രശ്മി രാധാകൃഷ്ണന്‍
ഇതാ ഒരു പുണ്യ ഭൂമി..ദശരഥപുത്രന്മാര്‍ ഒരു ഞെട്ടിലെ നാല്പൂക്കളെന്ന പോലെ അവതരിച്ച ത്രേതായുഗത്തിന്റെ പുണ്യം ഏറ്റു വാങ്ങിയ നാലമ്പലങ്ങളുടെ നാട്.രാമായണേതിഹാസത്തിന്റെ ജീവന്‍ തുടിയ്ക്കുന്ന കര്‍ക്കിടകമാസം ഉണരുമ്പോള്‍ ദര്‍ശനപുണ്യം തേടുന്ന ഭക്തര്‍ക്ക് ഒരു ഉത്കൃഷ്ടതീര്‍ഥാടനകേന്ദ്രം.
ത്രേതാ യുഗത്തിലെ വൈഷ്ണവാവതാരങ്ങളായ ശ്രീരാമ ലക്ഷ്മണ ഭരത ശത്രുഘ്നന്മാര്‍ കുടിയിരിയ്ക്കുന്ന നാല് ക്ഷേത്രങ്ങളാണിവ.കോട്ടയം ജില്ലയിലെ രാമപുരം,കൂടപ്പുലം,അമനകര,മേതിരി എന്നീ നാല് ഗ്രാമങ്ങളില്‍ ഏകദേശം മൂന്നു കിലോമീറ്റര്‍ തുല്യ ദൂരത്തില്‍ പതിനഞ്ചു കിലോമീറ്റര്‍ ചുറ്റളവില്‍ ഈ ക്ഷേത്രങ്ങള്‍ സ്ഥിതി ചെയ്യുന്നു.നാലമ്പലങ്ങള്‍ വേറെയുണ്ടെങ്കിലും ഉച്ചപ്പൂജയ്ക്ക് മുന്പ് നാലിലും ദര്‍ശനങ്ങള്‍ പൂര്‍ത്തിയാക്കും വിധം ഇത്തരത്തില്‍ കേരളത്തിലോ ഭാരത്തില്‍ മറ്റെവിടെയുമോ കാണാന്‍ കഴിയില്ല.അപൂര്‍വ്വമായ ഈ ക്ഷേത്രസാന്നിദ്ധ്യത്തെക്കുറിച്ച് കേന്ദ്ര സര്‍ക്കാരിന്റെ 1997 ലെ ക്ഷേത്ര സര്‍വ്വേയില്‍ പരാമര്‍ശിച്ചിട്ടുണ്ട്.
നാലമ്പല ദര്‍ശനം ആരംഭിയ്ക്കുന്നത് രാമപുരത്തുള്ള ശ്രീരാമ സ്വാമി ക്ഷേത്രത്തില്‍ നിന്നാണ്.ശ്രീരാമപ്രതിഷ്ഠയ്ക്ക് ശേഷമാണ് ഈ ഗ്രാമത്തിനു രാമപുരം എന്ന പേര് ലഭിയ്ക്കുന്നതെന്ന് പ്രഗല്‍ഭ സ്ഥലനാമ ഗവേഷകനായിരുന്ന മഠം പരമേശ്വരന്‍ നമ്പൂതിരി തന്റെ ‘സ്ഥലനാമ പുരാണം’ എന്ന ഗ്രന്ഥത്തില്‍ പരാമര്‍ശിയ്ക്കുന്നുണ്ട്.അതിനു മുന്പ് കൊണ്ടകളുടെ (മലകളുടെ) നാട് എന്ന അര്‍ത്ഥത്തില്‍ കൊണ്ടാട് എന്നാണ് അറിയപ്പെട്ടിരുന്നത്.ശ്രീരാമ പ്രതിഷ്ഠയ്ക്ക് ഏതാണ്ട് 3500 വര്‍ഷത്തെ പഴക്കമുണ്ടെന്നും തെളിയിക്കപ്പെട്ടിട്ടുണ്ട്.
രാമക്ഷേത്രോല്പ്പത്തിയെക്കുറിച്ച് ഒരു ഐതിഹ്യവും നിലവിലുണ്ട്.രാവണനിഗ്രഹത്തിനു ശേഷം, പാതിവ്രത്യ ശുദ്ധി തെളിയിയ്ക്കാന്‍ നിര്‍ബന്ധിതയായ സീതാദേവി മനം നൊന്ത് അമ്മയായ ഭൂമിദേവിയുടെ അടുത്തേയ്ക്ക് മറയുന്നു.സീതാവിരഹത്താല്‍ നീറിയ രാമന്‍ എല്ലാം ഉപേക്ഷിച്ച് ദക്ഷിണദിക്കില്‍ സീതാന്വേഷണത്തിനു പോയ കാട്ടുപാതയിലൂടെ യാത്ര തുടരുന്നു.കാലങ്ങളോളം അലഞ്ഞ രാമന്‍ പ്രകൃതി രാമണീയവും ശാന്തവുമായ ഒരു സ്ഥലത്തെത്തിയപ്പോള്‍ മനശാന്തി ലഭിയ്ക്കുകയും അവടെ ഏകാന്ത തപസ്സ് ആരംഭിയ്ക്കുകയും ചെയ്തു.ജ്യേഷ്ഠനെ അന്വേഷിച്ചു വന്ന അനുജന്മാര്‍ രാമനില്ലാതെ ശൂന്യമായ അയോധ്യയിലേയ്ക്കില്ല എന്ന് നിശ്ചയിച്ച് സമീപത്തുള്ള നാല് സ്ഥലങ്ങളില് തപസ്സാരംഭിയ്ക്കുകയും ചെയ്തു.കാലക്രമേണ അവിടെ ദേവതേജസ് കണ്ടെത്തിയ ബ്രാഹ്മണന്മാര്‍ പ്രതിഷ്ഠ നടത്തി ക്ഷേത്രങ്ങള്‍ പണിതു എന്നാണു ഐതിഹ്യം.
മഹാകവി രാമപുരത്തു വാര്യര്‍ ഈ ക്ഷേത്രത്തിലെ കഴകക്കാരനായിരുന്നു. മലയാളസാഹിത്യചരിത്രത്തിനു മുതല്ക്കൂട്ടായ അദ്ദേഹത്തിന്റെ പല കൃതികള്‍ക്കും പശ്ചാത്തലമായത് ഈ ക്ഷേത്രവും ഈ ഗ്രാമവുമാണ്. ചതുര്‍ബാഹുവായ ശ്രീരാമ ദേവനാണ് പ്രതിഷ്ഠാരൂപം.രാവണ നിഗ്രഹാനന്തരം പട്ടാഭിഷേകം നടത്തി പ്രജാക്ഷേമതല്പ്പരനായി വാഴുന്ന സുസ്മേര വദനനായ ശ്രീരാമരൂപത്തിലുള്ള വിഗ്രഹം കിഴക്കോട്ട് ദര്‍ശനമായാണ് നില കൊള്ളുന്നത്. ഉപദേവതകളും കിഴക്കേ ആല്‍മരച്ചുവട്ടില്‍ ഭക്തനായ ഹനുമാനും കുടി കൊള്ളുന്നു.സീതാന്വേഷണത്തിനു പുറപ്പെട്ട ഹനുമാന്‍ സീതയെ കണ്ട വിവരം സന്തോഷാധിക്യത്താല്‍ വെടി പൊട്ടുന്ന ശബ്ദത്തില്‍ “ദൃഷ്ടോഹം സീതാ” ( കണ്ടു ഞാന്‍ സീതയെ) എന്ന് പറഞ്ഞത്രേ.ആ ഭാഷണത്തിന്റെ സ്മരണയില്‍ വെടി വഴിപാടാണ് ഇവിടെ മുഖ്യ വഴിപാട്.
ശ്രീരാമ ക്ഷേത്രത്തില്‍ നിന്നും മൂന്നു കിലോമീറ്റര്‍ തെക്ക്പടിഞ്ഞാറായാണ് കൂടപ്പുലം ലക്ഷ്മണസ്വാമി ക്ഷേത്രം.പ്രകൃതി ഭംഗി നിറഞ്ഞ കൂടപ്പുലവും പ്രാന്ത പ്രദേശങ്ങളും ഒരുകാലത്ത് വന്യ ജീവികളുടെ ആവാസകേന്ദ്രമായിരുന്നു.ശ്രീരാമന്റെ സന്തത സഹചാരിയായി എപ്പോഴും കൂടെയുണ്ടായിരുന്നതിന്നാലാവാം ലക്ഷ്മണന്റെ വാസസ്ഥലത്തിനു ‘കൂടപ്പുലം’ എന്ന പേര് വന്നത്.സന്ധ്യാ വന്ദനത്തിനായി ഒരു ദിവസം സൌകര്യമുള്ള ഒരു സ്ഥലത്ത് ശ്രീരാമന്‍ വില്ല് കുത്തിച്ചാരി വച്ചുവത്രേ.അത് കൊണ്ട് ‘വില്‍ക്കുഴി’ എന്നൊരു പേരുമുണ്ട്.രണ്ടു പ്രാവശ്യം നാശം സംഭവിച്ചതിനു ശേഷം മൂന്നാമത് പുതുക്കി പണിതതാണ് ഇപ്പോഴുള്ള ക്ഷേത്രം.
കൂടപ്പുലത്ത് നിന്നും മൂന്നു കിമി വടക്ക് കിഴക്കായാണ് അമനകര ഭരത ക്ഷേത്രം.കേരളത്തില്‍ വിരളമാണ് ഭരത ക്ഷേത്രങ്ങള്‍.ശ്രീകോവില്‍ ഉള്‍പ്പെടെ കരിങ്കല്ലില്‍ നിര്‍മ്മിച്ചിരിയ്ക്കുന്ന ഈ ക്ഷേത്രത്തിന്റെ ശില്‍പ്പ ഭംഗി മഹത്തരമാണ്.പേര് കേട്ട അഞ്ചു ബ്രാഹ്മണകുടുംബങ്ങള്‍ ഇവിടെയുണ്ടായിരുന്നു.’ഐമനകര ‘എന്ന പേരില്‍ നിന്നാണ് അമനകര എന്നു വന്നത് .ഇവിടെ ശംഖു പൂജയാണ് പ്രധാനം.വിഷ്ണുഭഗവാന്റെ ശംഖും ചക്രവുമാണല്ലോ ഭരത ശത്രുഘ്നന്മാരായി അവതരിച്ചത്. ഭാരത ക്ഷേത്രത്തിനു വടക്ക് കിഴക്കായി രണ്ടു കിലോമീറ്റര്‍ അകലത്തില്‍ മേതിരി ശത്രുഘ്ന ക്ഷേത്രം സ്ഥിതി ചെയ്യുന്നു.
രാമപുരത്തു നിന്ന് ശ്രീരാമന്‍ അനുജന്മാരുടെ ക്ഷേമാന്വേഷണത്തിനായി ഒരിക്കല്‍ മൂന്നു സ്ഥലങ്ങളും സന്ദര്‍ശിച്ചുവെന്നും ആ സന്ദര്‍ശനത്തിന്റെ പ്രതീകമായാണ് നാലമ്പല ദര്‍ശനം നടത്തുന്നതെന്നുമാണ് വിശ്വാസം.നാല് ക്ഷേത്രങ്ങളുടെയും സമീപത്തായി ശക്തിസ്വരൂപിണിയായ ദേവിയുടെ ക്ഷേത്രങ്ങള്‍ ഉണ്ടെന്നുള്ളതും ഒരു പ്രത്യേകതയാണ്.മൂവായിരം വര്‍ഷങ്ങള്‍ക്ക് മുന്പ് ഏതാണ്ട് ഒരേ കാലയളവില്‍ പണി തീര്‍ത്ത ഈ നാല് ക്ഷേത്രങ്ങളുടെ ശില്പ ചാതുരിയും ആകര്‍ഷകമാണ്.
ഈ നാല് ക്ഷേത്രങ്ങളുടെയും അവ സ്ഥിതി ചെയ്യുന്ന ദേശങ്ങളുടെയും ചരിത്രത്താളുകളില്‍ രാമായണ കഥയുടെ പല ഏടുകളും മിഴിവോടെ തെളിഞ്ഞു കിടപ്പുണ്ട്.ചരിത്രത്തിന്റെ ഭാഗമെന്ന നിലയില്‍ ചരിത്രവിദ്യാര്‍ത്ഥികളെയും ശ്രീരാമന്റെയും സഹോദരന്മാരുടെയും പരസ്പര സ്നേഹവും ചൈതന്യവും കുടി കൊള്ളുന്ന പുണ്യ ഭൂമിയെന്ന നിലയില്‍ ഭക്ത ജനങ്ങളേയും ഒരു പോലെ ആകര്‍ഷിക്കുന്നു ഈ ഗ്രാമം.പുണ്യ മാസമായ കര്‍ക്കിടത്തില്‍ രാമായണ ശീലുകള്‍ അന്തരീക്ഷത്തിലും മനസിലും അലയടിക്കുമ്പോള്‍ നാലമ്പല ദര്‍ശനം ഒരു ആത്മീയപുണ്യമാകുന്നു.
Post Your Comments