അധിക ചുമതല അഴിമതിക്കാരനായ ഉദ്യോഗസ്ഥന്
തിരുവനന്തപുരം ● അന്തര്‍സംസ്ഥാന നദീജല കരാറുകള്‍ ഉള്‍പ്പടെയുള്ള തന്ത്രപ്രധാന ചുമതലകളുള്ള ജലവിഭവവകുപ്പിലെ ജനറല്‍ ചീഫ് എന്‍ജിനീയറുടെ തസ്തിക ഒന്നരമാസത്തോളമായി ഒഴിഞ്ഞുകിടക്കുന്നു. മുല്ലപ്പെരിയാര്‍ വിഷയങ്ങള്‍ അടക്കമുള്ള വിഷയങ്ങളില്‍ സര്‍ക്കാര്‍ നിലപാട് വിമര്‍ശിക്കപ്പെടുമ്പോഴാണ് സുപ്രധാന തസ്തിക ഒഴിച്ചിട്ടിരിക്കുന്നത്. മുല്ലപ്പെരിയാറിന് പുറമേ, പറമ്പിക്കുളം-ആളിയാര്‍ പദ്ധതി, ശിരുവാണി ഡാം, കാവേരി നദീജലം തുടങ്ങിയ പ്രധാന അന്തര്‍സംസ്ഥാന കരാറുകളില്‍ സര്‍ക്കാര്‍ തീരുമാനം നടപ്പിലാക്കേണ്ടതും നിര്‍ദ്ദേശം നല്‍കേണ്ടതും ജനറല്‍ ചീഫ് എന്‍ജിനീയറുടെ ചുമതലയാണ്. ഈ കരാറുകള്‍ സംബന്ധിച്ച കേസുകളില്‍ നിര്‍ദ്ദേശം നല്‍കേണ്ടതും ഈ തസ്തികയുടെ ഉത്തരവാദിത്തമാണ്.
ജനറല്‍ ചീഫ് എന്‍ജിനീയറുടെ അധികാരം നിലവിലെ ചീഫ് എന്‍ജിനീയര്‍ക്ക് അധികചുമതലയായി നല്‍കിയിരിക്കുകയാണ്. ഇദ്ദേഹമാകട്ടെ അഴിമതി ആരോപണം നേരിടുന്ന ഉദ്യോഗസ്ഥനുമാണ്. കേരള കണ്‍സ്ട്രക്ഷന്‍ കോര്‍പ്പറേഷന്റെ മേല്‍നോട്ടത്തില്‍ നിര്‍മ്മിച്ച പരപ്പനങ്ങാടി റെയില്‍വേ മേല്‍പ്പാലം നിര്‍മ്മാണത്തില്‍ അഴിമതി ആരോപണം നേരിടുന്ന വ്യക്തിയാണ് ഇദ്ദേഹം. ഇതിന് പുറമേ സര്‍ട്ടിഫിക്കറ്റ് തിരുത്തിയതടക്കം മറ്റു ചില ആരോപണങ്ങളും ഈ ഉദ്യോഗസ്ഥന് എതിരെയുണ്ട്. വിജിലന്‍സ് കേസില്‍ ഏതാനും മാസങ്ങള്‍ക്ക് മുന്‍പ് ഇദ്ദേഹത്തെ സസ്പെന്‍ഡും ചെയ്തിരുന്നു.
സംസ്ഥാനത്തെ തന്ത്രപ്രധാനമായ തസ്തികയില്‍ പുതിയ ആളെ നിയമിക്കാതെ ഒഴിച്ചിട്ട് ആരോപണവിധേയനായ ഒരാള്‍ക്ക് നല്‍കിയിരിക്കുന്നതില്‍ ദുരൂഹയുണ്ടെന്ന ആരോപണവും ഇതിനോടകം ഉയര്‍ന്നിട്ടുണ്ട്. നിലവില്‍ ചീഫ് എന്‍ജിനീയറായി 10 വര്‍ഷംവരെ സര്‍വീസുള്ളവര വകുപ്പില്‍ ഉണ്ടായിരിക്കെയാണ് തസ്തിക നികത്താതെയിട്ടിരിക്കുന്നത്. നിയമനം വൈകിച്ചു പോസ്റ്റില്‍ ഇഷ്ടക്കാരെ തിരുകിക്കയറ്റാനുള്ള ശ്രമത്തിന്റെ ഭാഗമാണ് ഇത്തരം നീക്കമെന്നും ആക്ഷേപം ഉയര്‍ന്നു കഴിഞ്ഞിട്ടുണ്ട്. ഉദ്യോഗസ്ഥര്‍ക്കിടയിലും ഇത് കടുത്ത അമര്‍ഷത്തിന് ഇടയാക്കിയിട്ടുണ്ട്.
Post Your Comments