Prathikarana Vedhi

ദൈവത്തിന്റെ സ്വന്തം നാട്ടില്‍ എന്ത് ചെയ്യണമെന്നറിയാതെ ദൈവം വിഷമിച്ചിരിക്കുന്നു

”ഓരോ ശിശുരോദനത്തിലും കേള്‍പ്പു ഞാന്‍

ഒരുകോടി ഈശ്വര വിലാപം
ഓരോ കരിന്തിരി കല്ലിലും കാണ്മു ഞാന്‍
ഒരു കോടി ദേവ നൈരാശ്യം
ജ്ഞാനത്തിനായ്‌ കൂമ്പിനില്‍ക്കുന്ന പൂവിന്റെ
ജാതി ചോദിക്കുന്നു വ്യോമസിംഹാസനം
ജീവന്റെ നീതിക്കിരക്കുന്ന പ്രാവിന്റെ
ജാതകം നോക്കുന്നു ദൈത്യന്യായാസനം
ശ്രദ്ധയോടന്നം കൊടുക്കേണ്ട കൈകളോ
അബ്ദിയില്‍ വര്‍ണ്ണവും പിത്തവും തപ്പുന്നു
ഉമിനീരില്‍ എരിനീരില്‍ എല്ലാം ദഹിക്കയാ-ണൂഴിയില്‍ ദാഹമേ ബാക്കി..”

കണ്ണൂർ ജില്ലയിലെ പിണറായിയിൽ കാർത്തിക് കെ. രാഹുൽ എന്ന അഞ്ചുവയസ്സുകാരൻ ബാലൻ ആക്രമിക്കപ്പെട്ടതു മുതല്‍ , ദളിതു യുവതികളേയും കൈക്കുഞ്ഞിനേയും വരെ കൽത്തുറങ്കിലടച്ചതും ഏറ്റവും ഒടുവിലായി പ്രാകൃതമതനിയമത്തിൻറെ പേരില്‍ പ്രാണജലംപോലും നിഷേധിക്കപ്പെട്ട് മലപ്പുറത്തെ മങ്കടയിൽ ഒരു ന്യൂനപക്ഷ സമുദായാംഗത്തെ മൃഗീയമായി തല്ലിക്കൊന്നതുവരെ, അശാന്തരൂപമാർന്ന സംഭവങ്ങളുടെ ഘോഷയാത്രയായിരുന്നു ദൈവത്തിൻറെ സ്വന്തം നാട്ടിൽ കഴിഞ്ഞ ഒന്നരമാസക്കാലം അരങ്ങേറിയത്. മധുസൂദനൻ നായരുടെ നാറാണത്തുഭ്രാന്തനിലെ വരികൾക്ക് അടിവരയിടുന്ന തിരക്കിലായിരുന്നു ഈ നാട്.
ഭരണംലഭിച്ചതിൻറെ അഹങ്കാരം തലയ്ക്കുകയറിയ ഒരു കൂട്ടർ നടത്തിയ അക്രമങ്ങൾക്ക് തുടക്കം കുറിയ്ക്കപ്പെട്ടത് കണ്ണൂർ ജില്ലയിലെ വിവിധപ്രദേശങ്ങളിലായിരുന്നു എന്നത് യാദൃശ്ചികമല്ല. തിരഞ്ഞെടുപ്പില്‍ തങ്ങളുടെ ആശയങ്ങൾക്ക് വിരുദ്ധമായി പ്രവർത്തിച്ചവരെ മുഴുവനും തിരഞ്ഞുപിടിച്ചു പ്രതികാരം ചെയ്യാൻ യാതൊരു മടിയുമില്ലായിരുന്നു അക്രമികൾക്ക്. സ്കൂൾ കുട്ടികളുടെ കൈതല്ലിയൊടിച്ചും വീടുകൾ തല്ലിപ്പൊളിച്ചും വളർത്തുമൃഗങ്ങളെ വരെ ആക്രമിച്ചു ”പുരയുടെചുറ്റും മണ്ടിനടന്ന്” പണ്ട് കുഞ്ചൻ നമ്പ്യാർ പറഞ്ഞ വിശന്നുവലഞ്ഞ നായരുടെ സ്വഭാവമായിരുന്നവർക്ക്. തൃശൂരിലും പാലക്കാട്ടും മലപ്പുറത്തും തിരുവനന്തപുരത്തുമെല്ലാം അക്രമങ്ങളുടെ ജില്ലാതല പരിപാടികൾക്ക് നേതൃത്വം നൽകിയതാകട്ടെ ജനപ്രതിനിധികൾ മുതൽ സംസ്ഥാന നേതാക്കള്‍ വരെ ആയിരുന്നു. പാലക്കാട് ജില്ലയിലെ നെല്ലായയിൽ സ്ഥലം എംഎൽഎ നിയമപാലകരോട് ആക്രോശിച്ച് നിയമത്തെ പരസ്യമായി വെല്ലുവിളിച്ചിട്ടും ഒരു കേസുപോലും ചാർജ്ജുചെയ്യാൻ കാക്കിയിട്ടവർക്കു പോലും ഭയമായിരിക്കുന്നു. മാധ്യമപ്രവർത്തകരെകൊണ്ട് പോലും രാഷ്ട്രീയനാടകം അഭിനയിപ്പിക്കാൻ ശ്രമിച്ചു പരാജയപ്പെട്ട കാഴ്ചയും മലയാളി തിരിച്ചറിയുന്നത് നാളുകൾ പിന്നിട്ടശേഷമായിരുന്നു.

തലശേരിയിലെ കുട്ടിമാക്കൂലിൽ തങ്ങളുടെ കുടുംബത്തെ ജാതിപരമായി അധിക്ഷേപിച്ച നേതാക്കളെ രണ്ടു ദളിത് യുവതികൾ പാർട്ടിഓഫീസിൽ കയറി ചോദ്യം ചെയ്തതിനെ നേരിട്ടരീതി മലയാളിയുടെ പൗരബോധത്തെ പോലും അപമാനിക്കുന്ന വിധത്തിലായിരുന്നു. ജാമ്യംപോലും നിഷേധിച്ച് രണ്ടു ദളിത് യുവതികളേയും ഒരു കൈക്കുഞ്ഞിനേയും കൽത്തുറങ്കിലടച്ച കാഴ്ച ആശങ്കയോടെയാണ് ഓരോ മലയാളിയും വീക്ഷിച്ചതെങ്കിൽ, സംസ്ഥാനത്തെ മുഖ്യമന്ത്രി പോലും പഴയ പാർട്ടി സെക്രട്ടറിയുടെ മാനസികാവസ്ഥയിലായിരുന്നു പ്രതികരിച്ചത്. ഒരുവശത്ത് ഉത്തരേന്ത്യയിലെ ദളിതനുവേണ്ടി കവലകൾ തോറും മനുഷ്യാവകാശം പ്രസംഗിക്കുകയും, സ്വന്തം നാട്ടിലെ ദളിതു സ്ത്രീകളേയും പിഞ്ചുകുഞ്ഞിനേയും വരെ രാഷ്ട്രീയവൈരത്തിൻറെ പേരില്‍ ജയിലിലടക്കുകയും ചെയ്ത ഇരട്ടത്താപ്പിനെ എത്ര ന്യായീകരിച്ചാലും കാലം പോലും മാപ്പു തരാത്ത പതാകമാണത്. ഏറ്റവും ഒടുവിലായി മലപ്പുറം ജില്ലയിലെ മങ്കടയിൽ ഒരു ചെറുപ്പക്കാരനെ സദാചാരവാദികളായ ഒരുകൂട്ടർ പരസ്യമായി തല്ലിക്കൊന്നിട്ടും പലർക്കും തികഞ്ഞ മൗനമാണ്. സ്വന്തം പ്രസ്ഥാനം പോലും മൗനത്തിൻറെ വാൽമീകത്തിലൊളിച്ചതു കണ്ട് ആ ചെറുപ്പക്കാരന്റെ ആത്മാവുപോലും പരിതപിക്കുന്നുണ്ടാവും. ഇന്നലെവരെ സദാചാരത്തിനെതിരെ സന്ധിയില്ലാ സമരം നടത്തിയവർ, മുഹമ്മദ് അഖ്ലാക്കെന്ന ഉത്തരേന്ത്യക്കാരൻ കൊല്ലപ്പെട്ട സമയത്ത് വാവിട്ടു നിലവിളിച്ചവരിന്ന്, സ്വന്തം നാട്ടിലൊരു ചെറുപ്പക്കാരനെ പ്രാണജലം പോലും നിഷേധിച്ച് മരണശിക്ഷ വിധിച്ചവരെയും അവരുടെ സംരക്ഷകരേയും മൗനമാചരിച്ചു സഹായിക്കുന്നത് കണ്ടില്ലെന്നു നടിക്കാനാവില്ല.

അശാന്തിയുടെ ഘോഷയാത്രകൾക്കിടയിൽ ശാന്തിമന്ത്രം ജപിച്ചു പ്രാർത്ഥിക്കാനും, നിത്യോപയോഗസാധനത്തിനു വിലകുതിക്കുന്നതു കണ്ട് ആശങ്കപ്പെടാനും, ഭരണപക്ഷ മന്ത്രിമാർ പറയുന്ന വിഡ്ഢിത്തങ്ങൾ കേട്ടു ചിരിക്കാനും ജനമെന്ന ഉപകരണം ഒരുഭാഗത്തും. കണ്ടില്ലെന്നു നടിച്ചു കഴിയുന്ന രാഷ്ട്രീയക്കാർ മറുഭാഗത്തും. ഇതിനിടയിലെവിടെ ദൈവത്തിൻറെ നാട്ടിലെ പാവം ‘ദൈവം’ എന്തുചെയ്യണമെന്നറിയാതെ വിഷമിച്ചിരിക്കയാകും.

shortlink

Related Articles

Post Your Comments

Related Articles


Back to top button