തിരുവനന്തപുരം: കേരളത്തിൽ ക്രമസമാധാന തകർച്ചയാണെന്നു വരുത്തിത്തീർക്കാൻ ആസൂത്രിതനീക്കം നടക്കുന്നതായി മുഖ്യമന്ത്രി പിണറായി വിജയൻ. സർക്കാർ അധികാരത്തിൽ വന്ന് 24 മണിക്കൂർ കഴിയുന്നതിനകം ക്രമസമാധാനം തകർന്നു എന്ന് ആക്ഷേപം ആരംഭിച്ചിരുന്നതായും ആടിനെ പട്ടിയാക്കുകയും പട്ടിയെ പേപ്പട്ടിയാക്കുകയും ചെയ്യുകയാണ് ഇക്കൂട്ടരെന്നും മുഖ്യമന്ത്രി ഫേസ്ബുക്ക് പോസ്റ്റില് ആരോപിച്ചു . ചിലർ അക്രമം നടത്തി മുതലെടുക്കാൻ ശ്രമിക്കുകയാണെന്നും അക്രമം നടത്തുന്നവരെ കർശനമായി നേരിടുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
മുഖ്യമന്ത്രിയുടെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം
കേരളത്തിൽ ക്രമസമാധാന തകർച്ചയാണെന്നു വരുത്തിത്തീർക്കാൻ ആസൂത്രിതമായ നീക്കം നടക്കുകയാണോ എന്ന് സംശയിക്കേണ്ടിയിരിക്കുന്നു. ഈ സർക്കാർ അധികാരത്തിൽ വന്ന് 24 മണിക്കൂർ കഴിയുന്നതിനകം ക്രമസമാധാനം തകർന്നു എന്ന് ആക്ഷേപം കേട്ടുതുടങ്ങിയതാണ്. എന്നാൽ എന്താണ് യഥാർഥത്തിൽ സംഭവിച്ചത്? കണ്ണൂരിൽ തെരഞ്ഞെടുപ്പ് കഴിഞ്ഞു നടന്ന ആഹ്ലാദപ്രകടനത്തെ ആക്രമിച്ച്, താഴെ വീണയാളെ ലോറി കയറ്റി കൊല്ലുകയായിരുന്നു. അങ്ങനെ ആർഎസ്എസുകാരാണ് അക്രമം തുടങ്ങിവെച്ചത്. കോൺഗ്രസിന്റെ പിന്തുണകൂടി കിട്ടിയ ആർഎസ്എസും ബിജെപിയും രാജ്യവ്യാപകമായി പ്രതിഷേധം ഉയർത്തുകയാണ്. ആടിനെ പട്ടിയാക്കുകയും പട്ടിയെ പേപ്പട്ടിയാക്കുകയും ചെയ്യുകയാണവർ. ഒരുവശത്ത് അക്രമം നടത്തുകയും മറുവശത്ത് അതിനെതിരെ സർക്കാരിനെ കുറ്റം പറഞ്ഞ് പ്രചരണം നടത്തുകയുമാണ് ചെയ്യുന്നത്. കണ്ണൂർ ജില്ലയെ ഒറ്റതിരിച്ച് അവിടെ എന്തോ നടക്കുന്നു എന്ന മട്ടിലാണ് പ്രചരണം. കണ്ണൂരിൽ മറ്റുപലേടത്തും അക്രമം ഉണ്ടായപ്പോഴും പയ്യന്നൂർ പൊതുവെ ശാന്തമായിരുന്നു. ബോധപൂർവം അവിടെയും അക്രമം നടത്തി മുതലെടുക്കാൻ ശ്രമിക്കുകയാണ് ചിലർ. തീവ്രവാദത്തിനും വർഗീയതയ്ക്കുമെതിരെ സർക്കാർ കർശനനടപടി എടുക്കുമ്പോൾ അവർക്ക് അമർഷമുണ്ടാകുക സ്വാഭാവികമാണ്. അത്തരം ശക്തികളെ ഒറ്റപ്പെടുത്തുകയാണ് വേണ്ടത് . അക്രമം ആരുടെ ഭാഗത്തുനിന്നുണ്ടായാലും സർക്കാർ കർശനമായി നേരിടുകതന്നെ ചെയ്യും.
Post Your Comments