പഞ്ചാബില്‍ ഈയിടെ വിവാദം സൃഷ്ടിച്ച വിശുദ്ധ ഖുര്‍ആനെ അപമാനിച്ച സംഭവത്തില്‍ മെഹ്റോലിയില്‍ നിന്നുള്ള ആം ആദ്മി പാര്‍ട്ടി എം.എല്‍.എ നരേഷ് യാദവിനെതിരെ എഫ്.ഐ.ആര്‍. ആം ആദ്മി പാര്‍ട്ടി നേതാവ് അരവിന്ദ് കെജ്രിവാളിന്‍റെ ത്രിദിന പഞ്ചാബ് സന്ദര്‍ശനം ഇന്ന്‍ തുടങ്ങാനിരിക്കെയാണ് പാര്‍ട്ടിക്ക് തിരിച്ചടിയാകാവുന്ന ഈ സംഭവം ഉണ്ടായത്.
വിശുദ്ധഗ്രന്ഥത്തെ അപമാനിച്ച സംഭവത്തിലെ സൂത്രധാരന്‍ വിജയ് കുമാറിന്‍റെ മൊഴിയില്‍ നരേഷ് യാദവ് പറഞ്ഞതനുസരിച്ചാണ് താന്‍ ഈ പ്രവര്‍ത്തി ചെയ്തതെന്നും, ഇതിനായി യാദവ് തനിക്ക് 1-കോടി രൂപ വാഗ്ദാനം ചെയ്തിരുന്നതായും പറഞ്ഞതനുസരിച്ചാണ് ഇപ്പോള്‍ സംഗ്രൂര്‍ പോലീസ് എഫ്.ഐ.ആര്‍ തയാറാക്കിയിരിക്കുന്നത്.
ഈ സംഭവുമായി ബന്ധപ്പെട്ട് വിജയ് കുമാര്‍, നന്ദ് കിഷോര്‍ ഗോള്‍ഡി, ഗൗരവ് എന്നിങ്ങനെ മൂന്നു പേരെ പോലീസ് കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്. ദീനാനഗറിലും പത്താന്‍കോട്ടിലും ഉണ്ടായ ഭീകരാക്രമണങ്ങള്‍ക്ക് പ്രതികാരമായാണ് താന്‍ ഈ പ്രവര്‍ത്തിക്ക് മുതിര്‍ന്നതെന്ന്‍ വിജയ് കുമാര്‍ പറഞ്ഞതായും പോലീസ് അവകാശപ്പെട്ടു.
പത്താന്‍കോട്ട് വി.എച്ച്.പി ഘടകവുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്ന നന്ദ് കിഷോറിനേയും, മകന്‍ ഗൗരവിനേയും ഇതുസംബന്ധിച്ച ഗൂഡാലോചനയില്‍ സഹായികളായി കൂടെക്കൂട്ടുകയായിരുന്നു വിജയ് കുമാര്‍. വിജയ് കുമാറിന്‍റെ പേരിലുള്ള ഒരു ഓഡി കാറിന്‍റെ പിന്‍സീറ്റില്‍ നിന്ന്‍ വിശുദ്ധഗ്രന്ഥത്തിന്‍റെ കീറിയ പേജുകളും പോലീസ് കണ്ടെടുത്തിട്ടുണ്ട്.
ജൂണ്‍ 24-ആം തീയതി രാത്രിയിലാണ് മലേര്‍കോട്ലയിലെ ഖന്ന റോഡിന് സമീപമുള്ള ഒരു ഓടയോട് ചേര്‍ന്ന് കീറിയിട്ട നിലയില്‍ വിശുദ്ധഗ്രന്ഥത്തിന്‍റെ താളുകള്‍ പ്രദേശവാസികള്‍ കണ്ടത്. ഇതേത്തുടര്‍ന്ന്‍ മലേര്‍കോട്ലയില്‍ സംഘര്‍ഷം ഉടലെടുത്തിരുന്നു. പോലീസും ജനക്കൂട്ടവുമായി വെടിവയ്പ്പ് ഉള്‍പ്പെടെയുള്ള അവസ്ഥയിലേക്ക് സംഘര്‍ഷം വളര്‍ന്നിരുന്നു. ജനക്കൂട്ടം ഭരണകക്ഷി’യായ അകാലി ദളിന്‍റെ എം.എല്‍.എ. ഫര്‍സാനാ ആലത്തിന്‍റെ വീടിന് തീയിടുകയും ചെയ്തിരുന്നു.
ജൂണ്‍ 24-ന് ഡല്‍ഹിയില്‍ നിന്ന്‍ മലേര്‍കോട്ലയിലേക്ക് തിരിക്കുന്നതിനു മുമ്പ് താന്‍ നരേഷ് യാദവുമായി കൂടിക്കാഴ്ച്ച നടത്തിയിരുന്നു എന്നാണ് വിജയ് കുമാര്‍ തന്‍റെ മൊഴിയില്‍ പറയുന്നത്. ഒരു ഹിന്ദുമതഗ്രന്ഥവും ഇത്തരത്തില്‍ കീറി താളുകള്‍ പൊതുവഴിയില്‍ ഉപേക്ഷിക്കാനുള്ള പദ്ധതിയും ഉണ്ടായിരുന്നതായി വിജയ് കുമാര്‍ പറഞ്ഞു. ഇതിലൂടെ പഞ്ചാബില്‍ വിവിധ വിഭാഗങ്ങള്‍ തമ്മില്‍ മതസ്പര്‍ദ്ധ വളര്‍ത്തി ജനങ്ങളെ സംസ്ഥാന ഗവണ്മെന്‍റിനെതിരായി തിരിക്കാനായിരുന്നു ഇവര്‍ ലക്ഷ്യമിട്ടിരുന്നത്.
നരേഷ് യാദവ് 1-കോടി രൂപ വാഗ്ദാനം ചെയ്തിരുന്നെങ്കിലും പണമൊന്നുംതന്നെ ഇതുവരെ ലഭിച്ചിട്ടില്ല എന്നും വിജയ് കുമാര്‍ തന്‍റെ മൊഴിയില്‍ പറഞ്ഞു.
2017-ലെ പഞ്ചാബ് നിയമസഭാ തിരഞ്ഞെടുപ്പ് ആം ആദ്മിക്ക് ഏതു ഹീനമാര്‍ഗ്ഗം ഉപയോഗിച്ചും വിജയിച്ചേ തീരൂ എന്ന്‍ നരേഷ് യാദവ് തന്നോടു പറഞ്ഞതായും വിജയ് കുമാര്‍ വെളിപ്പെടുത്തി.
ഈ ഖുര്‍ആന്‍ പദ്ധതി വിജയകരമായി പൂര്‍ത്തിയാക്കിയാല്‍ തുടര്‍ന്നും ഇതുപോലുള്ള പദ്ധതികള്‍ കൊടുക്കാമെന്ന്‍ നരേഷ് യാദവ് പറഞ്ഞതായും വിജയ് കുമാര്‍ പോലീസിനോട് പറഞ്ഞു.
രാഷ്ട്രീയ ഗൂഡാലോചനയുടെ ഭാഗമായാണ് തങ്ങളുടെ എം.എല്‍.എയെ ഈ കേസില്‍ ഉള്‍പ്പെടുത്തിയതെന്നായിരുന്നു ആം ആദ്മി പാര്‍ട്ടിയുടെ പ്രതികരണം.
Post Your Comments