ന്യൂഡല്‍ഹി: പ്രായപൂര്‍ത്തിയാവാത്ത കുട്ടികളെ ഉപയോഗിച്ചുള്ള അശ്ലീല വീഡിയോകളും ഓണ്‍ലൈന്‍ ട്രോളുകളും നിയന്ത്രിയ്ക്കുന്നതിന്റെ ഭാഗമായി കേന്ദ്ര സര്‍ക്കാര്‍ പുതിയ സംവിധാനം തുടങ്ങുന്നു. സൈബര്‍ സുരക്ഷ ലക്ഷ്യമിട്ടുള്ള ഈ സംവിധാനത്തിന് 400 കോടിയാണ് ചെലവ് പ്രതീക്ഷിക്കുന്നത്. ഇന്ത്യന്‍ സൈബര്‍ ക്രൈം കോ-ഓര്‍ഡിനേഷന്‍ സെന്റര്‍(ഐ.സി.4) എന്ന് പേരിട്ടിരിക്കുന്ന സംവിധാനത്തിന് കീഴില്‍ എല്ലാ തരം സൈബര്‍ കുറ്റകൃത്യങ്ങളും നിയന്ത്രിയ്ക്കാനാകുമെന്നാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്.
ഐ.സി.4ന്റെ ജോലികള്‍ പൂര്‍ത്തിയായി വരികയാണെന്നും ഇത് പൂര്‍ത്തിയായി കഴിഞ്ഞാല്‍ കുട്ടികളെ ഉപയോഗിച്ചുള്ള അശ്ലീല വീഡിയോകളും ഓണ്‍ലൈന്‍ ട്രോളുകളുമടക്കം എല്ലാ സൈബര്‍ കുറ്റകൃത്യങ്ങളും നിയന്ത്രിക്കുന്നതിനുള്ള നടപടികള്‍ സ്വീകരിക്കുമെന്നും കേന്ദ്ര ആഭ്യന്തര മന്ത്രാലയ വൃത്തങ്ങള്‍ വെളിപ്പെടുത്തി. സൈബര്‍ കുറ്റകൃത്യങ്ങള്‍ തടയുന്നതിനുള്ള നോഡല്‍ ഏജന്‍സിയായി പ്രവര്‍ത്തിയ്ക്കുക, നിരന്തരമായ സൈബര്‍ നിരീക്ഷണത്തിലൂടെ രാജ്യത്തെ അന്വേഷണ ഏജന്‍സികള്‍ക്ക് കുറ്റകൃത്യങ്ങളെ കുറിച്ച് മുന്നറിയിപ്പ് നല്‍കുക എന്നിവയാണ് ഐ.സി.4ന്റെ ചുമതലകള്‍. സൈബര്‍ കുറ്റകൃത്യങ്ങള്‍ക്ക് ഇരയാകുന്നവര്‍ക്ക് പരാതി സമര്‍പ്പിയ്ക്കുന്നതിനുള്ള വിപുലമായ സൗകര്യവും ഇവിടെ ഏര്‍പ്പെടുത്തും.
കഴിഞ്ഞ മൂന്ന് വര്‍ഷത്തിനിടെ രാജ്യത്തെ സൈബര്‍ കുറ്റങ്ങളില്‍ 40 ശതമാനം വര്‍ദ്ധനവുണ്ടായതായി ഔദ്യോഗിക കണക്കുകള്‍ സൂചിപ്പിക്കുന്നു. കുട്ടികളെ ഉപയോഗിച്ചുള്ള അശ്ലീല വീഡിയോകള്‍ നിയന്ത്രിയ്ക്കുന്ന കാര്യത്തില്‍ ശക്തമായ ഇടപെടലുണ്ടാകണമെന്ന് സുപ്രീം കോടതി സര്‍ക്കാറിനോട് നിര്‍ദ്ദേശിക്കുകയും ചെയ്തിരുന്നു. തുടര്‍ന്ന് വിഷയത്തില്‍ ഇടപെട്ട കേന്ദ്ര ആഭ്യന്തര മന്ത്രാലയം ഇത്തരത്തില്‍ പ്രവര്‍ത്തിച്ചതായി കണ്ടെത്തിയ 800ലധികം സൈറ്റുകള്‍ നിരോധിക്കണമെന്ന് ഇന്റര്‍നെറ്റ് സേവന ദാതാക്കളോട് ആവശ്യപ്പെട്ടിരുന്നു.
Post Your Comments