Prathikarana Vedhi

ഹിന്ദുമതാചാരം പിന്തുടരുന്നവരെല്ലാം സംഘികളല്ല

ഹരി പത്തനാപുരം

യോഗ എന്നത് നരേന്ദ്രമോദിയോ, പിണറായി വിജയനോ, ഉമ്മന്‍ചാണ്ടിയോ കണ്ടുപിടിച്ച ഒന്നല്ല. പതജ്ഞലയോഗ സൂത്രം എന്ന ഗ്രന്ഥത്തിലാണ് യോഗയുടെ ക്രോഡീകരണം നടന്നിട്ടുള്ളത്. ആഗ്രന്ഥം ക്രോഡീകരിച്ചത് യെച്ചൂരിയോ, രാഹുല്‍ ഗാന്ധിയോ, അമിത് ഷായോ അല്ല…പതജ്ഞലി മഹര്‍ഷി എന്ന ഋഷി വര്യനാണ്. പറഞ്ഞു വന്നത് യോഗയില്‍ ഒരു ഹിന്ദുത്വം ഉണ്ട് എന്ന് തന്നെയാണ്…പക്ഷേ അത് സംഘപരിവാര്‍ സംഘടനകള്‍ വിഭാവനം ചെയ്യുന്ന ഹിന്ദുത്വമല്ല…യോഗ അനുഷ്ഠിക്കേണ്ടത് ഹിന്ദുക്കള്‍ മാത്രമാണെന്ന് എവിടെയും പറഞ്ഞിട്ടില്ല. എല്ലാ ജാതി മതസ്തര്‍ക്കും അത് അനുഷ്ടിക്കാം…പക്ഷേ മഹാഋഷീശ്വര•ാര്‍ ശരീരത്തെയും മനസിനെയും ഏകാഗ്രമാക്കാന്‍ രൂപീകരിച്ച സാധനയാണ് ഇതെന്നത് മറക്കാതിരിക്കാം.

ഈ കഴിഞ്ഞ യോഗദിനത്തില്‍ ”ശ്ലോകം” ചൊല്ലിയതുമായി ബന്ധപ്പെട്ട് ഒരു വിവാദം ഉണ്ടായിരുന്നല്ലോ…സംസ്‌കൃതത്തില്‍ എന്തെങ്കിലും കേട്ടാല്‍ അത് സംഘി മുദ്രാവാക്യമാണെന്ന് ചിന്തിക്കുന്ന ശൈലജ ടീച്ചറുടെ ”വിവരദോഷം” കൊണ്ട് നേട്ടമുണ്ടാക്കിയത് സംഘപരിവാര്‍ സംഘടനകളാണ്. ഇത്രയും കാലം യോഗ അനുഷ്ടിച്ചു വന്നിരുന്ന മുസ്ലിം, ക്രിസ്ത്യന്‍ സഹോദരങ്ങള്‍ക്ക് തോന്നാതിരുന്ന വര്‍ഗ്ഗീയത എന്തിനാണ് ശൈലജ ടീച്ചര്‍ കുത്തിപ്പൊക്കിയതെന്ന് മാത്രം മനസ്സിലാകുന്നില്ല.

ഇത് വായിക്കുന്ന ശൈലജ ടീച്ചറെ പിന്തുണയ്ക്കുന്നവര്‍ ഒന്നോര്‍ക്കുക ഹിന്ദുക്കള്‍ എന്നാല്‍ സംഘപരിവാറുകാരല്ല. മഹത്തായ ഹിന്ദുധര്‍മം ഉയര്‍ത്തിപ്പിടിക്കുന്നവര്‍ എന്തു പറഞ്ഞാലും അവര്‍ സംഘികളാണെന്ന് മുദ്രകുത്തുന്ന രീതി ‘ മലര്‍ന്നു കിടന്നു തുപ്പുന്നതിന് ‘ തുല്യമായി തീരുകയേ ഉള്ളൂ. യോഗ തുടങ്ങുന്നതിന് മുന്‍പ് ശ്ലോകം ചൊല്ലിയത് കൊണ്ട് അവിടെ കൂടിയിരുന്ന മറ്റ് മതസ്ഥര്‍ക്ക് മതപരിവര്‍ത്തനമൊന്നും വന്നിട്ടില്ല…വരികയുമില്ല.

ഞാനടക്കമുള്ള ഹിന്ദുമത വിശ്വാസികള്‍ ഇഫ്താര്‍ വിരുന്നുകളില്‍ പങ്കെടുക്കുന്നവരാണ്. നോമ്പു വിടുന്നതിന് മുന്‍പ് മുസ്ലീം സഹോദരങ്ങള്‍ നിസ്‌കരിക്കുമ്പോള്‍ ഞങ്ങളും കണ്ണടച്ച് പ്രാര്‍ത്ഥനയില്‍ മുഴുകാറുണ്ട്. ഞങ്ങള്‍ക്കൊന്നും വര്‍ഗ്ഗീയ ചിന്ത വന്നിട്ടില്ല. താങ്കളുടെ നേതാക്കള്‍ കഴിഞ്ഞ തവണത്തെ യുഡിഎഫ് സര്‍ക്കാരിലെ മന്ത്രിമാര്‍ നടത്തിയ ഇഫ്താര്‍ വിരുന്നില്‍ പങ്കെടുത്തിട്ടുണ്ട്. അവിടെ മതപരമായ നമസ്‌കാരം നടന്നിട്ടുണ്ട്, അന്നൊന്നും അവര്‍ക്കും ഒരിക്കലും ഞങ്ങള്‍ക്കും തോന്നാത്ത വര്‍ഗ്ഗീയത ശൈലജ ടീച്ചര്‍ക്ക് ഉണ്ടായെങ്കില്‍ ആര്‍ക്കാണ് മഞ്ഞപ്പിത്തം ബാധിച്ചിട്ടുള്ളതെന്ന് കേരള ജനതയ്ക്ക് തിരിച്ചറിയാന്‍ കഴിയും.

പൊതു പരിപാടിയില്‍ ഒരു വിഭാഗത്തിന്റെ പ്രചരണം നടത്തരുത് എന്ന കടുത്ത ചിന്ത ശൈലജ ടീച്ചര്‍ക്ക് വന്നിട്ടുണ്ടെങ്കില്‍ ചെറിയൊരു പോം വഴി പറഞ്ഞു തരാം. കേരളത്തില്‍ അങ്ങോളമിങ്ങോളം സര്‍ക്കാര്‍ പരിപാടികളുടേയും, സര്‍ക്കാര്‍ ഫണ്ട് ഉപയോഗിച്ച് നടപ്പാക്കിയ വികസന പരിപാടികളുടെയും ഉദ്ഘാടനം നടക്കുമല്ലോ..അവിടെയെത്തുന്ന നിങ്ങളുടെ മന്ത്രിമാര്‍ക്ക് നിങ്ങളുടെ ബഹുജന, യുവജന സംഘടനയുടെ അണികള്‍ മുദ്രാവാക്യം മുഴക്കാറുണ്ട്. എല്ലാ രാഷ്ട്രീയ വിശ്വാസികളും പങ്കെടുക്കുന്ന അത്തരം ചടങ്ങുകളില്‍ നിങ്ങളുടെ മന്ത്രിമാര്‍ക്ക് വേണ്ടി മുദ്രാവാക്യം(ശ്ലോകം) മുഴക്കുന്നത് തെറ്റല്ലേ…അത് ആദ്യം നിര്‍ത്തിപ്പിച്ച് ശൈലജ ടീച്ചര്‍ മാതൃക കാട്ടൂ…

 

 

shortlink

Related Articles

Post Your Comments

Related Articles


Back to top button