India

സര്‍ദാര്‍ജി ഫലിതങ്ങള്‍ നിരോധിക്കാനൊരുങ്ങുന്നു

ന്യൂഡല്‍ഹി : സര്‍ദാര്‍ജി ഫലിതങ്ങള്‍ സുപ്രീം കോടതി നിരോധിക്കാനൊരുങ്ങുന്നു. ഇത്തരം തമാശകള്‍ നിരോധിയ്ക്കുന്നതിനാവശ്യമായ മാര്‍ഗനിര്‍ദ്ദേശങ്ങള്‍ സമര്‍പ്പിയ്ക്കാന്‍ മുന്‍ സുപ്രീം കോടതി ജഡ്ജി എച്ച്.എസ് ബേദി അധ്യക്ഷനായ വിദഗ്ദ്ധ സമിതിയോട് പരമോന്നത കോടതി ആവശ്യപ്പെട്ടു. സര്‍ദാര്‍ കോമഡികളിലൂടെ സിഖ് സമുദായത്തെ അവഹേളിക്കുകയാണെന്നും ഇത് നിരോധിക്കണമെന്നും ആവശ്യപ്പെട്ട് ശിരോമണി ഗുരുദ്വാര പ്രബന്ധക് കമ്മിറ്റിയടക്കമുള്ള വിവിധ സംഘടനകള്‍ സമര്‍പ്പിച്ച പരാതിയില്‍ വാദം കേള്‍ക്കുകയായിരുന്നു കോടതി.

ഇംഗ്ലീഷ് ഭാഷയിലുള്ള പ്രാവീണ്യക്കുറവ് മൂലം വിദേശ രാജ്യങ്ങളില്‍ പോലും സിഖ് സമുദായംഗങ്ങള്‍ അവഹേളനത്തിന് വിധേയമാകാറുണ്ടെന്നും ഇത്തരം തമാശകളിലൂടെ സിഖ് സമുദായം അവഹേളനത്തിന് വിധേയമാകുന്ന വിവിധ സാഹചര്യങ്ങള്‍ പ്രധാന പരാതിക്കാരനായ അഡ്വക്കേറ്റ് ഹര്‍വീന്ദര്‍ ചൗധരി ചൂണ്ടിക്കാട്ടി. ഏകദേശം 4000ത്തോളം കുട്ടികള്‍ ഇത്തരത്തില്‍ കളിയാക്കലുകളില്‍ മനംനൊന്ത് ആത്മഹത്യ ചെയ്തതായും അദ്ദേഹം പറയുന്നു.

ഇത്തരത്തില്‍ തമാശകള്‍ പ്രചരിക്കുന്നത് സമൂഹത്തില്‍ സിഖ് സമുദായത്തെയാകെ താറടിച്ച് കാണിക്കാന്‍ മാത്രമേ ഉപകരിയ്ക്കൂ. ഇന്ത്യയുടെ സ്വാതന്ത്ര്യ സമരത്തില്‍ സിഖ് സമുദായം ചെയ്ത ത്യാഗങ്ങളെ ഇത്തരം തമാശകള്‍ വിലകുറച്ച് കാണിക്കുമെന്നും പരാതിക്കാരന്‍ ചൂണ്ടിക്കാട്ടി. ചീഫ് ജസ്റ്റിസ് ടി.എസ് ഠാക്കൂര്‍ ജസ്റ്റിസ് ഡി.വൈ ചന്ദ്രചൂഡ് എന്നിവരടങ്ങിയ ബെഞ്ച് മാര്‍ഗനിര്‍ദ്ദേശങ്ങള്‍ സമര്‍പ്പിയ്ക്കാന്‍ ആറ് ആഴ്ച്ചത്തെ സമയമാണ് സമിതിയ്ക്ക് അനുവദിച്ചിരിക്കുന്നത്.

shortlink

Post Your Comments


Back to top button