ജനിച്ച എല്ലാവരും ഒരു ദിവസം മരിക്കും, അത് ജീവിതത്തില്‍ അധികമാരും ഓര്‍ക്കാന്‍ ഇഷ്ടപ്പെടാത്ത സത്യവുമാണ്. മരണാനന്തര ജീവിതത്തെക്കുറിച്ച് വിവിധ മതങ്ങളും വിശ്വാസ പ്രമാണങ്ങളും വ്യത്യസ്തമായി വിവരിച്ചിട്ടുണ്ട്. നിങ്ങളുടെ ആത്മാവിനെന്ത് സംഭവിക്കുമെന്ന് പറയാനാകില്ലെങ്കിലും ജീവന്‍ നഷ്ടമായ ശരീരത്തിന് എന്ത് സംഭവിക്കുന്നുവെന്ന് ശാസ്ത്രത്തിന് വ്യക്തമായി വിശദീകരിക്കാനാകും.
മരണത്തിന് ശേഷമുള്ള ശരീരത്തിന്റെ ഓരോ അവസ്ഥയും അത്ര സുന്ദരമല്ലെന്നും ശാസ്ത്രലോകം ഓര്‍മ്മിപ്പിക്കുന്നു. എന്ന് വിചാരിച്ച് മരണശേഷം ശരീരത്തിന് സംഭവിക്കുന്നതെല്ലാം ചീത്ത കാര്യങ്ങളുമല്ല. നിങ്ങളുടെ ശരീരഭാഗങ്ങള്‍ ഒരു പൂവായി ഭൂമിയില്‍ വിരിയാന്‍ പോലും സാധ്യതയുണ്ട്! ഭൂമിയില്‍ ഓരോ മിനിറ്റിലും നൂറ് മനുഷ്യര്‍ മരിക്കുന്നുണ്ടെന്നാണ് കണക്ക്.
ജീവന്‍ നഷ്ടമായി ആദ്യ സെക്കന്റുകളില്‍ തന്നെ ശ്വസനം നിലയ്ക്കുന്നതോടെ ശരീരത്തില്‍ നിന്നും ഓക്‌സിജന്‍ പൂര്‍ണ്ണമായും അപ്രത്യക്ഷമാകും. ഇത് തലച്ചോറിന്റെ പ്രവര്‍ത്തനങ്ങളെ നിശ്ചലമാക്കും. ന്യൂറോണുകളുടെ പ്രവര്‍ത്തനം നിലക്കുകയും ശരീരഭാഗങ്ങളിലേക്ക് ആവശ്യമായ ഹോര്‍മോണുകള്‍ അയക്കുന്നത് തലച്ചോറ് അവസാനിപ്പിക്കുന്നതോടെ അവയവങ്ങളുടെ പ്രവര്‍ത്തനവും പതിയെ നിലയ്ക്കും. എങ്കിലും ചിലതെല്ലാം മിനിറ്റുകള്‍ കൂടി പ്രവര്‍ത്തിക്കും.
ശവശരീരങ്ങള്‍ വിളര്‍ച്ച ബാധിച്ച പോലെ വെളുത്തിരിക്കുന്നത് ശ്രദ്ധിച്ചിട്ടില്ലേ, ഇതിന് കാരണം രക്തയോട്ടം നിലക്കുന്നതാണ്. ഹൃദയത്തിന്റെ പ്രവര്‍ത്തനം നിലച്ച് 15-20 മിനിറ്റിനുള്ളില്‍ തന്നെ രക്തയോട്ടം പൂര്‍ണ്ണമായി നിലക്കും. രക്തയോട്ടം നിലക്കുന്നതോടെ ഗുരുത്വാകര്‍ഷണത്തിന്റെ ഫലമായി രക്തം ശരീരത്തിന്റെ ഭൂമിയോട് ചേര്‍ന്ന് നില്‍ക്കുന്ന ശരീരഭാഗങ്ങളിലേക്ക് വന്നടിയും. ഇത്തരത്തില്‍ രക്തം വന്നടിയുന്ന ഭാഗങ്ങള്‍ പലപ്പോഴും ചുവന്നും ഇരുണ്ട നീല നിറത്തിലുമായി മാറും. മരണം സംഭവിച്ച് 12 മണിക്കൂറിനുള്ളില്‍ ഈ പ്രക്രിയ പൂര്‍ത്തിയാകും. മരണസമയം തിട്ടപ്പെടുത്തുന്നതിന് പോസ്റ്റുമോര്‍ട്ടം ചെയ്യുന്ന ഡോക്ടര്‍മാരെ സഹായിക്കുന്ന ഘടകങ്ങളിലൊന്നാണിത്.
ശരീരകോശങ്ങളില്‍ ഊര്‍ജ്ജം നഷ്ടമാവുകയും പലഭാഗങ്ങളില്‍ നിന്നും ചോര്‍ന്നെത്തുന്ന കാല്‍സ്യം മസിലുകളിലെത്തുകയും ചെയ്യുന്നതോടെ പ്രോട്ടീനുമായി ചേര്‍ന്ന് മസിലുകള്‍ വിറങ്ങലിക്കും. ശരീരത്തിലെ മസിലുകളുടെ ഈ മരവിപ്പ് 24 മുതല്‍ 48 മണിക്കൂര്‍ വരെ തുടരും. ഇതിനിടെ ശരീരം പതുക്കെ അഴുകി തുടങ്ങിയിരിക്കും. രക്തയോട്ടം നിലച്ചതോടെ കാര്‍ബണ്‍ഡൈ ഓക്‌സൈഡിന്റെയും കോശങ്ങളിലെ പിഎച്ചിന്റെയും അളവ് ഉയരും..
ദഹനേന്ദ്രിയങ്ങളിലെ അനേറോബിക്ക് ബാക്ടീരിയകളാണ് ശരീരം അഴുകുന്നതിന് നേതൃത്വം നല്‍കുന്നത്. ഇവക്ക് ജീവിക്കുന്നതിന് ഓക്‌സിജന്റെ ആവശ്യമില്ല. വയറ്റില്‍ നിന്നു തുടങ്ങി ശരീരത്തിന്റെ മറ്റു ഭാഗങ്ങളിലേക്ക് അനേറോബിക്ക് ബാക്ടീരിയകള്‍ വ്യാപിക്കും. ഇതോടെയാണ് അസഹ്യമായ ദുര്‍ഗന്ധം വമിക്കുന്നത്. ഈ മണം പുഴുക്കളേയും വണ്ടുകളേയും ഈച്ചകളേയുമെല്ലാം ആകര്‍ഷിക്കും.
അളിഞ്ഞു തുടങ്ങിയ ശരീരഭാഗങ്ങളില്‍ ഈച്ചകള്‍ മുട്ടയിടും. ഒരു ദിവസത്തിനുള്ളില്‍ ഈച്ചയുടെ മുട്ട വിരിയും. ഇവക്കുള്ള ഭക്ഷണമായി മനുഷ്യ ശരീരം മാറും. പുഴുക്കള്‍ക്ക് ശരീരത്തിലെ 60 ശതമാനം ഭാഗവും തിന്നുതീര്‍ക്കാന്‍ കുറച്ച് ആഴ്ചകള്‍ മതി. പുഴുക്കളുടെ തീറ്റയെ തുടര്‍ന്ന് ശരീരത്തിനുണ്ടാകുന്ന തുളകള്‍ വഴി വാതകങ്ങളും നീരുമെല്ലാം പുറത്തുപോകും. 20-50 ദിവസത്തിനുള്ളില്‍ ശരീരം ജലാംശം നഷ്ടപ്പെട്ട് ഉണങ്ങി തുടങ്ങും. ഇത് ഒരു വര്‍ഷം വരെയെടുക്കുന്ന പ്രക്രിയയാണ്.
ഇതിനിടെ ശരീരഭാഗങ്ങള്‍ ചെടികളും മറ്റു മൃഗങ്ങളുമെല്ലാം ഭക്ഷണമാക്കാനും സാധ്യതയുണ്ട്. വര്‍ഷങ്ങള്‍ക്കൊടുവില്‍ എല്ല് മാത്രം അവശേഷിക്കാം. ശവസംസ്‌ക്കാരം നടത്താതെ മറ്റ് രാസലായനികളൊന്നും ഉപയോഗിക്കാതെ സ്വാഭാവികമായി ശവശരീരത്തെ ഭൂമിയില്‍ വിട്ടാല്‍ മാത്രമാണ് ഇത് സംഭവിക്കുക. അതുവരെ നമ്മുടെ ശരീരത്തിന്റെ ഭാഗമായിരുന്ന പല തന്മാത്രകളും പ്രകൃതിയിലേക്ക് മടങ്ങും.
Post Your Comments