NewsIndia

ബെംഗളുരു നഗരത്തിലേക്ക് ദീര്‍ഘദൂര സ്വകാര്യ ബസുകള്‍ക്ക് വിലക്ക്

ബെഗളൂരു: ബെംഗളുരുവിലേക്കുള്ള ദീര്‍ഘദൂര സ്വകാര്യ ബസുകള്‍ക്ക് ഉടന്‍ വിലങ്ങുവീഴും. സംസ്ഥാനത്തിന് പുറത്തുനിന്നും സംസ്ഥാനത്തിനകത്തു നിന്നും സര്‍വ്വീസ് നടത്തുന്ന ദീര്‍ഘദൂര സ്വകാര്യ ബസ് സര്‍വ്വീസുകള്‍ക്ക് ഇനി മുതല്‍ നഗരത്തിനുള്ളിലേക്ക് പ്രവേശനമുണ്ടാകില്ല. സ്റ്റേറ്റ് ട്രാന്‍സ്‌പോര്‍ട്ട് അതോറിറ്റി കഴിഞ്ഞ ദിവസം വിളിച്ചുചേര്‍ത്ത യോഗത്തിലാണ് നഗരത്തിലെ ഗതാഗത തിരക്കുകളും മലിനീകരണവും നിയന്ത്രിക്കുന്നതിനായി ദീര്‍ഘദൂര ബസുകള്‍ക്ക് നഗരത്തില്‍ വിലക്കേര്‍പ്പെടുന്ന വിഷയം പരിഗണനയില്‍ വന്നത്. ഇത് സംബന്ധിച്ച് സര്‍ക്കാര്‍ ഉടന്‍ ഉത്തരവ് പുറത്തിറക്കും.

പുതിയ നിയമം വരുന്നതോടുകൂടി ബെംഗളൂരു നഗരത്തിലേക്ക് വരുന്ന ബസുകള്‍ നഗരാതിര്‍ത്തിയില്‍ വച്ച് യാത്രക്കാരെ കയറ്റുകയും ഇറക്കുകയും ചെയ്യുന്ന നടപടികള്‍ സ്വീകരിക്കേണ്ടിവരും. അഡീഷണല്‍ ട്രാഫിക് കമ്മീഷണര്‍ ആര്‍.ജിതേന്ദ്ര ഗതാഗത വകുപ്പിന് സമര്‍പ്പിച്ച റിപ്പോര്‍ട്ടിന്മേലാണ് തീരുമാനം. നഗരത്തിലേക്കെത്തുന്ന സ്വകാര്യ ബസുകള്‍ മലിനീകരണം വര്‍ദ്ധിപ്പിക്കുന്നുവെന്നാണ് റിപ്പോര്‍ട്ട് വ്യക്തമാക്കുന്നത്.

എന്നാല്‍ കര്‍ണ്ണാടക സര്‍ക്കാരിന്റെ തീരുമാനം അംഗീകരിക്കാന്‍ സ്വകാര്യ ബസ് ഓപ്പറേറ്റര്‍മാര്‍ തയ്യാറായിട്ടില്ല. പുതിയ ബസ് ഓപ്പറേറ്റര്‍മാര്‍ക്ക് നിരോധനം ഏര്‍പ്പെടുത്തിയാല്‍ മതിയെന്നാണ് അവര്‍ ഉന്നയിക്കുന്ന ആവശ്യം. എന്നാല്‍ തീരുമാനത്തില്‍ നിന്ന് വ്യതിചലിക്കാന്‍ ഗതാഗതവകുപ്പ് തയ്യാറായിട്ടില്ല. അതേസമയം, കരാര്‍ പ്രകാരം സര്‍വ്വീസ് നടത്തുന്ന റീജിയണല്‍ ട്രാന്‍സ്‌പോര്‍ട്ട് അതോറിറ്റി, എസ്ടിഎ എന്നിവര്‍ക്ക് നിയമം ബാധകമല്ല.

shortlink

Post Your Comments


Back to top button