KeralaNews

സംസ്ഥാനത്ത് നിന്ന് ദുരൂഹസാഹചര്യത്തില്‍ കാണാതായവര്‍ എത്തിയത് ഇറാഖിലും സിറിയയിലും

ന്യൂഡല്‍ഹി: കേരളത്തില്‍ നിന്ന് ദുരൂഹ സാഹചര്യത്തില്‍ കാണാതായ 21 മലയാളികളും ഇറാന്‍ തലസ്ഥാനമായ ടെഹ്‌റാനിലെത്തിയതായി എമിഗ്രേഷന്‍ രേഖകള്‍. പാസ്‌പോര്‍ട്ട് വിവരങ്ങള്‍ പരിശോധിച്ചതില്‍ നിന്നാണ് ഇവര്‍ ഇന്ത്യയിലെ വിവിധ നഗരങ്ങളില്‍ നിന്ന് വിമാനമാര്‍ഗം ടെഹ്‌റാനിലെത്തിയതായി കണ്ടെത്തിയത്. മെയ് ജൂണ്‍ മാസങ്ങളിലായി വിവിധ ഗള്‍ഫ് നഗരങ്ങള്‍ വഴിയാണ് ടൂറിസ്റ്റ് വിസയില്‍ ഇവരെല്ലാം ടെഹ്‌റാനിലെത്തിയത്. അവിടെ നിന്ന് അതിര്‍ത്തി കടന്ന് ഇസ്ലാമിക് സ്റ്റേറ്റില്‍ ചേരുന്നതിനായി നീങ്ങിയിട്ടുണ്ടാവുമെന്നാണ് അന്വേഷണ ഉദ്യോഗസ്ഥര്‍ സംശയിക്കുന്നത്.
കേരളത്തില്‍ നിന്ന് പുറപ്പെട്ട ഇവര്‍ക്കെല്ലാം തങ്ങള്‍ എങ്ങോട്ടാണ് പോകുന്നതെന്ന് കൃത്യമായി അറിവുണ്ടായിരുന്നു. കഴിഞ്ഞ മെയ് 24നാണ് രണ്ട് പേരടങ്ങുന്ന സംഘം ഇന്ത്യയില്‍ നിന്ന് പോയത്. ബെംഗളൂരു-കുവൈറ്റ് വിമാനം വഴിയാണ് ഇവര്‍ രാജ്യം വിട്ടത്. പിന്നാലെ മെയ് 31 മൂന്ന് പേര്‍ മുംബൈ- മസ്‌കറ്റ് വിമാനത്തിലും മൂന്ന് പേരടങ്ങുന്ന മൂന്നാമത്തെ സംഘം ജൂണ്‍ രണ്ടിന് മുംബൈ ദുബായ് വിമാനത്തിലും രാജ്യം വിട്ടു.

മൂന്ന് പേര്‍ വീതം ജൂണ്‍ മൂന്നിനും ജൂണ്‍ അഞ്ചിനും പോയിട്ടുണ്ട്. ഇവര്‍ യാത്രക്കായി ഉപയോഗിച്ചത് ഹൈദരാബാദ് – മസ്‌കറ്റ്, മുബൈ- ദുബായ് വിമാനങ്ങളാണ്. മറ്റുള്ളവര്‍ ഇന്ത്യയില്‍ നിന്ന് പുറത്തേക്ക് പോയത് ജൂണ്‍ 16, 19, ജൂലായ് അഞ്ച് ദിവസങ്ങളിലായാണ്. ദുരൂഹസാഹചര്യത്തില്‍ കാണാതായ 21 പേരില്‍ 19 പേരും ഐ.എസില്‍ ചേരാനായി ടെഹ്‌റാനില്‍ നിന്ന് നീങ്ങി ഇറാന്‍ അതിര്‍ത്തി കടന്ന് ഇറാഖിലോ, സിറിയയിലോ ഇതിനോടകം എത്തിയിട്ടുണ്ടാവാമെന്നാണ് അന്വേഷണ സംഘങ്ങള്‍ സംശയിക്കുന്നത്.എന്നാല്‍ ഇക്കാര്യത്തില്‍ സ്ഥിരീകരണമില്ല.
കാണാതായ 21 പേരില്‍ 17 പേര്‍ കാസര്‍കോട് ജില്ലയില്‍ നിന്നുള്ളവരും നാലുപേര്‍ പാലക്കാട് ജില്ലയില്‍ നിന്നുള്ളവരുമാണ്. ഇവരില്‍ ചിലര്‍ ക്രിസ്ത്യന്‍, ഹിന്ദു മതങ്ങളില്‍ നിന്ന് ഒരു വര്‍ഷം മുമ്പ് മതം മാറിയവരാണ്. കാണാതായ മലയാളികളില്‍ രണ്ട് പേര്‍ തങ്ങളുടെ ബന്ധുക്കളുമായി വോയിസ് മെയില്‍ വഴി ബന്ധപ്പെട്ടിട്ടുണ്ട്.

തങ്ങള്‍ ഏതോ ഉള്‍പ്രദേശത്താണ് ഉള്ളതെന്നാണ് സന്ദേശങ്ങളില്‍ പറയുന്നു. കേരളത്തില്‍ നിന്ന് ഇത്രയധികം ആളുകളെ കാണാതായത് ദേശീയ ശ്രദ്ധനേടിയിരുന്നു. റോ അടക്കമുള്ള ഏജന്‍സികള്‍ ഇതേക്കുറിച്ച് അന്വേഷിക്കുന്നുണ്ട്.

shortlink

Post Your Comments


Back to top button