ധാക്ക: ധാക്കയിലുണ്ടായ ഭീകരാക്രമണത്തില്‍ ജീവന്‍ നഷ്ടപ്പെട്ട താരിഷി ജെയിനിന്‍റെ മാതാപിതാക്കളോട് അക്രമകാരികളിലൊരാളുടെ പിതാവും പ്രമുഖ ബംഗ്ലാദേശി രാഷ്ട്രീയനേതാവുമായ ഇംതിയാസ് ഖാന്‍ ബാബുല്‍ മാപ്പപേക്ഷിച്ചു.
“ഒരു ഇന്ത്യന്‍ പെണ്‍കുട്ടിയും അക്രമത്തിനിടയില്‍ കൊല്ലപ്പെട്ടിട്ടുണ്ട്. അവളുടെ മാതാപിതാക്കളോട് മാപ്പപേക്ഷിക്കാന്‍ മാത്രമേ എനിക്ക് സാധിക്കൂ. ഭാഗ്യഹീനനായ ഒരു പിതാവാണ് ഞാന്‍, മാപ്പപേക്ഷിക്കാന്‍ പോലും എനിക്ക് വാക്കുകള്‍ കിട്ടുന്നില്ല,” ഇംതിയാസ് ഖാന്‍ ബാബുല്‍ പറഞ്ഞു.
അവാമി ലീഗ് പാര്‍ട്ടിയുടെ നേതാവായ ഇതിയാസ് ഖാന്‍ ഒരു ടിവി ചാനലുമായുള്ള അഭിമുഖത്തിനിടെയാണ് 22-കാരനായ തന്‍റെ മകന്‍ രോഹന്‍ ഇംതിയാസിന്‍റെ ക്രൂരകൃത്യത്തിന് മാപ്പപേക്ഷിച്ചത്.
“രോഹന്‍ അവന്‍റെ ക്ലാസിലെ ടോപ്പര്‍ ആയിരുന്നു. അവന്‍ കടുത്ത ഫുട്ബോള്‍ ആരാധകനും മാഞ്ചെസ്റ്റര്‍ യുണൈറ്റഡ് ആരാധകനും ആയിരുന്നു,” ഖാന്‍ പറഞ്ഞു.
“അക്രമകാരികെളുടേതെന്ന്‍ പറഞ്ഞു ഇസ്ലാമിക് സ്റ്റേറ്റ് പുറത്തുവിട്ട ഫോട്ടോകളുടെ കൂട്ടത്തില്‍ എന്‍റെ മകനെക്കണ്ട ഞാന്‍ ഞെട്ടിത്തരിച്ചു പോയി. കഴിഞ്ഞ ഡിസംബറില്‍ വീടുവിട്ടു പോയ അവനെ ഞാന്‍ അതിനുശേഷം കണ്ടിട്ടേയില്ല. അവന്‍റെ ഗണിതാദ്ധ്യാപികയായ ഭാര്യയുമൊത്ത് ഇന്ത്യയിലായിരുന്നു ആ സമയത്ത് അവന്‍,” ഖാന്‍ പറഞ്ഞു.
തന്‍റെ മകന്‍ എങ്ങിനെ ഒരു ഭീകരവാദിയായി എന്ന്‍ തനിക്ക് അറിയില്ല എന്നും ഖാന്‍ പറഞ്ഞു. “അവന്‍ മതഗ്രന്ഥങ്ങളൊന്നും വായിക്കുന്ന കൂട്ടത്തില്‍ ആയിരുന്നില്ല. ഓണ്‍ലൈന്‍ വഴിയാകാം അവന്‍റെ മനംമാറ്റിയതെന്നാണ് ഞാന്‍ വിശ്വസിക്കുന്നത്,’ ഖാന്‍ വ്യക്തമാക്കി.
രോഹനെ കാണാതായതിനു ശേഷം ധാക്കയിലെ മോര്‍ച്ചറികളില്‍ വരെ താന്‍ അവനെ തിരഞ്ഞിരുന്നതായും ഖാന്‍ വെളിപ്പെടുത്തി. അപ്പോള്‍, വീടുവിട്ടു പോയ മകന്‍റെ ദുഃഖവുമായി നടക്കുന്ന മറ്റു കുടുംബങ്ങളേയും താന്‍ കണ്ടുമുട്ടിയതായും ഖാന്‍ അറിയിച്ചു.
Post Your Comments