കോട്ടയം ജില്ലയില്‍ രാമപുരം കരയില്‍ പദ്മനാഭ മാരാര്‍ ഒരു അത്ഭുതമാണ്.നാലുതലമുറകളുടെ ഓര്‍മ്മയില്‍ നിറഞ്ഞുനില്‍ക്കുന്ന ഒരു സംഗീതസാന്നിദ്ധ്യമാണ് ഇദ്ദേഹം.എട്ടാം വയസ്സില്‍ മാരാര്‍ ജീവിതത്തോട് ചേര്‍ത്തുവച്ച ഇടയ്ക്കയുടെ താളം ഈ ഗ്രാമത്തിന്‍റെ ഭാഗമായിട്ട് ഒരു നൂറ്റാണ്ടിലധികമാകുന്നു.
സോപാനസംഗീതരംഗത്തെ കേരളത്തിലെ തന്നെ ഏറ്റവും പ്രായം കൂടിയ വ്യക്തിയാണ് നൂറ്റിപ്പന്ത്രണ്ടാം വയസ്സിലേയ്ക്ക് കടക്കുന്ന ഈ മുത്തശ്ശന്‍.ഒരേ സ്ഥാപനത്തില്‍ ഏറ്റവും കൂടുതല്‍ കാലം ജോലി ചെയ്തതിന്റെ ലോക റെക്കോഡ് ഒരുപക്ഷെ ഇദ്ദേഹത്തെ തേടി വന്നേയ്ക്കാം.
രാമപുരം ശ്രീരാമ സ്വാമി ക്ഷേത്രം ചരിത്രപ്രസിദ്ധമാണ്. മഹാകവി രാമപുരത്തുവാര്യര്‍ ഈ ക്ഷേത്രത്തിലെ കഴകക്കാരനായിരുന്നു. പതിനേഴാം നൂറ്റാണ്ടില്‍ അദ്ദേഹം രചിച്ച ഒട്ടുമിക്ക കൃതികളുടെയും പശ്ചാത്തലം ഈ ക്ഷേത്രമായിരുന്നു.
നാലുതലമുറകളായി ഈ ഗ്രാമത്തിലെ ആളുകള്‍ ദിവസത്തില്‍ ആദ്യം കേള്‍ക്കുന്ന ശബ്ദങ്ങളില്‍ ഒന്ന്പത്മനഭമാരാരുടെ ഇടയ്ക്കയുടേതാണ്.പുലരുമ്പോള്‍ ശ്രീരാമസ്വാമിയുടെ നിര്‍മ്മാല്യത്തിന് കൊട്ടിപ്പാടിസേവയോടെയാരംഭിയ്ക്കുന്നു ഇദ്ദേഹത്തിന്റെ ഒരു ദിവസം.പിന്നീട് ദിവസം മുഴുവനും അമ്പലത്തില്‍ തന്നെയാണ്.
രാമപുരം കരയില്‍ ചെറുവള്ളില്‍ ശങ്കര മാരാരുടെയും പാര്‍വ്വതി വാരസ്യാരുടെയും മകനായി 1905 ജനുവരി ഒന്നിന് (1080 ധനു 18,ഞായര്‍) പുതുവര്‍ഷപ്പുലരിയിലാണ് ജനനം. എട്ടാം വയസ്സില്‍ അച്ഛന്‍ ശങ്കരമാരാരോടൊപ്പം എത്തിയതാണ് ക്ഷേത്രത്തില്‍.കഴകക്കാരനായി കൊട്ടിപ്പാടിസേവയുമായി ദീര്‍ഘമായ നൂറ്റിനാല് വര്‍ഷങ്ങള്‍.അതോടൊപ്പം പഞ്ചാരിയിലും പ്രഗത്ഭനാണ് ഇദ്ദേഹം.
നാലാം ക്ലാസ് വരെയേ വിദ്യാഭ്യാസമുള്ളൂ.കുറിച്ചിത്താനം പുതുശ്ശേരില്‍ മാരാത്ത് കൊച്ചുനാരായണ മാരാരില്‍ നിന്നും ക്ഷേത്രാചാരങ്ങളുടെ പ്രാഥമിക പാഠങ്ങള്‍.പാലാ കുഞ്ഞുണ്ണി മാരാരുടെ ശിഷ്യത്വത്തില്‍ വാദ്യോപകരണത്തില്‍ ഉപരിപഠനം.ഇത്രയുമാണ് മാരാരുടെ ഔദ്യോഗിക വിദ്യാഭ്യാസം. ആ കാലത്തൊക്കെ പത്മനാഭ മാരാരുടെ ചെണ്ടമേളം കേള്‍ക്കാന്‍ ദൂര ദേശങ്ങളില്‍ നിന്ന് പോലും ആളുകള്‍ എത്തിയിരുന്നു.
സംഗീത നാടക അക്കാദമി ഇദ്ദേഹത്തെ ഗുരുപൂജ പുരസ്ക്കാരം നല്‍കി ആദരിച്ചിരുന്നു.ചോറ്റാനിക്കര ട്രസ്റ്റിന്റെ ശാരദശ്ശത എന്ന പ്രത്യേക അംഗീകാരവും ലഭിച്ചു.ലോകറെക്കോഡില്‍ സ്ഥാനം നേടാനുള്ള ശ്രമങ്ങള്‍ ആരംഭിച്ചിട്ടുണ്ടെങ്കിലും പ്രായം തെളിയിയ്ക്കാന്‍ ആവശ്യമായ രേഖകളുടെ അഭാവം ഒരു വിലങ്ങുതടിയായി നില്‍ക്കുന്നുണ്ട്.
ഭാര്യ ഭാവാനിയമ്മ കുറച്ച് വര്‍ഷങ്ങള്‍ക്ക് മുന്‍പ് നിര്യാതയായി.നാല് മക്കളുണ്ട്.മാരാര്‍ തന്‍റെ സംഗീതപാരമ്പര്യം മക്കളിലേയ്ക്കും പകര്‍ന്നുനല്‍കിയിട്ടുണ്ട്. മകനും കൊച്ചുമകനുമെല്ലാം ആ സംഗീതസപര്യയുടെ തുടര്‍ച്ചയായി ക്ഷേത്രത്തില്‍ തന്നെയുണ്ട്.
പ്രായത്തിന്റെ ശാരീരിക അവശതകള്‍ കാരണം ഇപ്പോള്‍ വിശ്രമജീവിതത്തിലാണെങ്കിലും ക്ഷേത്രദര്‍ശനം മുടങ്ങാറില്ല.ആവുമ്പോഴെല്ലാം പത്മനാഭ മാരാര്‍ ഇപ്പോഴും ഇടയ്ക്ക കയ്യിലെടുക്കും.നൂറ്റാണ്ടിന് മുന്പ് ആത്മാവിനോട് ശ്രുതി ചേര്‍ത്ത ആ സ്വരം വീണ്ടും ഒന്നു കേള്‍ക്കാന്‍.
Post Your Comments