പാലക്കാട് : സംസ്ഥാനത്തു നിന്ന് സംശയാസ്പദമായ സാഹചര്യത്തില്‍ കാണാതായവരുടെ യാത്രാവിവരങ്ങള്‍ എത്രയും വേഗം കേന്ദ്ര വിദേശകാര്യമന്ത്രാലയത്തിനു കൈമാറാന്‍ കേന്ദ്ര ഇന്റലിജന്‍സ് ഹെഡ്ക്വട്ടേഴ്‌സിന്റെ നിര്‍ദ്ദേശം. ഇതുവരെ 18 പേരെ കാണാതായി എന്നാണ് കേന്ദ്ര ഇന്റലിജന്‍സിന്റെ കണക്കെങ്കിലും 21 പേരുണ്ടെന്നാണ് സംസ്ഥാന ആഭ്യന്തരവകുപ്പിന്റെ കണക്ക്. ദമ്പതികള്‍ ഉള്‍പ്പെടെയുളളവരുടെ യാത്രാവിവരങ്ങളും അവരുടെ കുടുംബവിവരങ്ങളും അടക്കമാണ് ആവശ്യപ്പെട്ടിരിക്കുന്നത്.
ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തില്‍ വിവിധ വിമാനത്താവളങ്ങളില്‍ നിന്നാണ് കാണാതായവരുടെ യാത്രാവിവരങ്ങള്‍ ശേഖരിക്കുന്നത്. അതു പിന്നീട് വിദേശകാര്യമന്ത്രാലയത്തിനു കൈമാറും. കാണാതായവര്‍ ഏതു രാജ്യത്തേക്കാണു പോയതെന്ന് ബന്ധപ്പെട്ട എംബസികള്‍ മുഖേന അവരാണ് അന്വേഷിക്കുക. കാണാതായെന്നു പറയുന്ന എല്ലാവരുടെയും പാസ്‌പോര്‍ട്ടിന്റെ വിവരങ്ങള്‍ ലഭിച്ചിട്ടില്ലെന്നും കേന്ദ്ര ഇന്റലിജന്‍സ് അധികൃതര്‍ പറഞ്ഞു.
ഇവര്‍ എവിടെയാണെന്നോ എന്തെടുക്കുന്നുവെന്നോ ഇതുവരെ സ്ഥിരീകരിക്കാനായിട്ടില്ലെന്ന് അന്വേഷണ സംഘത്തിലെ ഉയര്‍ന്ന ഉദ്യോഗസ്ഥന്‍ പറഞ്ഞു.
നേരത്തെ കാണാതായ ഒലവക്കോട്, കോഴിക്കോട് റൂറല്‍ എന്നിവിടങ്ങളില്‍ നിന്നുള്ള രണ്ടു യുവാക്കള്‍ ഐഎസ് ക്യാംപിലുണ്ടെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്. ഒലവക്കോട്ടെ യുവാവ് ഭീകര സംഘടനയായ അല്‍ഖ്വയ്ദയില്‍ പ്രവര്‍ത്തിച്ച ശേഷം സിറിയയില്‍ എത്തിയതായാണ് വിവരം.
Post Your Comments