കെ.വി.എസ് ഹരിദാസ്
കേരളത്തിലെ മുതിർന്ന സിപിഎം നേതാവും കേന്ദ്ര കമ്മിറ്റിയിലെ ക്ഷണിതാവുമായ വി എസ് അച്യുതാനന്ദന് ഇന്നിപ്പോൾ സുപ്രീം കോടതിയിൽ നിന്നും രൂക്ഷ വിമർശനം. ഐസ് ക്രീം പാർലർ കേസിൽ സിബിഐ അന്വേഷണം വേണമെന്ന ആവശ്യവുമായി സുപ്രീം കോടതിയിലെത്തിയ അച്യുതാനന്ദനെയാണ് കോടതി വിമർശിച്ചത്. തന്റെ രാഷ്ട്രീയ വിരോധം തീർക്കാനായി കോടതിയുടെ വിലപ്പെട്ട സമയം അപഹരിക്കാനുള്ള നീക്കമാണ് വിഎസ് നടത്തുന്നതെന്നും കോടതി പറഞ്ഞു. മുൻപും ഇതുപോലെ ചില വിമർശനങ്ങൾ വിഎസിന് കോടതിയിൽ നിന്നു ഏറ്റുവാങ്ങേണ്ടി വന്നിട്ടുണ്ട്. പാമോലിൻ കേസ് സംബന്ധിച്ച അദ്ദേഹത്തിന്റെ ഹർജി സുപ്രീം കോടതിയിലെത്തിയ വേളയിലായിരുന്നു അത് . സംസ്ഥാന സർക്കാർ വിഎസിന്റെ നിലപാടിനെ പരസ്യമായി എതിർത്തപ്പോഴാണ് കോടതിയിൽ നിന്ന് ഇന്നിപ്പോൾ വിമർശനം ഏറ്റുവാങ്ങിയത് എന്നത് രാഷ്ട്രീയമായി പ്രാധാന്യം അർഹിക്കുന്നു. അതായത് ഐസ് ക്രീം പാർലർ കേസിൽ വിഎസ് സ്വീകരിക്കുന്നതല്ല പിണറായി വിജയൻ നേതൃത്വം നൽകുന്ന സംസ്ഥാന സർക്കാരിന്റെ നിലപാടെന്നും ഇതോടെ വ്യകതമായി. ഇതു ഒരു പക്ഷെ സിപിഎമ്മിൽ മറ്റൊരു വിവാദത്തിനും വിഎസ് – പിണറായി പോരിനും വഴിവെച്ചേക്കാമെന്ന തോന്നലുണ്ടാക്കുന്നുണ്ട്.
ഐസ് ക്രീം പാർലർ കേസ് അട്ടിമറിച്ചതാണ് എന്നും അതിനുപിന്നിൽ പ്രവർത്തിച്ചത് അക്കാലത്ത് അഡ്വക്കറ്റ് ജനറൽ ആയിരുന്ന എം കെ ദാമോദരൻ ആയിരുന്നുവെന്നുമുള്ളത് വിഎസിന്റെ പഴയ വാദഗതിയാണ്. അതദ്ദേഹം പലവട്ടം പാർട്ടിയിലും വ്യക്തിപരമായ സംഭാഷണങ്ങളിലും ചൂണ്ടിക്കാട്ടിയതുമാണ്. വിഎസിന്റെ സ്വന്തക്കാരനും ആ കാലഘട്ടത്തിൽ പ്രോസിക്യൂഷൻ ഡയറക്ടർ ജനറലും ( ഡിജിപി) ആയിരുന്ന കല്ലട സുകുമാരനും ഇതേ അഭിപ്രായമാണ് അന്ന് പങ്കുവെച്ചിരുന്നത് . അതു തുറന്നുപറയാൻ കല്ലട തയ്യാറായതും മറന്നുകൂടാ. അതിനുപുറമെയാണ് പികെ കുഞ്ഞാലിക്കുട്ടിയുടെ അടുത്ത ഒരു ബന്ധു അനവധി ആരോപണങ്ങളുമായി രംഗത്തുവന്നത്. അതിനെയൊക്കെ ഏറ്റുപിടിച്ചാണ് അച്യുതാനന്ദൻ ഇപ്പോൾ വീണ്ടും സുപ്രീം കോടതിയിലെത്തിയത്. മുൻ പ്രതിപക്ഷ നേതാവിന്റെ സ്വതസിദ്ധമായ വൈര നിര്യാതന ബുദ്ധിയുടെ മറ്റൊരു ദൃഷ്ടാന്തമായി അതിനെ പലരും കാണുകയും ചെയ്തു.
.
ഇവിടെ പ്രശ്നം അത്യുന്നത നീതിപീഠത്തിൽ നിന്നു വിഎസിന് ഏറ്റുവാങ്ങേണ്ടി വന്ന വിമർശനമാണ് . അതു ചെറിയ കാര്യമല്ല. പക്ഷെ, അതിലേറെ പ്രാധാന്യം അതിനു കൈവരുന്നത് വിഎസിന്റെ നിലപാടിനെതിരെ കോടതിയിൽ സർക്കാർ എടുത്ത നിലപാടാണ്. വിഎസ് ഇവിടെ ഇന്നിപ്പോൾ ഈ ഹർജിയുടെ ലക്ഷ്യമിട്ടത് രണ്ടാണ് എന്നു വ്യക്തം. ഒന്ന് : താൻ എന്നും എതിർത്തുവന്നിരുന്ന അഡ്വ. എംകെ ദാമോദരനെ. രണ്ട് : അഡ്വ. എംകെ ദാമോദരനെ തന്റെ നിയമ ഉപദേഷ്ടാവായി നിയമിച്ച മുഖ്യമന്ത്രി പിണറായി വിജയനെ. ഒരു വെടിക്ക് രണ്ടുപക്ഷി എന്നമട്ടിലാണ് അദ്ദേഹം സുപ്രീം കോടതിയിലെത്തിയത് എന്നർധം. ഏതെങ്കിലും വിധത്തിലൊരു ചെറിയ വാക്കാൽ പരാമർശമെങ്കിലും കോടതിയിൽ നിന്നുണ്ടായാൽ അതു തനിക്കു ആഘോഷിക്കാൻ വകനൽകുമെന്ന് വയോധികനായ ആ സിപിഎം നേതാവ് കരുതിയെന്നും വ്യക്തം. അതുരണ്ടും ഇവിടെ തകർന്നു വീണിരിക്കുന്നു. അച്യുതാനന്ദന് ഇതു രാഷ്ട്രീയമായി കനത്ത തിരിച്ചടിയാണ് എന്നത് വസ്തുത. അതിലുപരി പാർട്ടിയിൽ മറ്റൊരു പ്രശ്നമുണ്ടാക്കാൻ വിഎസ് വീണ്ടും ശ്രമിച്ചുവെന്നത് ചൂണ്ടിക്കാണിക്കാൻ മറുപക്ഷത്തിന് മറ്റൊരു അവസരം കരഗതമാകുന്നു. അതു നാളെ സിപിഎമ്മിൽ മറ്റൊരു വിവാദത്തിനും തർക്കത്തിനും വഴിയൊരുക്കിയാൽ അതിശയിക്കാനില്ല.
സർക്കാർ എന്നത് ഒരു തുടർച്ചയാണ്, അതുകൊണ്ട് യുഡിഎഫ് ഭരണകൂടത്തിന്റെ കാലഘട്ടത്തിൽ സ്വീകരിച്ച നിലപാട് സർക്കാർ അഭിഭാഷകൻ കോടതിയിൽ പറയുകയായിരുന്നു എന്നുവേണമെങ്കിൽ പറയാം. അങ്ങിനെയൊക്കെ പതിവുണ്ടുതാനും. പക്ഷെ ഇക്കാര്യത്തിൽ അതിനു ഒരു സാധ്യതയുമില്ല. പ്രത്യേകിച്ചു എം കെ ദാമോദരനെതിരെ രൂക്ഷ വിമർശനവുമായി വിഎസിന്റെ അഭിഭാഷകൻ കോടതിയിലെത്തിയത് കാണുമ്പോൾ. നിശ്ചയിച്ചുറച്ച ഒരു നീക്കമായിരുന്നു വിഎസിന്റേത് എന്നത് അതിൽനിന്നു വ്യക്തമാണല്ലോ. മറ്റൊന്ന്, പാർട്ടി തലത്തിൽ ആലോചിക്കാതെ എം കെ ദാമോദരനെ മുഖ്യമന്ത്രീയുടെ നിയമോപദേഷ്ടാവായി നിയമിക്കാൻ ഒരുസാധ്യതയുമില്ല എന്നത് അറിയാത്ത ആളല്ല വിഎസ് എന്നതും കാണാതെ പൊയ്‌ക്കൂടാ. അത്തരമൊരു തീരുമാനത്തെ തന്നെ പരസ്യമായി കോടതിയിൽ ചോദ്യം ചെയ്യാൻ തയ്യാറായത് മനഃപൂർവമാണ് എന്നല്ലേ കരുതേണ്ടത്. അതു താൻ മുൻപേ കൊടുത്ത ഹർജിയാണ് എന്നോ അതുകൊണ്ടാണ് അങ്ങിനെ സംഭവിച്ചത് എന്നോ മറ്റും പറഞ്ഞൊഴിയാൻ അദ്ദേഹത്തിന് വിഷമമാവും. മാത്രമല്ല, ഇന്നാണ് വിധിവന്നത്. കഴിഞ്ഞ ദിവസങ്ങളിലാണ് ഹർജിയിൽ കോടതി വാദം കേട്ടത്. അതൊക്കെ പരിഗണിക്കുമ്പോൾ വിഎസ് പാർട്ടി നിലപാടിനെതിരെ പരസ്യമായി രംഗത്തുവരികയായിരുന്നു എന്നു കരുതാനും പറയാനും അവസരമൊരുങ്ങുന്നു.
ഇവിടെ ദാമോദരനെ എതിർക്കുക മാത്രമല്ല വിഎസ് ചെയ്തത്. ഐസ് ക്രീം പാർലർ കേസിൽ സിബിഐ അന്വേഷണം വേണമെന്ന നിലപാട് സ്വീകരിച്ചതും പ്രധാനമാണ്. സിബിഐ എന്നത് സിപിഎമ്മിന്റെ ഇന്നത്തെ നേതൃത്വത്തിന് ഒരു തലവേദനയാണ് എന്നത് മറന്നുകൂടാ. ഒരു കേസിലും സിബിഐ അന്വേഷണത്തിന് ആവശ്യം അവർ അടുത്തകാലത്തൊന്നും ഉന്നയിച്ചിട്ടുമില്ല. ബാർ കോഴ, സോളാർ തുടങ്ങിയ തട്ടിപ്പുകൾ സംബന്ധിച്ച പ്രശ്നമുയർന്നപ്പോൾ സിപിഐയെപോലുള്ള കക്ഷികൾ സിബിഐ അന്വേഷണം ആണ് വേണ്ടതെന്ന നിലപാട് സ്വീകരിച്ചതോർക്കുക. അവരിൽ ചിലർ ഹൈക്കോടതിയിലും ആ വാദഗതി ഉന്നയിച്ചു. പക്ഷെ സിപിഎം അന്നെല്ലാം എങ്ങും തൊടാത്ത ഒരു നിലപാടാണ് സ്വീകരിച്ചത്. കോടതിയുടെ നിരീക്ഷണത്തിൽ പോലീസിന്റെ അന്വേഷണം, ജുഡീഷ്യൽ അന്വേഷണം എന്നും മറ്റുമാണല്ലോ അവരന്നു പറഞ്ഞു നടന്നത്. കേരള പോലീസും വിജിലൻസും ചേർന്ന് ആ കേസുകൾ അട്ടിമറിക്കുന്നു എന്നതറിഞ്ഞുകൊണ്ടുതന്നെയാണ് അതിനവർ തയ്യാറായത്. ജുഡീഷ്യൽ അന്വേഷണം കൊണ്ടു ഒരു പ്രശ്നത്തിനും പരിഹാരമുണ്ടാവില്ല എന്നറിയാത്തവരല്ലല്ലോ സിപിഎംകാർ. ലാവ്‌ലിൻ മുതൽ ഷുക്കൂർ വധം വരെയുള്ള കുറെ കേസുകളിൽ സിബിഐ അന്വേഷണം വരികയും അതെല്ലാം സിപിഎമ്മിന്റെ താൽപര്യങ്ങൾക്കു വിരുദ്ധമായി തീരുകയും ചെയ്തതുകൊണ്ടാണ് അവർ അങ്ങിനെയൊരു സമീപനം കൈക്കൊണ്ടത് എന്നത് വ്യക്തമാണ്. എന്നാൽ പാർട്ടിയുടെ മനസും വികാരവും കണക്കിലെടുക്കാതെ, പിണറായി വിജയന്റെ വിശ്വസ്തരെ പ്രതിക്കൂട്ടിലാക്കാൻ വീണ്ടും സിബിഐയെ കൈപിടിച്ചു കൊണ്ടുവരാൻ വിഎസ് ശ്രമം നടത്തി എന്നത് പാർട്ടിക്ക് വലിയ വിഷമം തന്നെയാണ് സൃഷ്ടിക്കുക. അതു കേരളത്തിലെ സിപിഎമ്മിന് കാണാതെ പോകാനും കഴിയില്ല. ആലപ്പുഴ സംസ്ഥാന സമ്മേളനത്തിൽ നിന്നും ഇറങ്ങിപ്പോയ വിഎസിനെ എങ്ങിനെയും ഉൾക്കൊള്ളിച്ചു മുന്നോട്ടുപോകാനായി ഒരു ‘താക്കോൽ സ്ഥാനം’ സൃഷ്ടിക്കാനും അതിൽ ഇരുത്താനായി നിയമ ഭേദഗതി കൊണ്ടുവരാനുമൊക്കെ പാർട്ടിയും സർക്കാരും സജീവമായി ആലോചിക്കുകയാണിപ്പോൾ. അതിനിടെ ഇത്തരമൊരു പരിപാടിയുമായി വിഎസ് ഇറങ്ങി എന്നതും പ്രധാനവിഷയമാവും. അതിന്റെ പ്രതിധ്വനികൾ അടുത്ത ദിവസങ്ങളിൽ കാണുമെന്നു തീർച്ചയാണ്.
പൊതു പ്രശ്നത്തിൽ കോടതിയിൽ താൻ കേസ് നടത്തുന്നത് സ്വന്തം കാര്യമാണ് എന്നും മറ്റും വേണമെങ്കിൽ വിഎസിന് പറയാൻ കഴിഞ്ഞേക്കും. കേസിന്റെ നടത്തിപ്പിനായി താൻ പാർട്ടിയുടെ സഹായം തേടിയിട്ടില്ല, കേസ് താൻ തനിച്ചാണ് നടത്തുന്നത് എന്നുമൊക്കെ പറയാം. പികെ കുഞ്ഞാലിക്കുട്ടിക്ക് എതിരെയാണ് കേസെന്നും അതിൽ പാർട്ടിക്കെന്തിന് എതിർപ്പ് എന്നുമെല്ലാം വാദിക്കാൻ കഴിഞ്ഞേക്കും. പക്ഷെ, അതൊക്കെ ഇവിടെ പ്രസക്തമാവുന്നില്ല എന്നതാണ് കാര്യം. എം കെ ദാമോദരനെ പ്രതിക്കൂട്ടിലാക്കാൻ വിഎസ് ശ്രമിച്ചതോടെ ആ സംരക്ഷണം അദ്ദേഹത്തിന് ഇല്ലാതായി. എം കെ ദാമോദരൻ ഒരു വക്കീലും ഒരു മുൻ എ ജിയും മറ്റും മാത്രമാണ് എങ്കിൽ ഇതൊന്നും ഇത്ര പൊല്ലാപ്പാവുമായിരുന്നില്ല. എന്നതല്ല, അദ്ദേഹം മുഖ്യമന്ത്രിയുടെ നിയമോപദേഷ്ടാവാണ്; പാർട്ടി തീരുമാനിച്ച നിയമോപദേഷ്ടാവ്. അത്തരമൊരാൾക്കെതിരെ പരാതിയുണ്ടെങ്കിൽ വിഎസ് പറയേണ്ടത് പാർട്ടിക്കുള്ളിലാണ്.ദാമോദരന്റെ നിയമനത്തിനെ പോലും വേണമെങ്കിൽ പാർട്ടിക്കുള്ളിൽ അദ്ദേഹത്തിന് ചോദ്യം ചെയ്യാമായിരുന്നു. അതിനൊന്നും മുതിരാതെ, നേരിട്ടു കോടതിയെ സമീപിക്കുന്നത് പാർട്ടിസാധാരണ നിലക്ക് അംഗീകരിക്കാൻ വിഷമകരമാവും, സംശയമില്ല. പിന്നെ വിഎസ് എം കെ ദാമോദരന്റെ നിയമോപദേഷ്ടാവായുള്ള നിയമനത്തെ പാർട്ടിയിൽ എതിർത്തതായോ ചോദ്യം ചെയ്തതായോ ഇതുവരെ കേട്ടിട്ടില്ല. അങ്ങിനെ ചെയ്തിരുന്നുവെങ്കിൽ അതു പാർട്ടി ഒന്നുകിൽ നിരാകരിച്ചു, അല്ലെങ്കിൽ അവഗണിച്ചു. രണ്ടായാലും പാർട്ടി ഒരു തീരുമാനം സ്വീകരിച്ച സ്ഥിതിക്ക് അതിനെ പ്രതിക്കൂട്ടിലാക്കിയ നീക്കം അച്യുതാനന്ദന് തലവേദന തന്നെയാവും തീർക്കുക എന്നുവേണം കരുതാൻ.
Post Your Comments