തിരുവനന്തപുരം: മെഡിക്കല്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യയുടെ മാനദണ്ഡങ്ങള്‍ പാലിച്ചില്ലെന്നാരോപിച്ച് യുഡിഎഫ് സര്‍ക്കാര്‍ അംഗീകാരം നല്‍കിയ പുതിയ മെഡിക്കല്‍ കോളജുകളുടെ അംഗീകാരം റദ്ദാക്കിയ സര്‍ക്കാര്‍ നടപടിയില്‍ പ്രതിഷേധിച്ച് പ്രതിപക്ഷം നിയമസഭാ കവാടത്തില്‍ കുത്തിയിരുപ്പ് പ്രതിഷേധം നടത്തി.ഈ വിഷയം ചൂണ്ടിക്കാട്ടി പ്രതിപക്ഷം കൊണ്ടുവന്ന അടിയന്തര പ്രമേയത്തിന് സ്പീക്കര്‍ അനുമതി നിഷേധിച്ചതോടെ പ്രതിപക്ഷം നിയമസഭയില്‍ നിന്ന് ഇറങ്ങിപ്പോവുകയും അംഗീകാരം നഷ്ടപ്പെട്ട മെഡിക്കല്‍ കോളജുകള്‍ സ്ഥിതി ചെയ്യുന്ന മണ്ഡലങ്ങളിലെ പ്രതിപക്ഷ എം.എല്‍.എമാര്‍ സഭാ കവാടത്തില്‍ കുത്തിയിരുപ്പ് പ്രതിഷേധം നടത്തുകയുമായിരുന്നു.
സര്‍ക്കാരിന്റെ തെറ്റായ ഈ തീരുമാനം അന്യ സംസ്ഥാന ലോബിയെ സഹായിക്കാനാണെന്ന് അടിയന്തര പ്രമേയത്തിന് അനുമതി തേടിയ മുന്‍ ആരോഗ്യ മന്ത്രി വി.എസ് ശിവകുമാര്‍ ആരോപിച്ചു. ആയിരത്തിലേറെ മെഡിക്കല്‍ സീറ്റുകളാണ് ഇതേതുടര്‍ന്ന് നഷ്ടമായത്.
ഏഴ് മെഡിക്കല്‍ കോളജിന് പൂര്‍ണമായും നാലെണ്ണത്തിന് ഭാഗികമായും അംഗീകാരം നഷ്ടപ്പെട്ടതായി ആരോഗ്യ മന്ത്രി കെ.കെ ശൈലജ സഭയെ അറിയിച്ചു. മെഡിക്കല്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യയുടെ മാനദണ്ഡങ്ങള്‍ കൃത്യമായി പാലിക്കാത്തതാണ് ഇതിന് കാരണമെന്നും അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കാതെ ദീര്‍ഘ വീക്ഷണമില്ലാതെ യു.ഡി.എഫ് സര്‍ക്കാര്‍ എടുത്ത നിലപാടാണ് പ്രതിസന്ധിക്ക് വഴിവെച്ചതെന്നും മന്ത്രി ആരോപിച്ചു.
Post Your Comments