രശ്മി രാധാകൃഷ്ണന്‍
മഴയിലേയ്ക്ക് കൃത്യമായി ഫോക്കസ് ചെയ്ത് വച്ച ഒരു കാമറക്കണ്ണായിരുന്നു വിക്ടര്‍ ജോര്‍ജ്ജ്.ഒരിയ്ക്കലും പെയ്തുതീരാത്ത ഒരു കാര്‍മേഘത്തിനുള്ള കാത്തിരുപ്പ് അതിലുണ്ടായിരുന്നു.അത് നമുക്ക് തന്നത് മഴയില്‍ കുതിര്‍ന്ന ജീവിതക്കാഴ്ചകളാണ്.കാഴ്ചകളിലൂടെ കഥ പറഞ്ഞ ചിത്രങ്ങളും.
പതിനഞ്ച് വര്‍ഷമാകുന്നു വിക്ടര്‍ മടങ്ങിയിട്ട്.ഏറ്റവും മികച്ച ഫോട്ടോ മൊമന്റിനു തൊട്ടുമുന്‍പുള്ള ആ നിമിഷം തിരിച്ചറിയുന്നതാണ് ഒരു ഫോട്ടോ ഗ്രാഫറുടെ വിജയമെങ്കില്‍ ആ നിമിഷത്തിനും മുന്‍പേ കാമറ സെറ്റ് ചെയ്തയാളാണ് വിക്ടര്‍.
1955 ഏപ്രില്‍ പത്തിന് കോട്ടയത്ത് കാണക്കാരിയിലാണ് വിക്ടര്‍ ജോര്‍ജ് ജനിച്ചത്.സഹോദരനാണ് ഫോട്ടോഗ്രാഫിയില്‍ തുടക്കമിടുന്നത്.തന്റെ ലോകം ഫ്രെയിമുകളിലാണെന്ന് തിരിച്ചറിഞ്ഞ വിക്ടര്‍ ഫോട്ടോ ജേണലിസത്തിലേയ്ക്ക് തിരിയുകയായിരുന്നു.1981 ല്‍ മനോരമയില്‍ ചേര്‍ന്ന വിക്ടര്‍ പത്തുവര്‍ഷത്തോളം തന്‍റെ തനത് ശൈലിയില്‍ മികവ് തെളിയിച്ചു.1986 ല്‍ ദേശീയ ഗെയിംസില്‍ നാനൂറു മീറ്ററില്‍ വിജയത്തിലേയ്ക്ക് നീന്തിക്കയറിയ അനിതാ സൂദിനെ ചിത്രത്തില്‍ കാണിയ്ക്കാതെ തന്നെ ഗാലറിയില്‍ ആര്‍ത്തുവിളിയ്ക്കുന്ന അമ്മയിലൂടെ ആ വിജയത്തിന്റെ ആവേശം ഒരു ജനതയിലേയ്ക്ക് പങ്കുവച്ച് വിക്റ്റര്‍ അത്ഭുതപ്പെടുത്തി.1989 കൊല്‍ക്കത്തയില്‍ വച്ചുനടന്ന സൌത്ത് ഏഷ്യന്‍ ഫെഡറേഷന്‍ മത്സരത്തില്‍ ഇന്ത്യന്‍ റിലെ ടീം അവസാന ലാപ്സില്‍ ബാറ്റന്‍ കൈവിടുന്ന കാഴ്ച ചരിത്രത്തിലെ ഏറ്റവും ഹൃദയഭേദകമായ തോല്‍വിയുടെ വേദനയായി.ഇന്ത്യയില്‍ സ്പോട്സ് ഫോട്ടോഗ്രാഫിയില്‍ വൈകാരികതയുടെ ആഴങ്ങള്‍ സൂം ചെയ്തു തുടങ്ങിയതിന് പിന്നില്‍ വിക്റ്ററിന്റെ ചിത്രങ്ങളുണ്ട്.ജീവിതത്തിന്റെ ആഴവും പരപ്പുമുള്ള ഒരു ബ്ലാക്ക് ആന്‍ഡ് വൈറ്റ് ചിത്രം കണ്ടാല്‍ അതില്‍ വിക്റ്റര്‍ ജോര്‍ജ്ജ് എന്ന ബൈലൈന്‍ പ്രതീക്ഷിച്ചിരുന്ന നാളുകളായിരുന്നു അത്.
സാധാരണ ആംഗിളുകളില്‍ ഒരിയ്ക്കലും വിക്റ്റര്‍ തൃപ്തനായില്ല. ഇന്ത്യന്‍ മണ്സൂണിനെക്കുറിച്ചുള്ള അലക്സാണ്ടര്‍ ഫ്രേസറുടെ ‘ചേസിംഗ് ദ മണ്‍സൂണ്‍’ എന്ന പുസ്തകം വിക്ടറിനെ വല്ലാതെ സ്വാധീനിച്ചിരുന്നു.തൊണ്ണൂറുകളില്‍ മനോരമയുടെ ചീഫ്ന്യൂസ് ഫോട്ടോഗ്രാഫര്‍ ആയിരുന്ന വിക്റ്റര്‍ സിഖ് കലാപക്കാഴ്ച്ചകളില്‍ മനം മടുത്ത് ഒരു ആശ്വാസമെന്നോണം തന്റെ കാമറ പ്രകൃതിയിലേയ്ക്ക് തിരിച്ച് വയ്ക്കുകയായിരുന്നു. രണ്ടുവര്‍ഷത്തോളം തന്റെ മഴപ്പുസ്തകത്തിന്റെ പണിപ്പുരയിലായിരുന്നു വിക്ടര്‍.മഴയുടെ വിവിധ ഭാവങ്ങള്‍ തേടിയുള്ള യാത്രകള്‍ .കൊഞ്ചിയും പ്രണയിച്ചും പിണങ്ങിയും മഴ വിക്ടറിന്റെ മുന്നില്‍ പെയ്തുകൊണ്ടിരുന്നു.മഴ കടലിന്റെ ആത്മാവില്‍ പെയ്യുന്ന കാഴ്ചകള്‍ക്കായി കന്യാകുമാരിയിലും കോവളത്തും ശംഖുമുഖത്തും കാത്തിരുന്നു.മഞ്ഞില്‍ കലരുന്ന മഴയ്ക്ക് വേണ്ടി മൂന്നാര്‍ നെല്ലിയാമ്പതി എന്നിവിടങ്ങളില്‍.
2001 ജൂലൈ ഒന്പതിനായിരുന്നു അത്.ഉരുള്‍പൊട്ടലില്‍ രണ്ടുപേരുടെ ജീവനെടുത്ത ഇടുക്കി വെണ്ണിയാനിമാലയെ തന്‍റെ കാമറയിലേയ്ക്ക് ആവാഹിച്ചെടുക്കാനായിരുന്നു ആ യാത്ര.മഴ തോരാതെ പെയ്തുകൊണ്ടിരുന്നു.മഴക്കാഴ്ച്ചകളിലേയ്ക്ക് വിക്ടര്‍ തന്റെ നിക്കോണ്‍ എഫ് എം 2,എഫ് ഫൈവ് കാമറയുടെ കണ്ണുകള്‍ തുറന്നു വച്ചു.അപ്രതീക്ഷിതമായിരുന്നു രണ്ടാം മലയിടിച്ചില്‍. കാമറയും മഴയും ചേര്‍ത്തു പിടിച്ച് കൊണ്ട് തന്നെ ആ ജീവനും പോയി.
മഴ പെയ്തുകൊണ്ടേയിരിയ്ക്കുന്നു.. ഓര്‍മ്മകളും..
Post Your Comments