പാലക്കാട്: ഡല്‍ഹിയില്‍ ദാരുണമായി കൊല്ലപ്പെട്ടത് പത്തുദിവസം മുമ്പുവരെ നാട്ടില്‍ കളിച്ചുനടന്ന ബാലനാണെന്നു തിരിച്ചറിഞ്ഞപ്പോള്‍ കോട്ടായി നടുങ്ങി. കോട്ടായി ശാസ്തമംഗലം പ്രേംനിവാസില്‍ ഉണ്ണിക്കൃഷ്ണന്റെ മകനാണ് കൊല്ലപ്പെട്ട രജത്.
ഇക്കഴിഞ്ഞ 21 നാണ് രജത് അമ്മ കൃഷ്ണയ്ക്കും സഹോദരന്‍ രാജീവിനുമൊപ്പം ഡല്‍ഹിക്കു മടങ്ങിയത്. അമ്മയുടെയും അച്ഛന്റെയും വീടുകളിലായി രണ്ടാഴ്ചയിലേറെ താമസിച്ച ശേഷമായിരുന്നു മടക്കം. ഉണ്ണിക്കൃഷ്ണന്റെ മാതാപിതാക്കളായ നാരായണന്‍ നായരും പ്രേമലതയുമാണു കോട്ടായിയില്‍ താമസിക്കുന്നത്. വിദ്യാഭ്യാസ വകുപ്പില്‍നിന്നും വിരമിച്ചവരാണ് ഇരുവരും.
പേരക്കുട്ടിയുടെ മരണവാര്‍ത്ത കേട്ട് മനസ് മരവിച്ച വൃദ്ധദമ്പതികളെ എന്തുപറഞ്ഞ് ആശ്വസിപ്പിക്കണമെന്നറിയാതെ വീട്ടിലെത്തിയവരും കുഴങ്ങി. രജത് ശാന്ത സ്വഭാവമുള്ള കുട്ടിയാണെന്നും നാട്ടുകാരും സാക്ഷ്യപ്പെടുത്തുന്നു. നാരായണന്‍നായരുടെ അഞ്ച് മക്കളില്‍ നാലാമനാണു റിലയന്‍സ് കമ്പനിയില്‍ ഡെപ്യൂട്ടി മാനേജരായ ഉണ്ണികൃഷ്ണന്‍. ഡല്‍ഹിയില്‍ താമസിക്കുന്ന ഉണ്ണികൃഷ്ണന്‍ വര്‍ഷത്തില്‍ മൂന്നോ, നാലോ തവണ നാട്ടിലെത്തുക പതിവാണ്.
ഉണ്ണികൃഷ്ണന്റെ സഹോദരങ്ങളായ ജയപാലനും ലക്ഷ്മികാന്തനും ഡല്‍ഹി മയൂര്‍ വിഹാറിലാണ് താമസം. മറ്റു രണ്ടു സഹോദരങ്ങളായ മുരളീധരനും ദേവാനന്ദും വിദേശത്താണ്. ഡല്‍ഹിയിലെ കാലാവസ്ഥാനിരീക്ഷണ കേന്ദ്രത്തില്‍ ജോലിചെയ്യുന്ന ജയപാലന്‍ കോട്ടായിയിലെ വീട്ടിലുണ്ടായിരുന്നു. മരണവിവരം അറിഞ്ഞ് ഇവര്‍ ഡല്‍ഹിക്ക് മടങ്ങി.
രജത് ഉണ്ണിക്കൃഷ്ണനെ പാന്‍മസാല വില്‍പനക്കാര്‍ റോഡിലൂടെ വലിച്ചിഴച്ചു സമീപത്തെ പാര്‍ക്കിലെത്തിച്ചാണ് കൊലപ്പെടുത്തിയത്. ബുധനാഴ്ച വൈകിട്ട് നടന്ന സംഭവത്തില്‍ ഇന്നലെ രാവിലെ വരെയും കേസെടുക്കാത്തത് സ്ഥലത്ത് സംഘര്‍ഷാവസ്ഥ സൃഷ്ടിച്ചിരുന്നു. കുട്ടിയുടെ ബന്ധുക്കളുടെയും ഡല്‍ഹി മലയാളികളുടെയും പ്രതിഷേധങ്ങളെത്തുടര്‍ന്ന് ഉച്ചയ്ക്കുശേഷം പോലീസ് ഡെപ്യൂട്ടി കമ്മിഷണറുമായി നടത്തിയ ചര്‍ച്ചയ്‌ക്കൊടുവിലാണ് പോലീസ് കേസെടുത്തത്.
രജത്തിനേയും കൂട്ടുകാരേയും ആക്രമിച്ചതെന്നാണു പരാതി.
മയൂര്‍ വിഹാര്‍ ഫെയ്‌സ് 3 എം.ഐ.ജി. ഫഌറ്റ് 40 ബിയിലാണ് രജതിന്റെ കൂടുംബം താമസിക്കുന്നത്. നോയിഡയില്‍ റിലയന്‍സ് ഡെപ്യൂട്ടി മാനേജരായ ഉണ്ണികൃഷ്ണന്‍ കുടുംബമായി 25 വര്‍ഷമായി ഡല്‍ഹിയിലാണ് താമസം. രജത്തിന്റെ മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിനു ശേഷം ബന്ധുക്കള്‍ക്ക് വിട്ടുകൊടുത്തു. തുടര്‍ന്ന് ഗാസിപൂര്‍ ശ്മശാനത്തില്‍ സംസ്‌കരിച്ചു.
Post Your Comments