ലണ്ടന്‍: തന്‍റെ ജീവന്‍ വരെ അപകടപ്പെട്ടേക്കാവുന്ന അവസരത്തിലും പെണ്‍കുട്ടികളുടെ വിദ്യാഭ്യാസാവകാശങ്ങള്‍ക്ക് വേണ്ടി താലിബാനോട് പോരാടി, അവരുടെ വെടിയുണ്ടകള്‍ ഏറ്റുവാങ്ങി, മരണത്തെ മുഖാമുഖം കണ്ടശേഷം ജീവിതത്തിലേക്ക് തിരിച്ചു വന്ന്, ലോകം മുഴുവന്‍, പെണ്‍കുട്ടികളുടെ വിദ്യാഭ്യാസത്തിനു വേണ്ടിയുള്ള പോരാട്ടത്തിന്‍റെ അമരക്കാരിയായി മാറിയ പാകിസ്ഥാനി ബാലിക മലാല യൂസഫ്സായി കോടീശ്വര ക്ലബ്ബില്‍. താലിബാന്‍ ആക്രമണത്തെ അതിജീവിച്ച് ലണ്ടനിലേക്ക് വന്ന ശേഷം നാല് വര്‍ഷത്തിനുള്ളിലാണ് മലാലയും കുടുംബവും ഈ നേട്ടം കൈവരിച്ചത്. തന്‍റെ ആത്മകഥയുടെ വില്‍പ്പനയും, ആഗോള പ്രസംഗവേദികളിലെ സാന്നിദ്ധ്യവുമാണ് ഈ നേട്ടം കൈവരിക്കാന്‍ മലാലയെ സഹായിച്ചത്.
18-കാരിയായ മലാല നോബല്‍ സമാധാന പുരസ്ക്കാരം ലഭിക്കുന്ന ലോകത്തെ ഏറ്റവും പ്രായം കുറഞ്ഞ വ്യക്തിയാണ്. ഒക്ടോബര്‍ 2012-ലാണ് പാകിസ്ഥാനിലെ സ്വാറ്റ് താഴ്വരയില്‍ വച്ച് സ്കൂള്‍ബസില്‍ വീട്ടിലേക്ക് മടങ്ങവേ താലിബാന്‍റെ വധശ്രമത്തെ മലാല നേരിട്ടതും അതിജീവിച്ചതും.
തലയ്ക്ക് വെടിയേറ്റ് ബ്രിട്ടനില്‍ ചികിത്സ തേടിയ മലാല, തുടര്‍ന്ന്‍ പെണ്‍കുട്ടികളുടെ വിദ്യാഭ്യാസാവകാശങ്ങളുടെ ഗ്ലോബല്‍ ചാമ്പ്യന്‍ ആയി മാറുകയായിരുന്നു. മലാല തന്‍റെ ഒരു പ്രസംഗത്തിന് ചാര്‍ജ് ചെയ്യുന്നത് $152,000 ആണ്.
മലാലയുടെ ആത്മകഥ “ഐ ആം മലാല” 2013-ലാണ് പുറത്തിറങ്ങിയത്. ബ്രിട്ടനില്‍ മാത്രം ആത്മകഥയുടെ 287,170 കോപ്പികള്‍ വിറ്റഴിഞ്ഞിട്ടുണ്ട്. ഇതില്‍ നിന്ന്‍ മലാലയ്ക്ക് 2.2-മില്ല്യണ്‍ പൗണ്ട് ലഭിച്ചു. ബ്രിട്ടനു വെളിയില്‍ “ഐ ആം മലാല”യുടെ 1.8-മില്ല്യണ്‍ കോപ്പികളാണ് വിറ്റുപോയത്.
വികസിത രാജ്യങ്ങളില്‍ പെണ്‍കുട്ടികളുടെ വിദ്യാഭ്യാസാവകാശങ്ങള്‍ സംരക്ഷിക്കുന്നതിനായി “മലാല ഫണ്ട്” എന്ന പേരിലുള്ള സംരഭവും മലാല തുടങ്ങിയിട്ടുണ്ട്. മലാലയുടെ ജീവിതകഥയുടെ അവകാശം സംരക്ഷിക്കുന്നതിനായി മലാലയുടെ കുടുംബം തന്നെ “സലര്‍സായി ലിമിറ്റഡ്” എന്ന പേരില്‍ 2013-ല്‍ ഒരു കമ്പനിയും ആരംഭിച്ചിട്ടുണ്ട്.
ലണ്ടന്‍ ആസ്ഥാനമായുള്ള സലര്‍സായി ലിമിറ്റഡിന്‍റെ ഉടമകള്‍ മലാലയും അച്ഛന്‍ സിയാവുദ്ദീന്‍ യൂസഫ്‌സായിയും, അമ്മ തൂര്‍ പെകായിയുമാണ്. ഓഗസ്റ്റ് 2015-ലെ കണക്കുകള്‍ അനുസരിച്ച് ഈ കമ്പനിയുടെ മൂല്യം 1.87-മില്ല്യണ്‍ പൗണ്ടാണ്.
Post Your Comments