കെ.വി.എസ്.ഹരിദാസ്
അഡ്വ. എം കെ ദാമോദരൻ കേരള മുഖ്യമന്ത്രിയുടെ ഉപദേഷ്ടാവായി തുടരുമ്പോൾ തന്നെ കേരള സർക്കാരിന് എതിരായ കേസുകളിൽ ഹാജരാവുന്നത് ശരിയാണോ എന്നത് ഇന്നിപ്പോൾ വലിയ വിവാദമായിരിക്കുകയാണല്ലോ. ഒരുകാര്യം തീർച്ചയാണ്; സംസ്ഥാനത്ത് ഭരണം കയ്യാളുന്ന കക്ഷിയുടെ സ്വന്തക്കാരായ അഭിഭാഷകർ സർക്കാരിന്റെ താല്പര്യങ്ങൾക്ക് എതിരായി കോടതിയിൽ ഹാജരാകുന്നതും വാദിക്കുന്നതുമൊക്കെ പുതിയ കാര്യമല്ല. മുൻപും അത്തരം അനവധി സംഭവങ്ങൾ കേരളത്തിൽ പോലുമുണ്ടായിട്ടുണ്ട്. കേരള സർക്കാരും ബിർളയുമായി പലവിഷയങ്ങളിലും കേസുകളുണ്ടായിട്ടുണ്ടല്ലോ. മാവൂർ റയോൺസ് അതിലൊരു പ്രശ്നം മാത്രം. അക്കാലത്തെല്ലാം ബിർളയുടെ അഭിഭാഷകനായി കേരള ഹൈക്കോടതിയിലെത്തിയത് ബംഗാളിലെ പ്രമുഖ കോൺഗ്രസ് നേതാവും മുൻ മുഖ്യമന്ത്രിയുമൊക്കെയായിരുന്ന സിദ്ധാർഥ ശങ്കർ റെയ് ആയിരുന്നു. അക്കാലത്ത് അതിവിടെ ചർച്ചാവിഷയമായതുമാണ്. പിന്നീട് പി ചിദംബരവും അഭിഷേക് മനു സിംഗ്‌വിയും കപിൽ സിബലുമൊക്കെ അങ്ങിനെയാർക്കെല്ലാം വേണ്ടി കോടതിയിലെത്തിയിരിക്കുന്നു. കേരള ഹൈക്കോടതിയിലെ കേസുകളിൽ മാത്രമല്ലിത്; സുപ്രീം കോടതിയിലും അതൊക്കെ കണ്ടിട്ടുണ്ട്. രാഷ്ട്രീയം വേറെ പ്രൊഫെഷൻ വേറെ എന്നതായിരുന്നു അന്നെല്ലാം പലരുമെടുത്ത നിലപാട്.
അവരിൽ പലരും അഭിഭാഷകരെന്ന നിലക്ക് കഴിവുള്ളവരും പ്രഗത്ഭരുമൊക്കെ ആയേക്കാം. എങ്ങനെയായാലും കേസ് ജയിക്കുക എന്നതാണല്ലോ ഒരു കക്ഷിയുടെ മനസിലെ ചിന്ത. അതുകൊണ്ടു അതിനാവശ്യമായതെല്ലാം ഒരാൾ ചെയ്യാൻ ശ്രമിച്ചാൽ കുറ്റപ്പെടുത്താൻ കഴിയില്ല. ജയിക്കാനായി ഏതറ്റം വരെയും പോകുക എന്നതാണല്ലോ ഇന്നത്തെ ഒരു പൊതു സമ്പ്രദായം. അതുകൊണ്ടാണ് പി ചിദംബരം കേന്ദ്ര ധനകാര്യ മന്ത്രിയായിരുന്നപ്പോഴും ആഭ്യന്തര മന്ത്രിയായിരുന്നപ്പോഴും ആ വകുപ്പുകളുമായി ബന്ധപ്പെട്ട കേസുകളിൽ നളിനി ചിദംബരത്തിന് ആവശ്യക്കാർ ഏറെയായത് . മറ്റൊന്നുകൂടി പറയട്ടെ. ഇടുക്കിയിലെ ഒരു സ്ത്രീ പീഡന കേസിൽ നമ്മുടെ ഒരു പ്രമുഖ കോൺഗ്രസ് നേതാവ് അകപ്പെട്ടത് ഓർമ്മിക്കുന്നവർ ഇന്നുമുണ്ട്. അതിൽ അന്ന് സുപ്രീംകോടതിയിൽ ആ കോൺഗ്രസ് നേതാവിനുവേണ്ടി ഹാജരായത് ബിജെപി നേതാവ് അരുൺ ജെയ്‌റ്റിലിയാണ്. കേസിൽ ആ നേതാവ് ജയിക്കുകയും ചെയ്തു. കേരളത്തിലെ ബിജെപി ഘടകം ആ സ്ത്രീപീഡന കേസിൽ സ്വീകരിച്ച നിലപാടിന് അനുകൂലമായിരുന്നില്ല ബിജെപി നേതാവുകൂടിയായ ജെയ്‌റ്റിലി എടുത്തത്. അതുപോലെ അനവധി ഉദാഹരണങ്ങൾ ചൂണ്ടിക്കാണിക്കാനുണ്ടാവും. തിരഞ്ഞാൽ കുറെ ഡസൻ കണക്കിന് ഉദാഹരണങ്ങൾ കിട്ടുകയും ചെയ്യും, തീർച്ച.
അടുത്തിടെ ലളിത് മോദി പ്രശ്നം വന്നപ്പോൾ കേന്ദ്ര വിദേശകാര്യ മന്ത്രി സുഷമ സ്വരാജിനെ പ്രതിക്കൂട്ടിലാക്കാൻ കോൺഗ്രസും സിപിഎമ്മും പാർലമെന്റിൽ ശ്രമിച്ചത് അവരുടെ മകളുടെ പേര് പറഞ്ഞാണ്. ലളിത് മോദിയുടെ കേസ് നടത്തിയ അഭിഭാഷക സ്ഥാപനത്തിലാണ് സുഷമയുടെ മകൾ ഉള്ളത് എന്നതായിരുന്നു അന്നത്തെ വാദഗതി. എന്നാൽ ആ വക്കീൽ സ്ഥാപനത്തിൽ അനവധി അഭിഭാഷകരുണ്ട് എന്നും ഈ ഒരു കേസ് തന്റെ മകൾ കൈകാര്യം ചെയ്തില്ലെന്നുമൊക്കെ സുഷമ സ്വരാജ് ലോകസഭയിൽ വാവിട്ടുകൊണ്ടു പറഞ്ഞപ്പോഴും പ്രതിപക്ഷം അവരെ വേട്ടയാടുകയായിരുന്നു. ആ സ്ഥാപനത്തിന്റെ കേസ് ഫയൽ ഫോൾഡറിൽ സുഷമയുടെ മകളുടെ പേരുണ്ട്, വക്കാലത്തിൽ സുഷമയുടെ മകളുടെ പേര് അച്ചടിച്ചിരുന്നു എന്നതൊക്കെയായിരുന്നുവല്ലോ അന്നവരുടെ വാദഗതി. അന്നത് കൊഴുപ്പിച്ച സിപിഎം ആണിപ്പോൾ മുഖ്യമന്ത്രിയുടെ നിയമോപദേഷ്ടാവ് സർക്കാരിന് വലിയ താല്പര്യങ്ങളുള്ള കേസുകളിൽ സർക്കാരിനെ തിരായി കോടതികളിൽ ഹാജരാകുന്നതിനെ ന്യായീകരിക്കുന്നത്. ഇപ്പോഴെല്ലാം വിഎസ് അച്യുതാനന്ദൻ കൈക്കൊണ്ട മൗനവും വാചാലമാണ്. ഒരു താക്കോൽ സ്ഥാനത്തിനായി കാതോർത്തിരുന്ന അദ്ദേഹം ഒരു പക്ഷെ അതുകൊണ്ടുതന്നെയാവാം മിണ്ടാത്തത്.
തൊട്ടുമുമ്പത്തെ കേരള സർക്കാരിന്റെ അഡ്വക്കേറ്റ് ജനറൽ ആയിരുന്ന അഡ്വ. കെപി ദണ്ഡപാണിയും അത്തരം ആക്ഷേപങ്ങൾക്ക് വിധേയനായിട്ടുണ്ട്. ദണ്ഡപാണിയുടേത് കേരളത്തിലെ തന്നെ ഏറ്റവും വലിയ അഭിഭാഷക ഓഫിസുകളിൽ ഒന്നാണ്. അദ്ദേഹത്തേക്കാൾ കഴിവും അംഗീകാരവുമുള്ള വക്കീലാണ് ഭാര്യ സുമതി ദണ്ഡപാണി എന്നു കരുതുന്നവർ കോടതിയിലും ന്യായാധിപന്മാരിലും മറ്റും അനവധിയുണ്ട് എന്നും കേട്ടിട്ടുണ്ട്. ആ ഓഫിസിന് ( അല്ലെങ്കിൽ അവിടത്തെ വക്കീലന്മാർക്ക് ) വക്കാലത്തുള്ള അനവധി കേസുകൾ ദണ്ഡപാണി എ ജി ആയിരുന്നപ്പോൾ തന്നെ കേരള സർക്കാരിനെതിരെ ഹൈക്കോടതിയിലും മറ്റും ഫയൽ ചെയ്തിട്ടുണ്ട് ; അതിനു മുൻപ് ഫയൽ ചെയ്തതെല്ലാം അവർ അക്കാലത്തു വാദിച്ചിട്ടുമുണ്ട്. അന്ന് പലകേസുകളുടെയും കാര്യത്തിൽ വിഎസ് അച്യുതാനന്ദൻ അടക്കമുള്ള സിപിഎം നേതാക്കൾ പരസ്യമായ ആക്ഷേപങ്ങൾ ഉന്നയിച്ചിരുന്നതും ഓർമ്മിക്കുക. തമിഴ്‌നാടിനുവേണ്ടി ദണ്ഡപാണിയുടെ ഭാര്യക്ക് വക്കാലത്തുണ്ടായിരുന്ന ചില കേസുകളെക്കുറിച്ചും മറ്റും വിവാദങ്ങളുയർന്നത് പഴയ കാര്യമൊന്നുമല്ല. അവിടെയും താനും തന്റെ ഓഫിസും രണ്ടാണ് എന്നതായിരുന്നു അന്നത്തെ അഡ്വക്കേറ്റ് ജനറലിന്റെ നിലപാട്.
മറ്റൊന്നുകൂടി ഓർമ്മയിൽ വരുന്നുണ്ട്. മുതിർന്ന അഭിഭാഷകനായ എം രത്ന സിംഗ് അഡ്വക്കേറ്റ് ജനറൽ ആയിരുന്ന കാലഘട്ടത്തെ കഥയാണത്. അന്ന് അദ്ദേഹത്തിന്റെ മരുമകൻ ( അങ്ങിനെയാണ് എന്നാണോർമ്മ) ഹൈക്കോടതിയിൽ അഭിഭാഷകനായി ഉണ്ടായിരുന്നു. അക്കാലത്തു ചില കേസുകൾ അദ്ദേഹത്തിന് നൽകിയാൽ നന്നായി എന്ന് എം രത്നസിംഗ് സർക്കാരിന് എതിരെ കേസുമായി എത്തുന്നവരോട് പറഞ്ഞിരുന്നുവെന്നും മറ്റും കേട്ടിരുന്നു. അതിനുള്ള സാധ്യത കുറവാണ് എന്നു അന്നേ ചിന്തിച്ചിരുന്നയാളാണ് ഞാൻ; അതുപോലെ പലരും . കാരണം രത്നസിംഗിലെ മാന്യത തന്നെ. മാത്രമല്ല മരുമകന് സാമാന്യം ഭേദപ്പെട്ടവണ്ണമുള്ള കേസുകളുണ്ടായിരുന്നു എന്നും കേട്ടിട്ടുണ്ട്. കോടതിയിൽ ഇതൊക്കെ സ്വാഭാവികമാണ്. പരസ്പരം ഒരു സ്നേഹവും ഇല്ലാത്ത, പലപ്പോഴും പരസ്പരം പാരകളുമായി നടക്കുന്നവരുടെ ലോകമായി ആ സമൂഹത്തെ ചിലരെങ്കിലും വിശേഷിപ്പിക്കുന്നത് കേട്ടിരിക്കുമല്ലോ. അതിനെയൊക്കെ തുടർന്നുണ്ടായ ആക്ഷേപങ്ങളാണ് അത് എന്നേ ഞാനും കരുതിയിരുന്നുള്ളൂ.
എന്നാലിപ്പോൾ എം കെ ദാമോദരന്റെ കേസ് വ്യത്യസ്തമാവുകയാണ് . ഇവിടെ ശമ്പളം പറ്റാത്ത ഉപദേഷ്ടാവാണ് അദ്ദേഹം എന്നത് സമ്മതിക്കുന്നു. അങ്ങിനെ സൗജന്യ നിയമ സഹായം, നിയമോപദേശം, നൽകാനുള്ള അവകാശം ദാമോദരൻ വക്കീലിനുണ്ടുതാനും. പക്ഷെ ഒരു കേസിൽ ദാമോദരൻ വക്കീൽ ഹാജരാവുമ്പോൾ അതിൽത്തന്നെ മുഖ്യമന്ത്രിക്ക് ഒരു ഉപദേശം വേണ്ടിവന്നാൽ എന്താവും അവസ്ഥ?. അവിടെ വക്കീൽ തന്റെ കക്ഷിക്കുവേണ്ടി നിലപാടെടുക്കുമോ അതോ മുഖ്യമന്ത്രിക്കുവേണ്ടി നിലപാട് സ്വീകരിക്കുമോ?. മുഖ്യമന്ത്രിയുടെ നിലപാട് എന്നു പറയുന്നത് കേരളത്തിന്റെ നിലപാടാണല്ലോ; സംസ്ഥാന സർക്കാരിന്റെ താത്പര്യമാണല്ലോ. മറ്റൊന്ന്, നമുക്കൊക്കെയറിയാം, ഒരു കേസിൽ ഒരു നിലപാട് ഉപദേഷ്ടാവിനു എടുക്കണമെങ്കിൽ കേസ് ഫയലും സർക്കാരിന്റെ ഉദ്യോഗസ്ഥർ രേഖപ്പെടുത്തിയിട്ടുള്ള നോട്ടുകളും ബന്ധപ്പെട്ട രേഖകളുമൊക്കെ കാണണം. അതൊക്കെ ഉൾക്കൊള്ളുന്നതാണ് ഒരു കേസ് ഫയൽ. അതേ കേസിൽ എംകെ ദാമോദരൻ വക്കീലിന് താല്പര്യമുണ്ടെങ്കിൽ, വക്കാലത്തുണ്ട് എങ്കിൽ …………. എന്താവും സംസ്ഥാന സർക്കാരിന്റെ അവസ്ഥ?. ‘കള്ളന് താക്കോൽ കൈമാറുന്നു’ എന്നൊക്കെ സാധാരണ ചില പ്രയോഗങ്ങൾ നാട്ടിലുണ്ട്. അതിനനുസൃതമാവില്ലേ കാര്യങ്ങൾ എന്ന് ആരെങ്കിലും സംശയിച്ചാൽ കുറ്റപ്പെടുത്താൻ കഴിയുമോ…………?. സംശയമാണ്. കേസ് ഫയൽ ദാമോദരൻ വക്കീലിന് ഔദ്യോഗികമായി അയക്കാൻ സൗകര്യമൊരുക്കാൻ വേണ്ടിയാവണം അദ്ദേഹത്തെ ‘സൗജന്യ’ നിയമോപദേഷ്ടാവായി നിയമിച്ചത് എന്നാണ് ഞാൻ കരുതുന്നത്. അല്ലെങ്കിൽ ഒരു സർക്കാർ ഓഫിസിൽ നിന്ന് , സെക്രെട്ടറിയേറ്റിൽ നിന്ന് , അദ്ദേഹത്തിന് ഒരു ഫയൽ അയച്ചുകൊടുക്കാൻ കഴിയില്ലല്ലോ. അങ്ങിനെ ചെയ്യേണ്ടിവന്നാലത്തെ നിയമപ്രശ്നങ്ങൾ ഒഴിവാക്കാൻ ആവണം ഇത്തരമൊരു നിയമനം നടത്തിയത് തന്നെ എന്നർധം. പക്ഷെ അതിപ്പോൾ പുതിയ വിവാദങ്ങൾക്കു വഴിവെക്കുകയാണ് എന്നുമാത്രം. ഇവിടെയാണ് മുഖ്യമന്ത്രി പിണറായി വിജയനും അഡ്വ എം കെ ദാമോദരനും നിലപാട് വ്യക്തമാക്കേണ്ടത്. ഇതിനകം നൽകിയ വിശദീകരണങ്ങൾ തൃപ്തികരമാവുന്നില്ല എന്നു പറയേണ്ടിവരുന്നതും അതുകൊണ്ടുതന്നെ.
സർക്കാരിന്റെ പ്രതിഫലം പറ്റാത്തിടത്തോളം കാലം ഏതുകേസും ഏറ്റെടുക്കാം, ആരുടെ വക്കാലത്തുമെടുക്കാം എന്നുമൊക്കെ വേണമെങ്കിൽ പറയാം. പക്ഷെ ഇവിടെ ഒരു ധാർമ്മികതയുടെ പ്രശ്നമാണ് ഉയർന്നുവരേണ്ടത് . കശുവണ്ടി ഇടപാട് സംബന്ധിച്ച കേസിൽ ആരോപണ വിധേയർക്കുവേണ്ടി ഹാജരാവാൻ നല്ല, പ്രഗത്ഭ, അഭിഭാഷകർ ഇല്ലാഞ്ഞതുകൊണ്ടല്ലല്ലോ ആളുകൾ ഇങ്ങനെ ഒരാളെ തേടി എത്തുന്നത്. അവിടെ സർക്കാരിന്റെ ഒരു സഹായഹസ്തം അറിഞ്ഞോ അറിയാതെയോ അവരെല്ലാം പ്രതീക്ഷിക്കുന്നു. ഒന്നുമല്ലെങ്കിലും തൂക്കിക്കൊല്ലാൻ വിധിക്കേണ്ട കേസിൽ ജീവപര്യന്തം കിട്ടിയാൽ പോലും ഗുണം എന്നു കരുതുന്നവരെ കുറ്റപ്പെടുത്താനും കഴിയില്ലല്ലോ. അതും മുഖ്യമന്ത്രിയും ഉപദേഷ്ടാക്കളും മനസിലാക്കേണ്ടതായിരുന്നു.
ഒരു കാര്യം കൂടി. 1984 -ലെ സംഭവമാണ്. അന്നാണ് ഇന്ദിരാ ഗാന്ധി വധിക്കപ്പെട്ടത് എന്നതറിയാമല്ലോ. ആ കേസിലെ പ്രതികൾക്കുവേണ്ടി ഹാജരാവാൻ പ്രഗത്ഭ അഭിഭാഷകനായ റാം ജെത്മലാനി മുന്നോട്ടുവന്നു. ജെത്മലാനി അന്ന് ബിജെപിയുടെ എംപിയോന്നുമല്ല; പക്ഷെ പാർട്ടി ദേശീയ ഉപാധ്യക്ഷനാണ്. ഇതുസംബന്ധിച്ച വാർത്തകൾ പാത്രത്തിൽ വന്നപ്പോൾ വിവാദമായി. ” ഇന്ദിരാ ഗാന്ധിയെ വധിച്ചവരെ രക്ഷിക്കാൻ ബിജെപി നേതാവ് ” എന്നും മറ്റുമായിരുന്നു വാർത്ത. അന്ന് ജെത്മലാനി എടുത്ത നിലപാട് സമാനമായിരുന്നു; രാഷ്ട്രീയം വേറെ അഭിഭാഷക വൃത്തി വേറെ. പക്ഷെ, എബി വാജ്‌പേയി അന്ന് ജെത്മലാനിയെ വിളിച്ചുവരുത്തി. എന്താണ് നിലപാട് എന്നാരാഞ്ഞു. ” പണമല്ല പ്രശ്നം, അവർക്കുവേണ്ടി ഹാജരാവണം………”. കാർക്കശ്യക്കാരനായ വക്കീൽ അതിലുറച്ചുനിന്നു. അപ്പോൾ വാജ്‌പേയി പറഞ്ഞു; ” ശരി നിങ്ങൾക്കു നിങ്ങളുടെ പ്രൊഫഷൻ ആകാം. എന്നാൽ ഇക്കാര്യത്തിൽ പാർട്ടിക്ക് അനുകൂലിക്കാൻ കഴിയില്ല. പാർട്ടിയിലെ സ്ഥാനങ്ങൾ രാജിവെച്ചുകൊണ്ട് നിങ്ങൾക്കു ഏതു എന്തും ചെയ്യാം” . അത്തരമൊരു കർക്കശമായ നിലപാടാണ് അന്ന് വാജ്‌പെയി സ്വീകരിച്ചത്. അവസാനം ജെത്മലാനി പാർട്ടി പദവികൾ, എന്റെ ഓർമ്മ ശരിയെങ്കിൽ, പാർട്ടിയിലെ പ്രാഥമിക അംഗത്വം വരെ, രാജിവെച്ചു. പറഞ്ഞുവന്നത്, ഇതൊക്കെ ഒരു ധാർമ്മികതയുടെ പ്രശ്നമാണ് എന്നാണ്. അതു എല്ലാവർക്കും എല്ലായിപ്പോഴും മനസിലാവണമെന്നില്ല. അതുതന്നെയാണല്ലോ ധാർമ്മികതയുടെ പ്രശ്നവും.
Post Your Comments