ലോസ്ആഞ്ചല്‍സ് : തുര്‍ക്കിയിലെ പട്ടാള അട്ടിമറിശ്രമത്തിനുപിന്നില്‍ ആരെന്നത് വ്യക്തമല്ലെങ്കിലും ജനങ്ങളും ഭരണകൂടവും യു.എസ് ആസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന പുരോഹിതനായ ഫെത്തുല്ല ഗുലെനിലേക്ക് വിരല്‍ചൂണ്ടുന്നു. ‘സമാന്തരമായ സംവിധാന’ത്തിന്റെ പ്രവര്‍ത്തനമാണ് അട്ടിമറി ശ്രമമെന്ന് പ്രസിഡന്റ് തയിപ് എര്‍ദോഗന്‍ രാജ്യാന്തരമാധ്യമമായ സിഎന്‍എന്നിനോട് അറിയിച്ചു. നേരത്തേ, ഈ വാക്ക് അദ്ദേഹം ഉപയോഗിച്ചത് യുഎസിലെ പെന്‍സില്‍വാനിയയില്‍ കഴിയുന്ന ഫെത്തുല്ല ഗുലെനെക്കുറിച്ചു സംസാരിക്കുമ്പോഴായിരുന്നു.
തുര്‍ക്കിയിലെ രണ്ടാമത്തെ ശക്തനായ മനുഷ്യനെന്നാണ് ഗുലെന്‍ അറിയപ്പെടുന്നത്. യു.എസില്‍ പ്രവാസത്തില്‍ കഴിയുന്ന ഇദ്ദേഹം ഏകാന്തജീവിതം നയിക്കുന്നയാളാണ്. ഇദ്ദേഹത്തിന്റെ അനുകൂലികളും എര്‍ദോഗന്റെ അനുയായികളും തമ്മിലുള്ള അധികാരവടംവലി പലതവണ തെരുവിലേക്കുനീങ്ങിയിട്ടുണ്ട്. ഈ അട്ടിമറി ശ്രമത്തിനുപിന്നിലും ഗുലെനാണെങ്കില്‍ തുര്‍ക്കിയുടെ ചരിത്രത്തില്‍ വലിയ പ്രത്യാഘാതമായിരിക്കും അതുണ്ടാക്കുക.
തുര്‍ക്കി പ്രസിഡന്റ് തയിപ് എര്‍ദോഗന്റെ അടുത്ത സുഹൃത്തായിരുന്ന ഗുലെന്‍ കുറച്ചുവര്‍ഷങ്ങള്‍ക്കുമുന്‍പാണ് എര്‍ദോഗനുമായി അകന്നത്. മാധ്യമങ്ങളിലും പൊലീസിലും ജുഡീഷ്യറിയും ഉള്‍പ്പെടെ തുര്‍ക്കി സമൂഹത്തില്‍ ഗുലെന്റെ സ്വാധീനം വര്‍ധിച്ചുവരുന്നത് എര്‍ദോഗന്‍ സംശയദൃഷ്ടിയോടെയാണ് കണ്ടത്. 1999ല്‍ മാതൃരാജ്യത്ത് രാജ്യദ്രോഹക്കുറ്റം ചുമത്തിയതിനെ തുടര്‍ന്ന് ഗുലെന്‍ യു.എസിലേക്കു പോകുകയായിരുന്നു.
തുടര്‍ന്ന് എഴുപത്തഞ്ചുകാരനായ ഇയാള്‍ മാധ്യമങ്ങളെ പൂര്‍ണമായും ഒഴിവാക്കിയാണ് ജീവിക്കുന്നത്. അഭിമുഖങ്ങളും പൊതുസ്ഥലങ്ങളില്‍ വരുന്നതും പരമാവധി ഒഴിവാക്കിയിരുന്നു. വല്ലപ്പോഴും ഇമെയില്‍ വഴിയാണ് മാധ്യമങ്ങളുമായി വിവരങ്ങള്‍ കൈമാറിയിരുന്നത്. ഇരുവിഭാഗങ്ങളും തമ്മിലുള്ള അധികാരത്തര്‍ക്കം എര്‍ദോഗന്റെ മകന്‍ ഉള്‍പ്പെടെയുള്ളവര്‍ക്കെതിരെ അഴിമതിയാരോപണങ്ങളായി ഉയര്‍ന്നുവന്നിരുന്നു.
ഇതിനെ പ്രതിരോധിക്കാന്‍ ഗുലെനെ പിന്തുണയ്ക്കുന്ന ഉയര്‍ന്ന ഉദ്യോഗസ്ഥരുള്‍പ്പെടെ നൂറുകണക്കിന് സൈനികരെ പുറത്താക്കിയിരുന്നു. ഗുലെന്‍ മൂവ്‌മെന്റ് സംഘടനയായ ഹിസ്‌മെത്തിന്റെ സ്‌കൂളുകളും പൂട്ടി. ഗുലെനോട് അനുഭാവ സമീപനം പുലര്‍ത്തുന്ന മാധ്യമങ്ങള്‍ക്കെതിരെയും എര്‍ദോഗന്‍ നടപടിയെടുത്തു.
Post Your Comments