തിരുവനന്തപുരം: ആരോഗ്യമേഖലയില്‍ പുതുതായി ആവിഷ്‌കരിക്കുന്ന ചികിത്സാരീതികളുടെയും മരുന്നുകളുടെയും കാര്യക്ഷമത പരിശോധിക്കാന്‍ ഏഴംഗ സമിതിക്ക് സര്‍ക്കാര്‍ രൂപംനല്കി. ഇനിമുതല്‍ വിദഗ്ദ്ധ ഡോക്ടര്‍മാര്‍ അടങ്ങിയ ഈ സമിതി ശുപാര്‍ശ ചെയ്യുന്ന മരുന്നുകളും ചികിത്സാരീതികളും മാത്രമേ ആരോഗ്യമേഖലയില്‍ പുതുതായി ആവിഷ്‌കരിക്കാന്‍ പാടുള്ളൂവെന്നാണ് സര്‍ക്കാര്‍ നിര്‍ദ്ദേശം. ഇതാദ്യമായാണ് ഇത്തരം സാങ്കേതികസമിതിക്ക് സര്‍ക്കാര്‍ രൂപംനല്കുന്നത്. സ്വകാര്യ ആശുപത്രികള്‍ മത്സരബുദ്ധിയോടെ ഒട്ടേറെ മരുന്നുകളും ചികിത്സാരീതികളും പുതുതായി കൊണ്ടുവരുന്നുണ്ട്. ഇതില്‍ പലതിന്റെയും ചികിത്സാഫലമോ ചികിത്സാച്ചെലവോ കൃത്യമായി വിലയിരുത്താതെയാണ് പല ആശുപത്രികളും ഇവ ആവിഷ്‌കരിക്കുന്നത്. സ്വകാര്യ ആശുപത്രികള്‍ നടപ്പാക്കിയാല്‍ ഉടന്‍ സര്‍ക്കാര്‍ ആശുപത്രികളിലും ഇവ നടപ്പാക്കുന്നതിന് മുറവിളി ഉയരാറുണ്ട്. മറ്റു പരിശോധനകളൊന്നുമില്ലാതെ പലപ്പോഴും ഇത് സര്‍ക്കാര്‍മേഖലയിലും നടപ്പാക്കുകയാണ് രീതി. ഇവയില്‍ പലതും പിന്നീട് ഉപേക്ഷിക്കേണ്ടിവരുന്നതോടെ സര്‍ക്കാരിനു വന്‍ സാമ്പത്തിക ബാധ്യതയാണുണ്ടാവുക. ഇതൊഴിവാക്കാനാണ് വിദഗ്ദ്ധസമിതിക്ക് രൂപംനല്കുന്നത്. ആലപ്പുഴ മെഡിക്കല്‍ കോളേജ് റേഡിയോ ഡയഗ്‌നോസിസ് വിഭാഗം പ്രൊഫസര്‍ ഡോ. ഹരികുമാരന്‍ നായരുടെ അധ്യക്ഷതയിലാണ് സമിതി പ്രവര്‍ത്തിക്കുക. ഡോ. ബിജു ജോര്‍ജ് (മെഡിക്കല്‍ കോളേജ്, കോഴിക്കോട്), ഡോ. മുരളി സി.പി., ഡോ. ഷിബു, ഡോ. സിബു മാത്യു(മെഡിക്കല്‍ കോളേജ്, തൃശ്ശൂര്‍), ഡോ. അനീഷ് ടി.എസ്., ജോയമ്മ വര്‍ക്കി (മെഡിക്കല്‍ കോളേജ്, തിരുവനന്തപുരം) എന്നിവരാണ് സമിതി അംഗങ്ങള്‍. ബ്രിട്ടന്‍, തായ്‌ലന്‍ഡ്, ചൈന തുടങ്ങിയ രാജ്യങ്ങളില്‍ ടെക്‌നോളജി അസസ്‌മെന്റ് ബോര്‍ഡുകള്‍ നിലവിലുണ്ട്. ഈ ബോര്‍ഡിന്റെ അനുമതിയോടെ മാത്രമേ പുതിയ മരുന്നുകളും ചികിത്സാരീതികളും ആവിഷ്‌കരിക്കാനാവൂ. ഇതേ മാതൃകയില്‍ എല്ലാ സംസ്ഥാനത്തും സാങ്കേതികസമിതികള്‍ രൂപവത്കരിക്കണമെന്ന് കേന്ദ്രസര്‍ക്കാര്‍ ആരോഗ്യവകുപ്പിന് അടുത്തിടെ നിര്‍ദ്ദേശം നല്കിയിരുന്നു. ഇതുകൂടി കണക്കിലെടുത്താണ് പുതിയ സമിതിക്ക് രൂപംനല്കിയത്. സംസ്ഥാനത്ത് ദേശീയതലത്തിലെ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ആവിഷ്‌കരിക്കുന്നതിനായി ആരോഗ്യ ഡയറക്ടര്‍ അധ്യക്ഷനും ആരോഗ്യ വിദ്യാഭ്യാസ ഡയറക്ടര്‍ ഉപാധ്യക്ഷനുമായി സാങ്കേതികസമിതിക്കും രൂപംനല്കിയിട്ടുണ്ട്. സ്റ്റേറ്റ് എപ്പിഡമോളജിസ്റ്റ് ഡോ. എ.സുകുമാരനാണ് സമിതിയുടെ സാങ്കേതികോപദേഷ്ടാവ്. ഡിഫ്തീരിയ അടക്കമുള്ള രോഗങ്ങള്‍ വീണ്ടും തലപൊക്കുന്ന സാഹചര്യത്തില്‍, ഏതുതരം പ്രതിരോധമാര്‍ഗങ്ങള്‍ സ്വീകരിക്കണമെന്നതും മരുന്നുകളില്‍ വരുത്തേണ്ട മാറ്റങ്ങളും തീരുമാനിക്കുക ഈ സമിതിയാകും. പതിനൊന്നംഗങ്ങളാണ് സമിതിയിലുള്ളത്.
Post Your Comments