NewsIndia

ആദികുംഭേശ്വരരും മംഗളാംബികയും ഇവിടെ വാണരുളുന്നു

തമിഴ്നാട്ടിലെ കുംഭകോണത്താണ് ആദികുംഭേശ്വരരും, മംഗളാംബിഗൈ അമ്മനും വാണരുളുന്ന ആദികുംഭേശ്വരര്‍ ക്ഷേത്രം സ്ഥിതിചെയ്യുന്നത്. ഭഗവാന്‍ ശിവന്‍ ആദികുംഭേശ്വരരും, ദേവി പാര്‍വതി മംഗളാംബിഗൈ അമ്മനുമാണ് കുംഭകോണംകാര്‍ക്ക്. ശിവലിംഗരൂപത്തിലാണ് ആദികുംഭേശ്വരര്‍ പ്രതിഷ്ഠിക്കപ്പെട്ടിരിക്കുന്നത്. ഏഴാം നൂറ്റാണ്ടില്‍ എഴുതപ്പെട്ട തമിഴ് ശൈവപ്രമാണങ്ങള്‍ പ്രതിപാദ്യവിഷയമായുള്ള തേവാരം എന്ന കാവ്യത്തില്‍ ആദികുംഭേശ്വരരെപ്പറ്റി കവികളായ നായന്മാര്‍ വര്‍ണ്ണിക്കുന്നുണ്ട്. തേവാരത്തില്‍ പറയുന്ന “പാടല്‍ പെട്ര സ്ഥലങ്ങളില്‍” ഉള്‍പ്പെട്ടതാണ് ആദികുംഭേശ്വരര്‍.

30000-ത്തിലധികം ചതുരശ്രഅടി സ്ഥലത വ്യാപിച്ചാണ് ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. നാല് പ്രധാന ഗോപുരങ്ങള്‍ ഉള്ളതില്‍ ഏറ്റവും ഉയരമുള്ള ഗോപുരത്തിന് 128-അടി (39-മീറ്റര്‍) ഉയരമുണ്ട്. വിജയനഗര സാമ്രാജ്യകാലത്ത് പണികഴിപ്പിച്ച 16-തൂണുകള്‍ ഉള്ള വിശാലമായ ഹാളും ക്ഷേത്രത്തിന്‍റെ മറ്റൊരു സവിശേഷതയാണ്. ഇവിടെ 27നക്ഷത്രങ്ങളും അവയുടെ 12 രാശിചക്രങ്ങളും ഒറ്റക്കല്ലില്‍ കൊത്തിവച്ചിരിക്കുന്നത് അത്ഭുതത്തോടെ മാത്രമേ നോക്കിക്കാണാനാകൂ.

12 ഉത്സവങ്ങളുള്ള ആദികുംഭേശ്വരര്‍ ക്ഷേത്രത്തിലെ ഏറ്റവും പ്രധാനപ്പെട്ടത് മാസിമാഗം ഉത്സവമാണ്. തമിഴ്കലണ്ടറിലെ മാസി മാസത്തിലാണ് ഈ ഉത്സവം കൊണ്ടാടപ്പെടുന്നത്.

ഇപ്പോഴുള്ള ക്ഷേത്രഘടന 9-ആം നൂറ്റാണ്ടില്‍ ചോള രാജവംശത്തിന്‍റെ കാലത്താണ് പണികഴിപ്പിച്ചത്. 16-ആം നൂറ്റാണ്ടിലെ വിജയനഗര ഭരണകര്‍ത്താക്കളായിരുന്ന തഞ്ചാവൂര്‍ നായകന്മാര്‍ ചില പുതിയ കൂട്ടിച്ചേര്‍ക്കലുകളും നടത്തിയിട്ടുണ്ട്.

shortlink

Post Your Comments


Back to top button