
തിരുവനന്തപുരം: കെ.എസ്.ആര്‍.ടി.സി ബസുകള്‍ സി.എന്‍.ജിയിലേക്ക് (കംപ്രസ്ഡ് നാച്വറല്‍ ഗ്യാസ് ) മാറും. പദ്ധതി പ്രഖ്യാപനം ബഡ്ജറ്റിലുണ്ടാകുമെന്നാണറിയുന്നത്. ആദ്യ ഘട്ടമായി തിരുവനന്തപുരം, കൊച്ചി, കോഴിക്കോട് നഗരങ്ങളില്‍ സി.എന്‍.ജി ബസുകള്‍ സര്‍വീസ് നടത്തും. ഇവിടങ്ങളില്‍ സി.എന്‍.ജി പമ്പുകള്‍ സ്ഥാപിക്കാന്‍ പെട്രോളിയം കമ്പനികള്‍ സന്നദ്ധത അറിയിച്ചിട്ടുണ്ട്. ഡീസലിനെ അപേക്ഷിച്ച് 40 ശതമാനം വിലക്കുറവാണ് സി.എന്‍.ജിക്ക്. കിലോയ്ക്ക് 39 രൂപയാണ് ഇപ്പോഴത്തെ വില. ഇന്ധന ക്ഷമത 150 ശതമാനം അധികമാണ്. പുക മലിനീകരണത്തില്‍ നിന്നുള്ള രക്ഷയാണ് മറ്റൊരു സവിശേഷത. ഡല്‍ഹി, മുംബൈ നഗരങ്ങളില്‍ ട്രാന്‍സ്‌പോര്‍ട്ട് ബസുകളില്‍ ഭൂരിപക്ഷവും സി.എന്‍.ജിയിലാണ് ഓടുന്നത്. സി.എന്‍.ജി പദ്ധതിക്കൊപ്പം കെ.എസ്. ആര്‍.ടി.സിയെ കരകയറ്റാന്‍ പ്രത്യേക പാക്കേജും ധനമന്ത്രി ഡോ. തോമസ് ഐസക് പ്രഖ്യാപിക്കും. ബാറ്ററികള്‍ ഉപയോഗിച്ച് പ്രവര്‍ത്തിക്കുന്ന ഇലക്ട്രിക് ബസുകള്‍ നിരത്തിലിറക്കുന്നതിനുള്ള സാദ്ധ്യതാ പഠന ചെലവും സര്‍ക്കാര്‍ വഹിക്കും. ആദ്യം കൊച്ചിയിലും വൈകാതെ തിരുവനന്തപുരം, കോഴിക്കോട് നഗരങ്ങളിലും സി.എന്‍.ജി പമ്പുകള്‍ സ്ഥാപിക്കാന്‍ തയ്യാറാണെന്ന് ട്രാന്‍സ്‌പോര്‍ട്ട് കമ്മിഷണര്‍ ടോമിന്‍ ജെ. തച്ചങ്കരിയുമായി നടത്തിയ ചര്‍ച്ചയില്‍ പെട്രോളിയം കമ്പനികള്‍ ഉറപ്പു നല്‍കി.
പദ്ധതിയുടെ രണ്ടാം ഘട്ടം കൊല്ലം, തൃശൂര്‍, കണ്ണൂര്‍ ജില്ലകളില്‍ നടപ്പിലാക്കും. 1500 കോടി രൂപയുടെ പാക്കേജ് പ്രഖ്യാപിക്കണമെന്ന ആവശ്യമാണ് കെ.എസ്.ആര്‍.ടി.സി ഗതാഗത വകുപ്പ് മുഖേന ധനമന്ത്രിയുടെ പരിഗണനയ്ക്ക് സമര്‍പ്പിച്ചത്. പെന്‍ഷന്‍ ബാദ്ധ്യത സര്‍ക്കാര്‍ ഏറ്റെടുക്കണം, സര്‍ക്കാരില്‍ നിന്നു വാങ്ങിയ കടം ഓഹരിയില്‍ ലയിപ്പിക്കണം, പുതിയ ബസുകള്‍ വാങ്ങാന്‍ ധനസഹായം വേണം എന്നിവ ആവശ്യങ്ങളില്‍പ്പെടുന്നു. പെന്‍ഷന്‍ ബാദ്ധ്യതയില്‍ പകുതി സര്‍ക്കാര്‍ ഏറ്റെടുത്തുകൊണ്ടുള്ള പ്രഖ്യാപനം ഉണ്ടാകുമെന്നാണ് കരുതുന്നത്. കടം ഓഹരിയില്‍ ലയിപ്പിച്ചേക്കും. കോര്‍പറേഷന്റെ വരവും ചെലവും തമ്മിലുള്ള അന്തരം 85 കോടി രൂപയാണ്.
Post Your Comments