ചെന്നൈ: ഇൻഫോസിസ് ജീവനക്കാരിയായിരുന്ന സ്വാതിയെ പട്ടാപ്പകൽ വെട്ടിനുറുക്കിയതിനു കാരണം പ്രണയാഭ്യര്‍ത്ഥന സ്വീകരിക്കാത്തതിനാലെന്ന് പ്രതി. പ്രതിയായ രാംകുമാര്‍ ഇത് സമ്മതിച്ചു. കൊലയ്ക്കു ശേഷം കടന്നു കളഞ്ഞ രാംകുമാറിനെ തിരുനെൽവേലിയിലെ ലോഡ്ജിൽ നിന്നുമാണ് അറസ്റ്റ് ചെയ്തത്. ഇയാളും ടെക്കിയാണ്. സ്വാതിയുടെ വീടിനു സമീപം കുറച്ചു കാലം രാംകുമാര്‍ താമസിച്ചിരുന്നു. ഇക്കാലത്താണ് രാംകുമാറിന് സ്വാതിയോട് പ്രണയം തോന്നിയതെന്നും പൊലീസ് പറയുന്നു.
പ്രണയാഭ്യർത്ഥന നിരസിച്ച സ്വാതിയോടു രാംകുമാറിനു പകയായി. കൊല്ലപ്പെട്ട അന്നും രാംകുമാർ പ്രണയം തുറന്നു പറയാനാണ് നുങ്കമ്പാക്കം റെയിൽവെ സ്റ്റേഷനിലെത്തിയത്. നുങ്കമ്പാക്കം റെയിൽവെ സ്റ്റേഷനിൽ ട്രെയിൻ കാത്തുനിന്ന സ്വാതിയുടെ അടുത്തെത്തി പ്രതി തന്റെ ഇഷ്ടം അറിയിച്ചു. എന്നാൽ, പതിവു പോലെ സ്വാതി ഇഷ്ടം നിരസിച്ചു. ഇതിന്റെ പേരിൽ ഇരുവരും തമ്മിൽ വാഗ്വാദത്തിലേർപ്പെട്ടു. വാഗ്വാദത്തിനിടയിൽ ബാഗിൽ നിന്നും കത്തിയൂരി സ്വാതിയുടെ കഴുത്തിലും മുഖത്തും കുത്തുകയായിരുന്നു. സ്വാതി നിലത്ത് വീണപ്പോൾ സ്ഥലത്തു നിന്നും ഇയാൾ ഓടി രക്ഷപ്പെടുകയും ചെയ്തിരുന്നു.
കഴിഞ്ഞ വെള്ളിയാഴ്ചയാണ് 24 കാരിയായ സ്വാതി ഓഫീസിലേക്ക് പോകാന്‍ ട്രെയിന്‍ കാത്തുനില്‍ക്കവെ നുഗംബാക്കം റെയില്‍വെ സ്റ്റേഷനില്‍ വെച്ച് മൃഗീയമായി കൊലചെയ്യപ്പെട്ടത്. പ്ലാറ്റ്ഫോമില്‍ നില്‍ക്കുകയായിരുന്ന യുവതിയുടെ അടുത്തേക്ക് ട്രാവല്‍ ബാഗ് തൂക്കിയ യുവാവ് നടന്നെത്തുകയും അവര്‍ തമ്മില്‍ വാക്കുതര്‍ക്കമുണ്ടാവുകയും ചെയ്തു. വഴക്കിനിടെ പ്രതി യുവതിയെ വെട്ടിവീഴ്ത്തുകയായിരുന്നു.
Post Your Comments