചിട്ടും പലരുടെയും നാവടങ്ങിയില്ല. യഥാർത്ഥത്തിൽ അതാണ് സത്യം. കോടതി ഒരിടത്തും ഗാന്ധിവധവുമായി ആർ എസ് എസിനെ ബന്ധിപ്പിച്ചിരുന്നില്ല. കോൺഗ്രസ് സർക്കാർ അതിനു കഴിയുന്നത്ര ശ്രമിച്ചിരുന്നു എന്നത് ഈ വേളയിൽ ഓർക്കാതെ പോകരുതുതാനും.
പിന്നീട് 1966 -ൽ ഇക്കാര്യം പരിശോധിക്കാനായി കപൂർ കമ്മീഷനെ ഇന്ദിരാഗാന്ധി സർക്കാർ നിയമിച്ചു. അതു എല്ലാവശവും, എല്ലാ കാര്യങ്ങളും വിലയിരുത്തി. 1969 -ലാണ് കമ്മീഷൻ അതിന്റെ റിപ്പോർട്ട് സമർപ്പിച്ചത് . അതിലും ആർ എസ്എസിനെ കുറ്റമുക്തമാക്കുകയാണ് ചെയ്തത്. ഗാന്ധിജി വധത്തിൽ ആർ എസ് എസിനു ഒരു പങ്കുമില്ലെന്നാണ് കമ്മീഷൻ പറഞ്ഞത്. ഇതൊക്കെ സർക്കാർ രേഖയാണ്. എല്ലാവരും കണ്ടിട്ടുള്ളതാണ് അതെല്ലാം. പിന്നെയും ആർ എസ്എസിനെ പ്രതിക്കൂട്ടിലാക്കാനുള്ള ശ്രമത്തെ എങ്ങിനെയാണ് പിന്നെ ന്യായീകരിക്കാൻ കഴിയുക. ഇതൊക്കെ ആർ എസ്എസോ ബിജെപിയെ നിയമിച്ച കമ്മീഷനായിരുന്നുവെങ്കിൽ മനസിലാക്കാം. അതുമല്ല.
ആർ എസ് എസിനെ നിരോധിച്ചിരുന്ന കാര്യം നേരത്തെ സൂചിപ്പിച്ചുവല്ലോ. ആ നിരോധനം പിന്നീട് കോൺഗ്രസ് സർക്കാർ തന്നെ പിൻവലിച്ചു. അതിനുമുന്പായി സർദാർ പട്ടേൽ ആർ എസ് എസ് സര്സംഘചാലകായിരുന്ന ഗുരുജി ഗോൾവാൾക്കർക്കു ഒരു കത്തയച്ചിരുന്നു. 1948 സെപ്റ്റംബർ 11 നെഴുതിയ കത്തിൽ പട്ടേൽ ആവശ്യപ്പെട്ടത് ആർ എസ് എസ് കോൺഗ്രസിൽ ലയിക്കണമെന്നതായിരുന്നു. അതിലെ അതുസംബന്ധിച്ച വരികൾ ഇങ്ങനെയാണ്. ( ഇംഗ്ലീഷിൽ).
” I once again ask you to give your thought to my Jaipur and Lucknow speeches and accept the path I had indicated for the RSS. I am quite certain that therein lies the good of the RSS and the country and moving in that path we can join hands in achieving the welfare of our country. Of course, you are aware that we are passing through delicate times. It is the duty of every one from the highest to the lowliest in this country to contribute his mite, in whatever way possible, to the service of the country. In this delicate hour there is no place for party conflicts and old quarrels. I thoroughly convinced that the RSS men can carry on their patriotic endeavor only by joining the Congress and not by keeping separate or by opposing. I am glad that you have been released. I hope that you will arrive at the proper decision after due consideration of what I have said above. With regard to restrictions imposed upon you I am in correspondence with the CP Government. I shall let you know after receiving their reply.”
ഇതിന്റെ അർത്ഥമെന്താണ്?. ആർ എസ് എസായിരുന്നു ഗാന്ധിവധത്തിനു പിന്നിലെങ്കിൽ അവരോട് കോൺഗ്രസിൽ ചേരാൻ സർദാർ പട്ടേൽ ആവശ്യപ്പെടുമായിരുന്നുവോ. പ്രധാനമന്ത്രി പണ്ഡിറ്റ് നെഹ്റുവിന് ഗുരുജി ഗോൾവാൾക്കർ എഴുതിയ കത്തിന് മറുപടിയെന്നവണ്ണമാണ് സർദാർ പട്ടേൽ ഈ കത്തെഴുതിയത് എന്നതും ഓർക്കുക. അതായത് അത് പട്ടേലിന്റെ വ്യക്തിപരമായ അഭിപ്രായമായിരുന്നില്ല, മറിച്ചു കോൺഗ്രസ് നേതൃത്വത്തിന്റെ നിലപാടായിരുന്നു. അതില്നിന്നുതന്നെ കാര്യങ്ങൾ വ്യക്തമാണല്ലോ, ആർ എസ്എസിനെതിരെ കോൺഗ്രസുകാർ അന്നുന്നയിച്ചതു കഴമ്പില്ലാത്ത ആക്ഷേപമായിരുന്നുവെന്ന് . കോൺഗ്രസിൽ ലയിക്കണമെന്ന ആവശ്യം ആർ എസ്സ് എസ് ആദ്യമേ നിരാകരിച്ചിരുന്നു. കോൺഗ്രസ് ഒരു രാഷ്ട്രീയ കക്ഷിയാണെന്നും ആർ എസ് എസ് സാംസ്കാരിക സംഘടനയാണ് എന്നും ഗുരുജി ഗോൾവാൾക്കർ വ്യക്തമാക്കുകയും ചെയ്തു. രാഷ്ട്രീയത്തിനതീതമായി പ്രവർത്തിക്കുന്ന ആർ എസ് എസിന് അതിന്റെതായ പ്രവർത്തന പദ്ധതിയുണ്ടെന്നും അതുമായി അതു മുന്നോട്ടുപോകുമെന്നും അന്ന് അദ്ദേഹം പറഞ്ഞു.
ഇതിനിടയിൽ കോൺഗ്രസ് ഒരു പ്രചാരണം അഴിച്ചുവിടാൻ ശ്രമം നടത്തിയിരുന്നു. ചില വ്യവസ്ഥകൾക്ക് വിധേയമായിട്ടാണ് അന്ന് കേന്ദ്ര സർക്കാർ നിരോധനം പിൻവലിച്ചത് എന്നും മറ്റുമായിരുന്നു അത് . പക്ഷെ, അതും അവരുടെ കയ്യുകൊണ്ടുതന്നെ തുറന്നുകാട്ടപ്പെട്ടു. 1949 സെപ്റ്റംബർ 14 ന് അന്നത്തെ ബോംബെ നിയമസഭയിൽ അവിടത്തെ ആഭ്യന്തര മന്ത്രിയായിരുന്ന മൊറാർജി ദേശായ് നൽകിയ മറുപടിചരിത്രത്തിന്റെ ഭാഗമാണ്. എന്തെങ്കിലും വ്യവസ്ഥകൾക്ക് വിധേയമായിട്ടാണോ ആർ എസ്എസിന്റെ നിരോധനം നീക്കിയത് എന്നതായിരുന്നു അവിടെ ഉന്നയിച്ച ചോദ്യം. ആർ എസ് എസ് ഒരു ഉറപ്പും നൽകിയില്ലെന്നും നിരോധനം നീക്കിയത് വ്യവസ്ഥകളൊന്നും കൂടാതെയാണെന്നും അന്ന് മൊറാർജി പറഞ്ഞു. പ്രൊസീഡിങ്സ് നമ്പർ പി – 2126 ആണ് രേഖ. ഇതേ മൊറാർജി ദേശായിയാണ് പിന്നീട് ഇന്ത്യയുടെ പ്രധാനമന്ത്രിയായത്.
അതുമാത്രമല്ല, പിന്നീട് 1963 -ലെ റിപ്പബ്ലിക് ദിനത്തിൽ ദൽഹിയിൽ നടന്ന പരേഡിൽ ആർ എസ്എസുകാരെ പങ്കെടുപ്പിക്കാൻ കേന്ദ്ര സർക്കാർ തീരുമാനിച്ചു. അക്കാലത്തും പണ്ഡിറ്റ് നെഹ്രുവായിരുന്നു പ്രധാനമന്ത്രി എന്നതോർക്കുക. ഗാന്ധിജിയെ വധിച്ചവരെ റിപ്പബ്ലിക് ദിന പരേഡിൽ പങ്കെടുപ്പിക്കാൻ നെഹ്റുവോ കോൺഗ്രസോ നേതൃത്വം നൽകുന്ന ഒരു ഭരണകൂടം തയ്യാറാവുമെന്നു കരുത്താനാവുമോ?. അന്ന് ‘ഗണവേഷ’ത്തിൽ ( ആർ എസ് എസിന്റെ യൂണിഫോമിൽ) ആണ് അവർ അവിടെ മാർച്ചുചെയ്തത് എന്നതും പറയേണ്ടിയിരിക്കുന്നു. അതിനുശേഷം , 1965 -ൽ പാക്കിസ്ഥാൻ ഇന്ത്യയെ ആക്രമിച്ച വേളയിൽ ദൽഹിയിലെ ട്രാഫിക് നിയന്ത്രിക്കാൻ നിയുക്തരായതും ആർ എസ് എസുകാരാണ്. അന്നും കേന്ദ്രത്തിൽ അധികാരത്തിലുള്ളത് കോൺഗ്രസാണല്ലോ. 1962 -ലെ ഇൻഡോ- ചൈന യുദ്ധകാലത്തും സർക്കാർ ആർ എസ് എസിന്റെ സഹായം തേടിയിരുന്നു.
അതെന്തായാലും ഈ കോടതി നടപടി സംഘ പരിവാറിനെ സംബന്ധിച്ചിടത്തോളം പ്രധാനപ്പെട്ടതാണ്. ഇനിയെങ്കിലും അവരുടെ പ്രതിയോഗികൾ ഗാന്ധിവധവുമായി ബന്ധപ്പെടുത്തി പ്രസ്ഥാനത്തെ പരസ്യമായി അധിക്ഷേപിക്കുന്നത് നിർത്താൻ അതു വഴിവെക്കുമെന്ന് തീർച്ച. കുപ്രചാരണങ്ങൾക്കു അറുതിയാവും എന്നതുതന്നെ. അതിനപ്പുറം കോൺഗ്രസിന് ഇതിലേറെ പ്രശ്നമുണ്ടാവാനില്ല. ഇക്കാര്യത്തിൽ രാഹുൽ ഗാന്ധിക്ക് മാപ്പു എഴുതി നൽകേണ്ടിവന്നാൽ ഉണ്ടാകാവുന്ന നാണക്കേടും അപമാനവും പറഞ്ഞറിയിക്കുകയും വയ്യ. എന്നാൽ കോടതി കേസുമായി മുന്നോട്ടുപോയാൽ തെളിയിക്കാൻ കയ്യിലൊന്നുമില്ലതാനും. കപിൽ സിബൽ തന്നെ ആ മജിസ്ട്രേറ്റ് കോടതിയിലെത്തിയാലും ആരോപണം തെളിയിക്കാൻ കഴിയണമെന്നില്ല. ചരിത്രവും വസ്തുതകളും കോൺഗ്രസിന് എതിരാണ് എന്നതുതന്നെ കാരണം. അതിനൊക്കെയപ്പുറം, ഇനി മാപ്പു എഴുതി നൽകിയാലും കേസ് തീരുമെന്നതിന് ഉറപ്പെന്താണ് എന്നതും പ്രശ്നമാണ്. ഹർജിക്കാരൻ തീരുമാനിച്ചാലല്ലേ കേസ് പിൻവലിക്കാൻ കഴിയൂ. അതായത് മാപ്പുകൊണ്ടും ഇതിൽ തീരുമാനം ആവണമെന്നില്ല.
Post Your Comments