കെവിഎസ് ഹരിദാസ്
ദൽഹിയിലെ ആം ആദ്മി പാർട്ടി ( എ എ പി) സർക്കാർ കേന്ദ്ര സർക്കാരിനെ താഴെയിറക്കാൻ ഇറങ്ങിത്തിരിച്ചിരിക്കുകയാണ്. തങ്ങളാണ് ഇന്ത്യ ഭരിക്കുന്നത് എന്നമട്ടിലാണ് എ എ പിക്കാരുടെ പുറപ്പാട്, പ്രത്യേകിച്ചു് മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ. മുഖ്യമന്ത്രി എന്ന സ്ഥാനമുണ്ടെങ്കിലും ദൽഹിയിൽ വലിയ അധികാരങ്ങളൊന്നുമില്ലെന്ന വസ്തുത അദ്ദേഹത്തിന് ഇനിയും മനസിലായിട്ടില്ല. ആദ്യമൊക്കെ സമരവും ഭരണവുമായിരുന്നു അജണ്ട. അതുകഴിഞ്ഞു ഡൽഹിയിലെ മാധ്യമങ്ങൾക്ക് വാരിക്കോരി പരസ്യം കൊടുത്തു; അക്കൂട്ടത്തിൽ കുറെ ടിവി ചാനലുകളും ഉണ്ടായിരുന്നു. കോടികൾ അതിനായി പൊട്ടിച്ചു. നഗരത്തിലെ തൂപ്പുകാർക്കും മറ്റും ശമ്പളം കൊടുക്കാൻ കഴിയാത്ത അവസ്ഥയിലായിരുന്നു ഇത്തരം ധൂർത്ത് എന്നതും അന്ന് വാർത്തകളിൽ നിറഞ്ഞിരുന്നു. ഇന്നിപ്പൊഴിതാ, ആ പരസ്യ മാമാങ്കം ദക്ഷിണേന്ത്യയിലേക്കും വ്യാപിപ്പിച്ചിരിക്കുന്നു. ഇല്ലാത്തഅവകാശവാദങ്ങളാണ് അതിലൂടെ നിരത്തുന്നത്. കേന്ദ്ര സർക്കാരിനെതിരെ അനാവശ്യ ആക്ഷേപണങ്ങളുമുണ്ട്. ഇങ്ങനെയൊക്കെ സംതൃപ്തിയടയാനാവും കേജ്രിവാൾ പ്രഭൃതികളുടെ നീക്കം. അതിനിടെയാണ് ഒരു ചിത്രം,അല്ല വിഡിയോ ഇന്ന് പുറത്തുവന്നത്. ഇന്നലെ ( ശനിയാഴ്ച) ഡൽഹിയിൽ നടന്ന മുഖ്യമന്ത്രിമാരുടെ സമ്മേളനത്തിനെത്തിയ, ഒരാൾ ഒഴികെയുള്ള, എല്ലാ മുഖ്യമന്ത്രിമാരെയും നരേന്ദ്ര മോദി ചെന്ന് അഭിവാദ്യം ചെയ്തു; കുശലാന്വേഷണം നടത്തി; ആ ഒരാൾ നമ്മുടെ കേജ്രിവാൾ ആയിരുന്നു. ഇതും ഒരു മോദി സ്റ്റൈൽ തന്നെ.
യഥാർഥത്തിൽ എന്താണ് ഡൽഹിയുടെ പ്രശ്നം. അവിടെ എന്താണ് ഒന്നും നടക്കുന്നില്ല, നടത്തുന്നില്ല, ഒന്നിനും കേന്ദ്ര സർക്കാർ സമ്മതിക്കുന്നില്ല എന്നൊക്കെ പരാതിയുയരുന്നത്?. അത് ഇനിയെങ്കിലും ചർച്ച ചെയ്യപ്പെടേണ്ടതുണ്ട് എന്നുതോന്നുന്നു. തങ്ങളുടെ അധികാരം എന്താണ്, കടമകൾ എന്താണ് എന്നൊക്കെ മനസിലാക്കാതെ കയ്യൂക്കുകാണിക്കാൻ ആരെങ്കിലും ഇറങ്ങാപ്പുറപ്പെട്ടാൽ എന്താവും അവസ്ഥ…………..?. അതാണിന് കേജ്‌രിവാൾ സംഘം അനുഭവിക്കുന്നത്. ആദ്യമേ പറയട്ടെ, ഡൽഹിക്ക് ഇനിയും ഒരു സമ്പൂർണ്ണ സ്റ്റേറ്റ് പദവി കിട്ടിയിട്ടില്ല. അതൊരു പകുതി അല്ലെങ്കിൽ മൂന്നിലൊന്ന് ‘സംസ്ഥാനമേ’ ആകുന്നുള്ളൂ. അതാണ് 1991 -ലെ ഡൽഹി നിയമം പ്രദാനം ചെയ്യുന്നത്. ഒരർഥത്തിൽ പറഞ്ഞാൽ അതൊരു വലിയ മുനിസിപ്പാലിറ്റി ആണ്. കേരളത്തിലെ കൊച്ചി നഗരസഭയിലെ ഉദ്യോഗസ്ഥരെ നിയമിക്കുന്നത് അവിടത്തെ മേയർ അല്ലല്ലോ, സംസ്ഥാന സർക്കാരല്ലേ ?. അവിടത്തെ നഗരസഭാ കൗൺസിൽ ഒരു നിയമം പാസാക്കിയിട്ട് അതാണ് തങ്ങൾക്ക് ബാധകമെന്നു പറഞ്ഞാൽ അതു അനുസരിക്കാൻ സംസ്ഥാന സർക്കാർ തയ്യാറാകുമോ?. ഇതാണിപ്പോൾ ഒറ്റവാചകത്തിൽ പറഞ്ഞാൽ ഡൽഹിയുടെ പ്രതിസന്ധിക്കു കാരണം. അഴകുഴപ്പൻ ഭരണമാണ് , കെടുകാര്യസ്ഥതയാണ് ഇന്നവിടെ നടക്കുന്നത്. ജനങ്ങൾ അവർക്കെതിരായി. ഇന്നിപ്പോൾ അവരെല്ലാം, ആം ആദ്‌മിക്കാർ, കേന്ദ്ര സർക്കാരിനെയും മോദിയെയും അധിക്ഷേപിച്ചു കാലം കഴിക്കുകയാണ്.
ഡൽഹിയിലെ നിയമവ്യവസ്ഥ അനുസരിച്ചു് അവിടത്തെ നിയമസഭക്ക് നിയമം പാസാക്കാനുള്ള അധികാരമുണ്ട്; അതു നടപ്പാക്കുകയും ചെയ്യാം. പക്ഷെ, അതിനു മുൻപായി ആ നിയമത്തിന്റെ കരട് ലെഫ്റ്റനന്റ് ജനറലിന് സമർപ്പിക്കുയും അംഗീകാരം നേടുകയും ചെയ്യണം. അതായത്, കേന്ദ്ര സർക്കാരിന്റെ അനുമതി തേടണം. അത്തരമൊരു നിയമത്തിനെ സാധുതയുള്ളൂ. എന്നാൽ കേജ്‌രിവാൾ സർക്കാർ അധികാരമേറ്റതുമുതൽ അതൊക്കെ വേണ്ടെന്നുവെച്ചു. കുറെയേറെ നിയമങ്ങൾ അവരവിടെ സ്വയമേവ അവതരിപ്പിച്ചു പാസാക്കി. എല്ലാം രാഷ്ട്രപതി മടക്കി; അതിന് ഇനിയും അംഗീകാരം ലഭിച്ചിട്ടില്ല എന്നർധം. അതിനെക്കുറിച്ചാണ് ഇന്നിപ്പോൾ ആ സർക്കാർ കേന്ദ്രത്തിനെതിരെ ആ പരസ്യ യുദ്ധം നടത്തുന്നത്. ഈ ഡൽഹി നിയമം പാസാക്കിയത് , നേരത്തെ സൂചിപ്പിച്ചതുപോലെ, 1991-ലാണ്. അന്ന് കേന്ദ്രത്തിലുണ്ടായിരുന്നത് ബിജെപിയുടെയോ മോദിയുടെയോ സർക്കാരല്ല. അതുമുതൽ ഇതുവരെ ആ നിയമമനുസരിച്ചാണ് കാര്യങ്ങൾ നടന്നിരുന്നത്. അതൊന്നും തങ്ങൾക്കു ബാധകമല്ല എന്ന് ഇന്നിപ്പോൾ ചിലർ പറഞ്ഞാൽഎന്താണ് ചെയ്യാൻ കഴിയുക?.
ഡൽഹിയിലിന്നു കേജ്‌രിവാളും കൂട്ടരും വല്ലാത്തൊരു പുലിവാല് പിടിച്ചിരിക്കുകയാണ്. വിവരക്കേട് എന്നോ അതി സാമർഥ്യം എന്നോ അതോ അഹംഭാവമെന്നൊ ആ സംഭവത്തെ പേരിട്ടു വിളിക്കേണ്ടത് എന്നറിയില്ല. രാജ്യത്തെ ഭരണ ഘടനയും നിയമങ്ങളും ലംഘിച്ചുകൊണ്ട് തന്റെ പാർട്ടിയിലെ 21 എം എൽ എമാർക്ക് പ്രത്യേക അധികാരസ്ഥാനങ്ങളും അതിനനുസൃതമായ മറ്റുകാര്യങ്ങളും പതിച്ചു നൽകിയതാണ് പ്രശ്നം. ‘ഓഫീസ് ഓഫ് പ്രോഫിറ്റ്’ എന്ന പ്രശ്നമാണ് ഇവിടെ ഉയരുന്നത്. ഖജനാവിൽ നിന്ന് ശമ്പളവും മറ്റും പറ്റുന്ന എം എൽ എ മാർക്ക് വരുമാനമുള്ള സർക്കാർ വക വേറെ അധികാരസ്ഥാനങ്ങൾ വഹിക്കാൻ പാടില്ല എന്നത് നിയമം അനുശാസിക്കുന്ന കാര്യമാണ്. ദൽഹി നിയമസഭക്കുള്ള അധികാരവും മറ്റും നിശ്ചയിച്ച 1991-ലെ നിയമത്തിൽ ഇക്കാര്യം സംശയലേശമന്യേ വ്യക്തമാക്കിയിട്ടുണ്ട്. ഒരു നിയമസഭാംഗം മറ്റേതെങ്കിലും വരുമാനമുള്ള ഉദ്യോഗം വഹിക്കുന്നുവെങ്കിൽ എം എൽ എ സ്ഥാനത്തുനിന്ന് അയോഗ്യരാക്കപ്പെടും എന്നത് നിയമത്തിന്റെ ഭാഗമാണ് എന്നർഥം. അതൊക്കെ അറിയുന്നവരാണ് ഇത്തരം നിയമനങ്ങൾ നടത്താൻ ഇറങ്ങിപ്പുറപ്പെട്ടത് . ഇതുപോലെ ചില സംസ്ഥാനങ്ങൾ മുൻപ് ചെയ്തത് തലവേദനയും കോടതിയിലെ കേസുമോക്കെയായതുമാണ് . അതൊക്കെ മറന്നുകൊണ്ടാണ് , സ്വന്തംകക്ഷിയിലെ എം എൽ എമാരെ ( അല്ലെങ്കിൽ മന്ത്രി പദ മോഹികളെ) കൂടെ നിർത്താനായി അരവിന്ദ് കേജ്രിവാൾ പ്രത്യേക പദവികൾ സമ്മാനിച്ചത്. അത് സ്വീകരിക്കുകയും ആഹ്ലാദിച്ചു കഴിയുകയും ചെയ്ത 21 എം എൽ എമാർ ഇന്നിപ്പോൾ സഭാംഗത്വം നഷ്ടമാകുന്ന അവസ്ഥയിലേക്ക് എത്തിപ്പെടുന്നതാണ് നാം കാണുന്നത്. അതിനു പ്രധാനമന്ത്രി നരേന്ദ്ര മോഡിയെ അധിക്ഷേപിച്ചു പത്രസമ്മേളനവും ട്വീറ്റും പ്രസ്താവനയും മറ്റും നടത്തിയിട്ട് എന്തുകാര്യം. തനിക്കും സർക്കാരിനും പറ്റിയ അമളി വെളിച്ചത്തായതിലെ പ്രയാസമാണ് കേജ്രിവാളിന്റെയും എ എ പി ക്കാരുടെയും പരസ്യ പ്രകടനങ്ങളിലൂടെ പ്രകടമാവുന്നത്. ദൽഹിയിലെ 21 നിയമസഭാ മണ്ഡലങ്ങളിൽ ഉപ തിരഞ്ഞെടുപ്പ് ഉടനെ നടക്കാനിടയായാൽ അതിശയിക്കാനില്ല എന്ന് ചുരുക്കം. അതുതന്നെയാണ് ഇന്നിപ്പോൾ കേജ്രിവാളിനെയും കൂട്ടരെയും ഏറെ ആശന്കാകുലരാക്കുന്നത് .
എം എൽ എമാർക്ക് മറ്റു അധികാര സ്ഥാനങ്ങൾ നൽകണമെങ്കിൽ അതിനാവശ്യമായ നിയമം ആവശ്യമാണ്. ദൽഹിയിൽ അത്തരമൊരു നിയമമില്ല. അത് അറിഞ്ഞുകൊണ്ടുതന്നെ കേജ്രിവാൾ 21 എം എൽ എമാരെ പാർലമെന്ററി സെക്രട്ടറിമാരായി നിയമിച്ചു. അവർക്ക് അവിടത്തെ മന്ത്രിമാരുടെതിന് സമാനമായ ഓഫീസ്, സർക്കാർ വക കാർ എന്നിവയെല്ലാം നൽകി. ഓഫീസ് ഉണ്ടെന്നിരിക്കെ ജീവനക്കാരും അതിന്റെ ഭാഗമാവുമല്ലോ . അതുമുണ്ട് എന്നർഥം. അതായത് ഏതാണ്ട് 21 അഡീഷണൽ മന്ത്രിമാരെ ഇട്ടാ വട്ടമുള്ള ദൽഹിയിൽ എ എ പി നിയമിച്ചു. അതായത് ഒരു വലിയ നഗരസഭയുടെ അധികാരവും പദവിയുമുള്ള ദൽഹിയിലെ കേജ്രിവാൾ ഭരണത്തിൽ ഉള്ളത് 28 മന്ത്രിമാരാണ്, അല്ലെങ്കിൽ മന്ത്രിക്കു സമാനരായ 28 പേരാണ്. ഇതുപോലൊരു ധൂർത്ത് ലോകത്തെവിടെയെങ്കിലും നടന്നിരിക്കുമോ ?. പാവപ്പെട്ടവരുടെയും അഴിമതി വിരുദ്ധരുടെയും വക്താക്കളായും ഗാന്ധിയനും അഴിമതിവിരുദ്ധ സമര നായകനുമായ അണ്ണാ ഹസാരെയുടെ അവകാശികളായുമൊക്കെ രംഗത്ത് വന്നവരുടെ കഥയാണിത്.
ഇന്ത്യയിലെ നിയമമനുസരിച്ച് ഒരു നിയമസഭയിലോ പാർലമെന്റിലോ മൊത്തം അംഗബലത്തിന്റെ 15 ശതമാനം പേരെയെ മന്ത്രിമാരാക്കാൻ കഴിയൂ. ഭരണഘടനയുടെ അനുഛെദം 164 ( 1 എ ) എന്നിവ അനുസരിച്ചാണ് ഈ വ്യവസ്ഥകൾ കൊണ്ടുവന്നത്. 2004 ജനുവരി ഒന്നിനാണ് ഈ ഭരണഘടനാ ഭേദഗതി നടപ്പിലായത്. അതുവരെ ഏതു സർക്കാരിനും എത്രവേണമെങ്കിലും മന്ത്രിമാരെ നിയമിക്കാമായിരുന്നു. മിസോറാം,മേഘാലയ,മണിപ്പൂർ , ഗോവ തുടങ്ങിയ ചെറിയ സംസ്ഥാനങ്ങൾ പോലും അനവധി മന്ത്രിമാരെ നിയമിക്കുന്നത് ഒരു പതിവാക്കിയ സാഹചര്യത്തിലാണ് ഇത്തരമൊരു ഭരണഘടനാ വ്യവസ്ഥ ഉണ്ടാക്കണം എന്ന ചിന്ത ഉടലെടുത്തത്. നമ്മുടെ ഭരണഘടനയുടെ പ്രവർത്തനം അവലോകനം ചെയ്യാനായി നിയുക്തമായ ഉന്നതതല സമിതിയും ഇത്തരമൊരു ശുപാർശ നൽകുകയുണ്ടായി. മുന് സുപ്രീം കോടതി ചീഫ് ജസ്റ്റിസായ ജസ്റ്റിസ് എം എൻ വെങ്കടചെല്ലയ്യ ആയിരുന്നുവല്ലോ ആ സമിതിയുടെ അധ്യക്ഷൻ. ആ ഭരണ ഘടന ഭേദഗതി അനുസരിച്ച് ചെറിയ സംസ്ഥാനങ്ങൾക്ക് ഏഴു പേരെയേ പരമാവധി മന്ത്രിമാരാക്കാൻ കഴിയൂ. മിസോറാമിലും ഗോവയിലും 40 എം എൽ എ മാരും, സിക്കിമിൽ 32 എം എൽ എമാരുമാണല്ലോ ഉള്ളത്. അവർക്ക് അല്ലെങ്കിൽ അത്തരം ചെറിയ സംസ്ഥാനങ്ങൾക്ക് അംഗസംഖ്യയുടെ 15 ശതമാനം എന്ന വ്യവസ്ഥ കർശനമാക്കിയാൽ കാര്യങ്ങൾ നടക്കില്ല എന്നത് കണക്കിലെടുത്താണ് മിനിമം പന്ത്രണ്ട് എന്ന വ്യവസ്ഥ ഭരണഘടനയിൽ ഉണ്ടാക്കിയത്. ദൽഹിയിൽ പരമാവധി പന്ത്രണ്ടു പേരെ മന്ത്രിമാരാക്കാനേ കഴിയൂ, മുഖ്യമന്ത്രിയടക്കം. അവിടെയിപ്പോൾ മുഖ്യമന്ത്രിയും ഉപ മുഖ്യമന്ത്രിയും മന്ത്രിമാരുമോക്കേയുണ്ട് . അതിനു പിന്നാലെയാണ് കേജ്രിവാൾ 21 പേർക്ക് പാർലമെന്ററി സെക്രട്ടറി എന്ന സ്ഥാനം നൽകിയതും മന്ത്രിക്കുള്ള അവകാശങ്ങളും സൌകര്യങ്ങളും സമ്മാനിച്ചതും.
ഇത്തരത്തിൽ നിയമനം നടത്തിയ കേസുകൾ മുന്പും ഉണ്ടായിട്ടുണ്ട്. നേരത്തെ സൂചിപ്പിച്ചതുപോലെ ചില വടക്ക് കിഴക്കൻ സംസ്ഥാനങ്ങൾ അതിനുദാഹരണം. അവിടത്തെ രാഷ്ട്രീയ അസ്ഥിരത എല്ലാവേളയിലും കണ്ടിട്ടുണ്ടല്ലോ. അതുകൊണ്ട് ഭരണം നിലനിർത്താനായി, അതായത് എം എൽ എ മാരെ കൂടെ നിർത്തുന്നതിനായി എന്തെങ്കിലും സ്ഥാനമാനങ്ങൾ കൊടുക്കുന്ന പതിവുണ്ടായിരുന്നു. അവരാണ് പാർലമെന്ററി സെക്രട്ടറി എന്ന സൌകര്യം കണ്ടെത്തി നടപ്പിലാക്കിയത്. എത്രപേരെ വേണമെങ്കിലും അങ്ങിനെ നിയമിക്കാം എന്നതായി സ്ഥിതി. എന്നാലത് പിന്നീട് കോടതിയിൽ ചോദ്യം ചെയ്യപ്പെടുകയും അത്തരത്തിലുള്ള നിയമനങ്ങൾ ഓഫീസ് ഓഫ് പ്രോഫിറ്റ് ( ആദായമുള്ള പദവി ) ആയിരിക്കും എന്ന് കോടതിവിധി ഉണ്ടാവുകയും ചെയ്തു. 2005 -ൽ ഹിമാചൽ പ്രദേശ് ഹൈക്കോടതിയും 2009-ൽ മുംബൈ ഹൈക്കോടതിയുടെ ഗോവാ ബഞ്ചും അക്കാര്യത്തിൽ വ്യക്തത വരുത്തിയിരുന്നു. രണ്ടു ആദായകരമായ സ്ഥാനങ്ങൾ വഹിക്കുവാൻ പറ്റില്ല എന്നതാണ് വ്യവസ്ഥ എന്നത് വ്യക്തമാക്കപ്പെട്ടു. പിന്നീട് അതിനെ മറികടക്കാൻ സംസ്ഥാനങ്ങൾ നിയമ നിർമ്മാണം നടത്താൻ തുടങ്ങി. ഇന്നിപ്പോൾ കേരളത്തിൽ അത്തരമൊരു പ്രശ്നം നിലനിൽക്കുന്നുണ്ട് . വി എസ് അച്യുതാനന്ദന് ഒരു അധികാര സ്ഥാനം കൊടുക്കുന്നത് സംബന്ധിച്ച ചർച്ചകൾ എം എൽ എ പദവിയും മറ്റൊരു സ്ഥാനവും എങ്ങിനെ ഒന്നിച്ചു നിലനിർത്താം എന്ന പ്രശ്നത്തിലാണ്. അതിനാണല്ലോ ഇപ്പോൾ ഒരു നിയമഭേദഗതിക്ക് പിണറായി സർക്കാർ തയ്യാറായത്. കേരളത്തിലെ ചീഫ് വിപ്പ് തസ്തിക അത്തരമൊരു നിയമ നിർമ്മാണത്തിലൂടെ ‘ഓഫീസ് ഓഫ് പ്രോഫിറ്റ് ‘ അല്ലാതാക്കിയിരുന്നു. ഇനിയിപ്പോൾ വിഎസിനായി നിശ്ചയിക്കുന്ന പുതിയ തസ്തികയും അത്തരത്തിൽ ഒരു നിയമം നിർമ്മിച്ച് ‘സംരക്ഷിക്കുകയാണ് ‘.
വേറൊന്നുകൂടി ഇവിടെ കാണേണ്ടതുണ്ട്. കേന്ദ്ര ധനകാര്യ മന്ത്രാലയത്തിന്റെ 2004-ലെ ഒരു പഠനം അനുസരിച്ച് സംസ്ഥാനങ്ങളിലെ ഒരു മന്ത്രിക്കായി പ്രതിവർഷം ചിലവിടുന്നത് ഏതാണ്ട് ഒന്നര കോടി രൂപയാണ്. ഭരണഘടനാ ഭേദഗതി വന്നതോടെ രാജ്യത്തെ വിവിധ സംസ്ഥാനങ്ങളിലെ മന്ത്രിമാരുടെ എണ്ണത്തിൽ ഏതാണ്ട് ഗണ്യമായ കുറവ് സംഭവിച്ചു. ഏകദേശം 260 പേര് കുറഞ്ഞു എന്നതാണ് ഒരു കണക്ക് . പല സംസ്ഥാന മുഖ്യമന്ത്രിമാർക്കും മന്ത്രിമാരെ ഒഴിവാക്കേണ്ടിവന്നു എന്നർഥം. ആ കണക്കനുസരിച്ച് ഖജനാവിന് ഒരു വർഷം നേട്ടമായത് 390 കോടി രൂപയാണ്. 2004-ലെ കണക്കാനുസരിച്ചാണ് ഇതെന്നുകൂടി ഓർക്കുക. അപ്പോൾ ഇന്നത്തെ സ്ഥിതി എന്താവും എന്നത് ചിന്തിക്കാമല്ലോ; യഥാർഥത്തിലുള്ള ലാഭം അതിലുമെത്രയോ കോടികൾ അധികമാവും.
എന്നാൽ ദൽഹിയിൽ സംഭവിച്ചത് മറ്റൊന്നാണ്. 2015 മാർച്ച് 13 നാണ് 21 പേരെ പാർലമെന്ററി സെക്രെട്ടറിമാരായി നിയമിച്ചുകൊണ്ടുള്ള ഉത്തരവ് മുഖ്യമന്ത്രി കേജ്രിവാൾ പുറത്തിറക്കുന്നത്. അന്ന് എം എൽ എമാരെ അതിൽ നിന്ന് സംരക്ഷിക്കുന്ന നിയമം നിലവിലില്ല. പിന്നീട് മുൻകാല പ്രാബല്യത്തോടെ ഒരു നിയമം ദൽഹി നിയമസഭ പാസാക്കുകയും അത് അംഗീകാരത്തിനായി ലെഫ്റ്റനന്റ് ഗവർണർക്ക് അയക്കുകയുംചെയ്തു. മുൻകാല പ്രാബല്യത്തോടെ ഇത്തരം കാര്യങ്ങളിൽ നിയമം പാസാക്കുന്നതുതന്നെ അനൌചിത്യമാണ് . സാധാരണ അവിടത്തെ നിയമങ്ങൾക്ക് അന്തിമാനുമതി നല്കേണ്ടത് രാഷ്ട്രപതിയാണ്. എന്നാൽ കേന്ദ്ര സർക്കാരിന്റെ അഭിപ്രായവുമായാണ് അത് സംബന്ധിച്ച ഫയൽ രാഷ്ട്രപതിക്ക് പോകുക. ഇവിടെ നിയമവശങ്ങളും കോടതിവിധികളുമൊക്കെ കേന്ദ്ര സർക്കാരിന് കാണാതിരിക്കാൻ കഴിയുമോ?. ഭരണഘടന അനുവദിക്കുന്നതിലേറെ പേർക്ക് ഇത്തരത്തിൽ മന്ത്രിക്കു തുല്യമായ പദവി നൽകുന്നതാണ് മുൻപ് കോടതികൾ അംഗീകരിക്കാതിരുന്നത് എന്നത് ഒരു കേന്ദ്ര ഭരണകൂടത്തിന് രാഷ്ട്രപതിയിൽ നിന്ന് മറച്ചുവെക്കാൻ കഴിയില്ലല്ലോ. നമ്മുടെ രാഷ്ട്രപതിയാവട്ടെ അതൊക്കെ നന്നായി അറിയുന്ന പരിണിത പ്രജ്ഞനാണ് എന്നതും മറന്നുകൂടാ. രാഷ്ട്രപതി ആ നിയമം അംഗീകരിച്ചില്ല; അത് മടക്കി. അതുപോലെ തന്നെയാണ് കേന്ദ്രത്തിനു അയച്ചുകൊടുത്തു എന്നുപറയുന്ന മറ്റു നിയമങ്ങളുടെയും കാര്യം. മുൻകൂർ അനുമതി നേടിയിട്ടില്ലാത്ത ഒരു നിയമവും നിയമസഭയിൽ അവതരിപ്പിക്കാൻ പാടില്ലെന്നിരിക്കെ കേജ്‌രിവാളിന് പറഞ്ഞുനിൽക്കാൻ വസ്തുതാവിരുദ്ധമായ പരസ്യങ്ങളേ ആശ്രയിക്കേണ്ടി വരും. അതാണിന്ന് നാമൊക്കെ കാണുന്നത്.
അതിനിടെ അനധികൃത പാർലമെന്ററി സെക്രട്ടറിമാരുടെ കാര്യത്തിൽ തിരഞ്ഞെടുപ്പ് കമ്മീഷന്റെയടക്കം അഭിപ്രായം രാഷ്ട്രപതിയും കേന്ദ്ര സർക്കാരും തേടുകയും ചെയ്തിട്ടുണ്ട്. ഭരണഘടനാ വ്യവസ്ഥകൾ ലംഘിക്കപ്പെട്ടു എന്നതാണ് ഇവിടെ എ എ പി സർക്കാർ അഭിമുഖീകരിക്കുന്ന പ്രശ്നം. അത് രാഷ്ട്രപതിക്കോ തിരഞ്ഞെടുപ്പ് കമ്മീഷനോ അവഗണിക്കാൻ കഴിയുകയുമില്ലല്ലൊ. അതായത് തിരഞ്ഞെടുപ്പ് കമ്മീഷനടക്കം ഇക്കാര്യത്തിൽ ഇന്നിപ്പോൾ ബോധവാന്മാരാണ്. ഇനി ഇക്കാര്യത്തിൽ തീരുമാനം എടുക്കേണ്ടത് തിരഞ്ഞെടുപ്പ് കമ്മീഷനാണ്. ഈ 21 നിയമസഭാംഗങ്ങൾക്കും പുറത്തുപോകേണ്ടി വരുമെന്നതാണ് വസ്തുത. അവരുടെ നിയമസഭാംഗത്വം റദ്ദാക്കപ്പെടും. അവരെയെല്ലാം പുറത്താക്കണം എന്ന് കോണ്ഗ്രസ് ഇതിനകം തന്നെ ആവശ്യപ്പെട്ടുകഴിഞ്ഞു. കോണ്ഗ്രസ് നേതാവ് അജയ് മാക്കൻ പറഞ്ഞത്, അവരെ നിയമസഭയിൽ തുടരാൻ അനുവദിക്കുന്നത് അധാർമ്മികതയാണ് എന്നാണ് . അടുത്തകാലത്തായി കോണ്ഗ്രസിനോപ്പം ചേർന്നുനിന്ന് കേന്ദ്ര സർക്കാരിനും ബിജെപിക്കുമെതിരെ പോരാടുന്ന എ എ പിയെ ഇക്കാര്യത്തിൽ പിന്താങ്ങാൻ അജയ് മാക്കൻ പോലും തയ്യാറല്ല എന്നതല്ലേ കാണിക്കുന്നത്.
ഒരർഥത്തിൽ ദൽഹിക്ക് ഇത്രവലിയ ഭരണ പ്രശ്നങ്ങളൊന്നുമില്ല. ഇത്രയേറെ മന്ത്രിമാരും മറ്റുമാവശ്യമുണ്ടോ എന്നതും ചർച്ചാവിഷയമാവേണ്ടതാണ്. ഒരർഥത്തിൽ അത് മറ്റൊരു വലിയ നഗരസഭയാണ്. 1991-ലെ ദൽഹി നിയമം അതാണ് കാണിക്കുന്നത്. കേന്ദ്ര സർക്കാരിന്റെ ആസ്ഥാനമെന്ന നിലക്കാണ് അത്തരം ചില വ്യവസ്ഥകൾ ആ നിയമത്തിൽ കൊണ്ടുവന്നതും. ദൽഹി ആകെയുള്ളത് ഏതാണ്ട് 1483 ചതുരശ്ര കിലോമീറ്റർ ആണ്. കേരളത്തിലെ ഒരു ജില്ലയെക്കൾ ചെറുത്. എറണാകുളം ജില്ലയുടെ വിസ്തൃതി ഏതാണ്ട് 3000 ചതുരശ്ര കിലോമീറ്ററിലുമേറെയാണ് ; ദൽഹി അതിന്റെ പകുതിയേ വരുന്നുള്ളൂ. കൊച്ചി നഗരസഭയുടെ വിസ്തൃതി 732 ചതുരശ്ര കിലോമീറ്റർ ആണ്. കൊച്ചി നഗരത്തിന്റെ ഇരട്ടിവരുന്ന ഭൂപ്രദേശം മാത്രമാണ് ദൽഹി എന്നും പറയാം. ഒരു നഗരസഭയ്ക്ക് ചെയ്യേണ്ടുന്ന കാര്യങ്ങളേ ആ സർക്കാരിന് ചെയ്യാനുള്ളൂ അല്ലെങ്കിൽ അതിനുള്ള അധികാരമേയുള്ളൂ. ദൽഹിയിൽ ഇന്നിപ്പോൾ മൂന്നു നഗരസഭകളുണ്ട് . അതിന്റെ ഒരു മേലധികാരി എന്നതിനപ്പുറം ഒന്നുമല്ല ഈ സർക്കാർ എന്നും വേണമെങ്കിൽ പറയാം. പിന്നെ മുഖ്യമന്ത്രി, മന്ത്രിമാർ എന്നിങ്ങനെയോക്കെയുണ്ട് എന്നുമാത്രം. മുൻപ് ഒരു എക്സിക്യൂട്ടീവ് കൌണ്സിലർ ആണ് ദൽഹിയുടെ ഭരണം കയ്യാളിയിരുന്നത് എന്നതോർക്കുക. അവിടെയാണ് ഒരു മുഖ്യമന്ത്രി, ഉപ മുഖ്യമന്ത്രി പിന്നെ കുറെ മന്ത്രിമാർ …… ……….. അതൊക്കെ പോരാഞ്ഞ് അനവധി പാർലമെന്ററി സെക്രെട്ടറിമാരും . അക്ഷരാർഥത്തിൽ അത് ഒരു ദുർഭരണമാണ് , തെറ്റായ സമ്പ്രദായമാണ്. എന്തുകൊണ്ടും രാഷ്ട്രപതിയും കേന്ദ്ര സർക്കാരും ചെയ്തത് ന്യായയുക്തമാണ്.
അതൊന്നുമല്ല ഇന്നിപ്പോൾ എ എ പിയെ വിഷമിപ്പിക്കുന്നത്. ഏതാണ്ട് 16 മാസം മുൻപ് കൊട്ടിഘോഷിച്ച് ഭരണത്തിലേറിയവർ ജനങ്ങൾക്കുനല്കിയ വാഗ്ദാനങ്ങളൊന്നും നടപ്പിലാക്കിയിട്ടില്ല. നഗരത്തിൽ അടിച്ചുവരുന്ന തൊഴിലാളികൾക്ക് നേരെചൊവ്വേ ശമ്പളം കൊടുക്കാൻ പോലും തയ്യാറാവാത്ത ഭരണകൂടമാണത് . അതുകൊണ്ട് തന്നെ ഇന്നിപ്പോൾ ഒരു തിരഞ്ഞെടുപ്പ് അവരെ സംബന്ധിച്ചിടത്തോളം പേടി സ്വപ്നം തന്നെയാണ്. ഇതിപ്പോൾ ഒരു മണ്ഡലത്തിലല്ല മറിച്ച് 21 ഇടത്താണ് ഉപ തിരഞ്ഞെടുപ്പ് വരിക. ഒരു മിനി നിയമസഭാ തിരഞ്ഞെടുപ്പായിരിക്കുമത് . അതിൽ പരാജയപ്പെട്ടാൽ പിടിച്ചുനില്ക്കുക പ്രയാസമാവുമെന്ന് മറ്റാരെക്കാൾ നന്നായി അറിയുന്നയാളുമാണ് കേജ്രിവാൾ. സ്വന്തം പാർട്ടിയുടെ അവസ്ഥ അദ്ദേഹത്തിന് നന്നായി ബോധ്യമുണ്ട്. എല്ലാ തലത്തിലും കടുത്ത ഭിന്നതയാണ്, പ്രത്യേകിച്ച് ദൽഹിയിൽ. പ്രശാന്ത് ഭൂഷനും മറ്റും പാർട്ടിവിട്ടതിനു ശേഷം കൂടെയുള്ളവരെ ഒന്നിപ്പിച്ചു നിർത്താൻ നന്നേ വിഷമിച്ച അദ്ദേഹത്തിന് കാര്യങ്ങൾ അത്ര എളുപ്പമാവില്ല. മറ്റൊന്ന് പഞ്ചാബിൽ നിയമസഭാ തിരഞ്ഞെടുപ്പ് വരാൻ പോകുകയാണ്. എ എ പി വലിയ പ്രതീക്ഷവെച്ചു പുലർത്തുന്ന സംസ്ഥാനമാണത് . എന്നാൽ അതിനുമുന്പായി ദൽഹിയിൽ വലിയൊരു തിരിച്ചടി നേരിട്ടാൽ അത് ആ കക്ഷിയുടെ ഭാവിയെ, നിലനിൽപ്പിനെത്തന്നെ, കാര്യമായി ബാധിക്കും.
Post Your Comments