കോയമ്പത്തൂര്‍ ● കോയമ്പത്തൂര്‍ ആസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന ആദ്യത്തെ വിമാനക്കമ്പനിയായ എയര്‍ കാര്‍ണിവല്‍ പറക്കാനൊരുങ്ങുന്നു. കുറഞ്ഞ ചെലവില്‍ അന്താരാഷ്ട്ര നിലവാരത്തിലുള്ള വിമാനയാത്രാനുഭവം വാഗ്ദാനം ചെയ്യുന്ന കമ്പനി യാത്രക്കാര്‍ക്ക് സൗജന്യ ഭക്ഷണത്തോടൊപ്പം സംഗീതം, സിനിമ, ടെലിവിഷന്‍ തുടങ്ങിയ വിനോദോപാധികളും ഉറപ്പുനല്‍കുന്നു.
ജൂലൈ 4 നാണ് എയര്‍ കാര്‍ണിവലിന് പറക്കാന്‍ അനുമതി ലഭിച്ചത്. തിങ്കളാഴ്ച കോയമ്പത്തൂര്‍ അന്തരാഷ്ട്ര വിമാനത്താവളത്തില്‍ നിന്ന് പറന്നുയരുന്ന എയര്‍ കാര്‍ണിവലില്‍ ആദ്യ ദിനം വെറും ഒരു രൂപയാണ് ടിക്കറ്റ് നിരക്കായി ഈടാക്കുക. തുടര്‍ന്ന് ആദ്യ മൂന്നുമാസം (ജൂലൈ 19 മുതല്‍ ഒക്ടോബര്‍ 19 വരെ ) എല്ലാ നികുതികളും ഉള്‍പ്പടെ 999 രൂപയായിരിക്കും നിരക്ക്.
ആദ്യദിനത്തില്‍ കോയമ്പത്തൂരില്‍ നിന്ന് ചെന്നൈയിലേക്കും ചെന്നൈയില്‍ നിന്ന് മധുരയിലേക്കുമുള്ള നാല് സര്‍വീസുകളിലും ഒരു രൂപയായിരിക്കും അടിസ്ഥാന നിരക്ക്. നികുതി പുറമേ നല്‍കണമെന്നും സി.ഇ.ഒ മനീഷ് കുമാര്‍ സിംഗ് പറഞ്ഞു. എയര്കാര്ണിവലിന്റെ വെബ്സൈറ്റ് വഴിയും ക്ലീയര്‍ ട്രിപ്പ് പോലെയുള്ള വെബ്സൈറ്റ്/ആപ്പുകള്‍ വഴിയും ടിക്കറ്റുകള്‍ ബുക്ക് ചെയ്യാം.
നിലവില്‍ പാട്ടത്തിനെടുത്ത ഒരു എ.ടി.ആര് ടര്‍ബോ പ്രൊപ്പല്ലര്‍ വിമാനമാണ് കമ്പനിയ്ക്കുള്ളത്. അടുത്ത മൂന്നാഴ്ചയ്ക്കകം ചെന്നൈ-ബംഗലൂരു സര്‍വീസ് ആരംഭിക്കാന്‍ കമ്പനിയ്ക്ക് പദ്ധതിയുണ്ട്. രണ്ടാമത്തെ വിമാനം സെപ്റ്റംബര്‍ അവസാനത്തോടെ ലഭിക്കും. തുടര്‍ന്ന് ചെന്നൈ, കോയമ്പത്തൂര്‍ എന്നിവിടങ്ങളില്‍ നിന്ന് തിരുവനന്തപുരം, ഹുബ്ലി, മംഗളൂരു, മൈസൂരു എന്നിവിടങ്ങളിലേക്ക് സര്‍വീസ് ആരംഭിക്കാനും കമ്പനിയ്ക്ക് പദ്ധതിയുണ്ടെന്ന് മനീഷ് വെളിപ്പെടുത്തി. മാര്‍ക്കറ്റ് സര്‍വേയുടെ അടിസ്ഥാനത്തിലാകും ഇക്കാര്യത്തില്‍ അന്തിമ തീരുമാനമെടുക്കുകയെന്നും അദ്ദേഹം വ്യക്തമാക്കി.
Post Your Comments