ഇസ്ലാമിക് സെമിനാരിയായ ദാര്‍-ഉല്‍-ഉലൂം ദ്യോബന്ദ് തങ്ങള്‍ സക്കീര്‍ നായിക്കിനെതിരെ പുറപ്പെടുവിച്ച ഫത്വകള്‍ക്ക് വിശദീകരണവുമായി രംഗത്തെത്തി. മുസ്ലീം നിയമങ്ങളെപ്പറ്റിയുള്ള സക്കീര്‍ നായിക്കിന്‍റെ ചില നിലപാടുകള്‍ക്കെതിരെ തങ്ങള്‍ ചില ഫത്വകള്‍ പുറപ്പെടുവിച്ചിട്ടുണ്ടെന്ന് ദാര്‍-ഉല്‍-ഉലൂം വക്താവ് അഷ്‌റഫ് ഉസ്മാനി അറിയിച്ചു. പക്ഷേ നായിക്കിനെതിരെ ചില ടെലിവിഷന്‍ ചാനലുകള്‍ ഈ ഫത്വകള്‍ ഉയര്‍ത്തിക്കാട്ടി രംഗത്തെത്തിയതിനെ ദ്യോബന്ദ് സെമിനാരി എതിര്‍ത്തു. ഈ ഫത്വകളെ ഇവര്‍ മനപ്പൂര്‍വ്വം പെരുപ്പിച്ചു കാണിക്കുന്നു എന്ന് ഉസ്മാനി അഭിപ്രായപ്പെട്ടു.
നായിക്കിനെപ്പറ്റിയുള്ള തങ്ങളുടെ നിലപാട് ഈദ് ആഘോഷങ്ങളുടെ തിരക്കുകള്‍ കഴിഞ്ഞതിനു ശേഷം ചര്‍ച്ചചെയ്ത് അറിയിക്കുമെന്നും ഉസ്മാനി അറിയിച്ചു.
ഓള്‍ ഇന്ത്യ മുസ്ലീം പേഴ്സണല്‍ ലോ ബോര്‍ഡിലെ ഒരു മുതിര്‍ന്ന അംഗം നായിക്കിനെതിരെ ഇപ്പോള്‍ നടക്കുന്ന നീക്കങ്ങള്‍ വളരെ വലിയ ഒരു ഗൂഡാലോചനയുടെ ഭാഗമാണെന്ന് അഭിപ്രായപ്പെട്ടു.
പക്ഷേ, നായിക്കിനെതിരെ കേന്ദ്രഗവണ്മെന്‍റ് നടത്തുന്ന ഏത് അന്വേഷണവും അദ്ദേഹം സ്വാഗതം ചെയ്തു.
ഷിബിലി അക്കാദമിയിലെ പ്രൊഫസര്‍ ഇഷ്തിയാഖ് അഹമ്മദ് സിലിയുടെ അഭിപ്രായത്തില്‍ രാജ്യത്തെ നിയമത്തിന്‍റെ പരിധിയില്‍ നിന്നുകൊണ്ട് സ്വന്തം അഭിപ്രായം പറയാന്‍ ഏതൊരു പൗരനും സ്വാതന്ത്ര്യമുണ്ടെന്നും ഇതേച്ചൊല്ലിയുള്ള മാദ്ധ്യമ വിചാരണ ശരിയല്ലെന്നും ചൂണ്ടിക്കാട്ടി.
അതേസമയം, ഓള്‍ ഇന്ത്യ ഷിയ പേഴ്സണല്‍ ലോ ബോര്‍ഡ് വക്താവ് മൗലാനാ യസൂബ് അബ്ബാസ് നായിക്കിന്‍റെ വഹാബി ചിന്താധാരയെ എതിര്‍ത്തുകൊണ്ട് അഭിപ്രായം പറഞ്ഞു. വഹാബി ചിന്താഗതിയുള്ളവര്‍ നായിക്കിന്‍റെ പ്രഭാഷണങ്ങളാല്‍ അതിവേഗം പ്രചോദിതരാകുമെന്നും തീവ്രവാദത്തിലേക്ക് തിരിയുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
നായിക്കിനെതിരെ കടുത്ത നടപടിക്ക് ശുപാര്‍ശ ചെയ്ത അദ്ദേഹം, നായിക്കിന്‍റെ പ്രഭാഷണങ്ങള്‍ നിരോധിക്കണമെന്നും, പൗരത്വം തന്നെ റദ്ദാക്കണമെന്ന ആവശ്യവും ഉന്നയിച്ചു.
Post Your Comments