ന്യൂഡല്‍ഹി : ബംഗ്ലദേശ് തലസ്ഥാനമായ ധാക്കയില്‍ ഇസ്‌ലാമിക് സ്റ്റേറ്റ് (ഐ.എസ്) ഭീകരര്‍ നടത്തിയ ആക്രമണത്തെ ഇന്ത്യ കാണുന്നത് അതീവ ഗൗരവത്തോടെ. ഐ.എസിന്റെ പ്രവര്‍ത്തനം ഇന്ത്യയിലും വ്യാപിക്കാനിടയുണ്ട് എന്നുതന്നെ കേന്ദ്ര രഹസ്യാന്വേഷണ ഏജന്‍സികള്‍ മുന്നറിയിപ്പു നല്‍കുന്നു. ഐ.എസിന്റെ അനുയായികളെ ഇന്ത്യയില്‍ നിന്ന് അറസ്റ്റ് ചെയ്തതും, ഗള്‍ഫ് രാഷ്ട്രങ്ങളില്‍ നിന്ന് ഐ.എസ്.അനുഭാവികളെ ഇന്ത്യയിലേയ്ക്ക് തിരിച്ചയച്ചതും ഐ.എസ്. ഇന്ത്യയില്‍ ശക്തി പ്രാപിച്ചുവെന്നതിന് തെളിവുകളാണ്. മാത്രമല്ല ബംഗ്ലാദേശ്, മ്യാന്‍മര്‍, ഇന്ത്യ, പാക്കിസ്ഥാന്‍ എന്നിവിടങ്ങളില്‍ തങ്ങളുടെ പ്രവര്‍ത്തനം വ്യാപിപ്പിക്കുകയാണെന്നു രണ്ടു മാസം മുന്‍പ് ഐ.എസിന്റെ ബംഗ്ലദേശിലെ തലവന്‍ അമീര്‍ ഷായാഖ് അബു ഇബ്രാഹിം അല്‍ ഹൈഫ് പ്രഖ്യാപിച്ചിരുന്നു.
ഇന്ത്യയില്‍ ദേശീയ അന്വേഷണ ഏജന്‍സി ഇക്കഴിഞ്ഞ നാലു മാസത്തിനിടെ ഇസ്‌ലാമിക് സ്റ്റേറ്റുമായി ബന്ധപ്പെട്ട നാല്‍പതു പേരെയാണ് അറസ്റ്റ് ചെയ്തത്. ഇന്ത്യയില്‍ നിന്ന് 23 പേര്‍ ഐ.എസില്‍ ചേരാനായി സിറിയയില്‍ പോയിട്ടുണ്ടെന്നും എന്‍.ഐ.എ കണ്ടെത്തിയിട്ടുണ്ട്. ഏറ്റവും ഒടുവില്‍ നാലു ദിവസം മുന്‍പു ഹൈദരാബാദില്‍ നടത്തിയ റെയ്ഡില്‍ 11 പേരെയാണു പിടികൂടിയത്. ഇവര്‍ തൊട്ടടുത്ത ദിവസംതന്നെ ഹൈദരാബാദ് നഗരത്തില്‍ സ്‌ഫോടനം നടത്താനുള്ള തയാറെടുപ്പിലായിരുന്നു.
ഇതുവരെ അറസ്റ്റിലായവരില്‍ നിന്നുള്ള വിവരം അനുസരിച്ച് ഇന്ത്യയില്‍ പ്രവര്‍ത്തിക്കുന്ന ഐ.എസ് തീവ്രവാദികള്‍ക്കു രണ്ടു പേരാണു നേതൃത്വം നല്‍കുന്നത്. സിറിയയില്‍ നിന്നു യൂസഫ് അല്‍ ഹിന്ദിയും ഷാഫി അര്‍മാറും. ഇന്ത്യയിലെ ഐ.എസ് പ്രവര്‍ത്തനം വിശദീകരിക്കാന്‍ രണ്ടു മാസം മുന്‍പ് 15 മിനിറ്റുള്ള വിഡിയോ ഇവര്‍ പുറത്തുവിട്ടിരുന്നു. ഇന്ത്യക്കാരായ ആറ് ഐ.എസ് ഭീകരരെയാണ് ഈ വിഡിയോയില്‍ കാണിച്ചിരുന്നത്. ബാബറി മസ്ജിദ് തകര്‍ത്തതിനും കശ്മീര്‍ ഇപ്പോഴും കൈവശം വയ്ക്കുന്നതിനും ഇന്ത്യയോടു പ്രതികാരം ചെയ്യുക എന്നാണ് ഈ വീഡിയോ ആഹ്വാനം ചെയ്യുന്നത്.
ബംഗ്ലാദേശില്‍ നിന്ന് ഇന്ത്യയിലേക്കുള്ള മുസ്‌ലിം കുടിയേറ്റം തീവ്രവാദികള്‍ക്ക് ഇന്ത്യയിലേക്ക് പ്രവര്‍ത്തനം വ്യാപിപ്പിക്കാന്‍ ഇത് എല്ലാ സൗകര്യവും ഒരുക്കുന്നു. രാജ്യത്തു നേരത്തേ പല ഭീകരപ്രവര്‍ത്തനങ്ങളും നടത്തിയ ലഷ്‌കറെ തയിബ, ഇന്ത്യന്‍ മുജാഹിദ്ദീന്‍, സിമി തുടങ്ങിയ വിഭാഗങ്ങളുമായി ഇസ്‌ലാമിക് സ്റ്റേറ്റിനു ബന്ധമുണ്ടോ എന്നതും വ്യക്തമല്ല. ഇക്കാരണങ്ങളാല്‍ ഇന്ത്യ ഐ.എസിന്റെ നോട്ടപ്പുള്ളിയാണെന്ന് ഇന്റലിജെന്റ്‌സിന് നേരത്തെ വിവരം ലഭിച്ചിരുന്നു. ഇപ്പോള്‍ ധാക്കയില്‍ നടന്ന ആക്രമണം ഇതിന് ആക്കം കൂട്ടുകയാണ്
Post Your Comments