IndiaNews

ഭര്‍ത്താക്കന്‍മാര്‍ ഫേസ്ബുക്കിന് അടിമപ്പെട്ടു; വനിതാ കമ്മീഷനില്‍ ഭാര്യമാരുടെ പരാതിപ്രവാഹം;

ഡെറാഡൂണ്‍: ജോലി കഴിഞ്ഞ് വീട്ടിലെത്തിയാല്‍ ‘ലോകകാര്യങ്ങള്‍’ അറിയാന്‍ നവമാധ്യമങ്ങളിലേക്ക് ഊളിയിടാന്‍ ശ്രമിക്കുന്നവരായിരിക്കും ഭൂരിഭാഗവും. എന്നാല്‍ സ്മാര്‍ട്ട്‌ഫോണുകളിലെ അധിക ‘കുടിയിരിപ്പ്’ ചിലപ്പോള്‍ കുടുംബ ബന്ധങ്ങളേയും ബാധിച്ചേക്കും. ഉത്തരാഖണ്ഡിലെ ഭര്‍ത്താക്കന്‍മാര്‍ ഇക്കാര്യം നേരിട്ടറിയുകയാണ്.

വീട്ടിലെത്തിയാല്‍ തങ്ങളോട് സംസാരിക്കാന്‍ സമയമില്ലാതെ ഫേസ്ബുക്ക് , ട്വിറ്റര്‍ ചാറ്റിങ്ങിന് ഇരിക്കുന്ന ഭര്‍ത്താക്കന്‍മാര്‍ക്കെതിരെ സംസ്ഥാന വനിതാ കമ്മീഷനില്‍ പരാതിയുമായി എത്തുന്ന സ്ത്രീകളുടെ എണ്ണം പ്രതിദിനം വര്‍ധിച്ചുവരുകയാണത്രെ. സോഷ്യല്‍ മീഡിയയ്ക്ക് ഭര്‍ത്താക്കന്‍മാര്‍ അടിമപ്പെട്ടെന്ന പരാതിയുമായി ഇത്രസധികം പേര്‍ സമീപിക്കുന്നത് ഇതാദ്യമാണെന്ന് വനിതാ കമ്മീഷന്‍ അംഗങ്ങള്‍ പറയുന്നു.

ആഴ്ച്ചയില്‍ 34 പരാതികളെങ്കിലും ലഭിക്കുന്നുണ്ട്. കുടുംബത്തിനൊപ്പം സമയം ചെലവഴിക്കാതെ സോഷ്യല്‍ മീഡിയകളില്‍ ഭര്‍ത്താക്കന്‍മാര്‍ കുടിയിരിപ്പാണെന്നാണ് ചിലരുടെ പരാതി. സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമുകളിലൂടെ ഭര്‍ത്താക്കന്‍മാര്‍ക്ക് പരസ്ത്രീ ബന്ധമുണ്ടെന്ന് മറ്റുചിലര്‍ പരാതിപ്പെടുന്നു.

2005ലെ ഗാര്‍ഹീകപീഡന നിയമപ്രകാരമാണ് പരാതികള്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. സോഷ്യല്‍ മീഡിയവുമായി ബന്ധപ്പെട്ട തര്‍ക്കങ്ങള്‍ക്കൊടുവില്‍ പലപ്പോഴും ശാരീരിക മാനസിക പീഡനങ്ങള്‍ക്ക് ഇരയാകുന്നുണ്ടെന്ന സ്ത്രീകളുടെ പരാതിയെ തുടര്‍നന്നാണ് ഈ നിയമപ്രകാരം കേസെടുക്കുന്നത്. നഗരങ്ങളില്‍ നിന്നും മാത്രമല്ല ഗ്രാമീണ മേഖലകളില്‍ നിന്നും നിരവധി പേര്‍ ‘സോഷ്യല്‍ മീഡിയ’ പരാതികളുമായി വരുന്നുണ്ടത്രെ. ഭാര്യമാരുടെ പരാതിയുടെ അടിസ്ഥാനത്തില്‍ നടപടികള്‍ സ്വീകരിച്ചിട്ടുണ്ടെന്നും കമ്മീഷന്‍ പറയുന്നു. സംശയമുള്ള പരാതികളില്‍ ദമ്പതിമാരുടെ ഫോണുകളും സോഷ്യല്‍ മീഡിയ അക്കൗണ്ടുകളും പരിശോധിച്ചു.

നവമാധ്യമ ഉപയോഗത്തെക്കുറിച്ച് ദമ്പതിമാര്‍ക്ക് പ്രത്യേക കൗണ്‍സിലിങ് പരിപാടികള്‍ സംഘടിപ്പിക്കാനുള്ള തയ്യാറെടുപ്പിലാണ് അധികൃതര്‍. ഓണ്‍ലൈന്‍ ഇടപെടലുകളെ തുടര്‍ന്ന് ഉയരുന്ന കുടുംബ വഴക്കുകളില്‍ കുറ്റക്കാര്‍ക്കെതിരെ കടുത്ത നടപടി ഭാവിയില്‍ എടുക്കും.
വ്യക്തികളുടെ വ്യക്തിപരമായ കാര്യങ്ങളിലേക്ക് ചൂഴ്ന്നിറങ്ങാന്‍ കമ്മീഷന്‍ ആഗ്രഹിക്കുന്നില്ല. എന്നാല്‍ അത്യാവശ്യഘട്ടങ്ങളില്‍ ഭാര്യമാര്‍ക്ക് നീതി നല്‍കാന്‍ സൈബര്‍ പൊലീസിന്റെ സഹായത്തോടെ വിവരശേഖരണം നടത്തും.

ദമ്പതിമാര്‍ നവമാധ്യമ അക്കൗണ്ടുകളുടെ പാസ്‌വേഡുകള്‍ പരസ്പരം കൈമാറാന്‍ തയ്യാറാവണം. ഫോണ്‍ വരുമ്പോള്‍ വീടിന് പുറത്തുപോകാന്‍ ശ്രമിക്കരുതെന്നും കമ്മീഷന്‍ ഭര്‍ത്താക്കന്‍മാരോട് ഉപദേശിക്കുന്നു.

ഭര്‍ത്താവെന്ന നിലയിലും കുട്ടികളുടെ അച്ഛനെന്ന നിലയിലും പുരുഷന്‍മാര്‍ നിര്‍വഹിക്കേണ്ട ചുമതലകളുണ്ട്. സോഷ്യല്‍ മീഡിയയക്ക് വേണ്ടി കുടുംബത്തെ അവഗണിക്കരുത്. ഇത് സ്ത്രീകള്‍ക്കും ബാധകമാണ്. ഭാര്യമാര്‍ സോഷ്യല്‍ മീഡിയകളില്‍ അധികസമയം ചെലവിടുന്നതിനെതിരെ ചില ഭര്‍ത്താക്കന്‍മാരും രംഗത്തെത്തിയിട്ടുണ്ട്

shortlink

Related Articles

Post Your Comments

Related Articles


Back to top button