Kerala

ആശുപത്രിയില്‍ പോവുകയായിരുന്ന കുടുംബത്തെ തടഞ്ഞുവെച്ച് മര്‍ദ്ദിച്ച സീരിയല്‍ നടികള്‍ പിടിയില്‍

കൊച്ചി ● കൈക്കുഞ്ഞുമായി ആശുപത്രിയില്‍ പോവുകയായിരുന്ന അഭിഭാഷകനേയും കുടുംബത്തേയും തടഞ്ഞുവച്ച് മര്‍ദ്ദിച്ച മൂന്ന് സീരിയല്‍ നടിമാരെ പോലീസ് അറസ്റ്റ് ചെയ്തു. ഹൈക്കോടതി അഭിഭാഷകനായ പ്രജിത്തിനും കുടുംബത്തിനുമാണ് ഈ ദുരനുഭവമുണ്ടായത്. അഭിഭാഷകന്റെ പരാതിയില്‍ തൃശൂര്‍ സ്വദേശിനി അജിത, കോട്ടയം സ്വദേശിനി ശ്രീല പത്മനാഭന്‍, കൊച്ചി കുമാരനാശാന്‍ നഗറില്‍ താമസിക്കുന്ന സാന്ദ്ര ശേഖര്‍ എന്നിവരെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. ഇവരെ ചോദ്യം ചെയ്തുവരികയാണ്.

ഇന്നലെ രാത്രി കടവന്ത്രയില്‍ വച്ചായിരുന്നു സംഭവം. പ്രജിത്തിന്റെ കാര്‍ പെട്ടെന്ന് ബ്രേക്ക് ഇട്ടതാണ് പുറകില്‍ വന്ന യുവതികളെ ചൊടിപ്പിച്ചത്. തുടര്‍ന്ന് യുവതികള്‍ അഭിഭാഷകനെയും കുടുംബത്തേയും തടഞ്ഞുവയ്ക്കുകയും ഹെല്‍മറ്റുകൊണ്ട് അടിക്കുകയും ചെയ്തു. കുഞ്ഞുമായി ഇരുന്ന പ്രജിത്തിന്റെ ഭാര്യയേയും ഒരു യുവതി അടിക്കാന്‍ ഓങ്ങിയെങ്കിലും ഭാര്യ കൈകൊണ്ട് തടുത്തു. പ്രജിത്തിന്റെ മകള്‍ നിലവിളിച്ചതോടെ നാട്ടുകാര്‍ ഓടിക്കൂടുകയും യുവതികളെ പോലീസെത്തും വരും വരെ തടഞ്ഞുവയ്ക്കുകയുമായിരുന്നു. പൊലീസ് എത്തി പരിശോധിച്ചപ്പോള്‍ സ്കൂട്ടറില്‍ നിന്ന് ബിയറും കണ്ടെടുത്തു. ഇവര്‍ ബിവറേജില്‍ നിന്ന് മദ്യം വാങ്ങി വീട്ടിലേക്ക് പോവുകയായിരുന്നു എന്നാണ് വിവരം. തങ്ങള്‍ സീരിയല്‍-സിനിമ നടിമാരാണെന്നും താരസംഘടനയായ അമ്മയില്‍ അംഗങ്ങള്‍ ആണെന്നുമാണ് യുവതികള്‍ പോലീസിനോട് പറഞ്ഞത്.

മര്‍ദ്ദനം, ഭീഷണിപ്പെടുത്തല്‍, അസഭ്യം പറയല്‍ എന്നീ വകുപ്പുകള്‍ ചുമത്തിയാണ് നിലവില്‍ ഇവര്‍ക്കെതിരെ കേസെടുത്തിട്ടുള്ളത്. ഇവരുടെ വീടുകളിലും പോലീസ് പരിശോധന നടത്തി.

shortlink

Post Your Comments


Back to top button